ഹൃദയംകൊണ്ട് പന്തുതട്ടി സെനെഗൽ നേടി. ലാറ്റിനമേരിക്കൻ വമ്പൻമാരായ ഇക്വഡോറിനെ ജീവൻമരണ പോരാട്ടത്തിൽ 2–-1ന് കീഴടക്കിയായിരുന്നു ആഫ്രിക്കൻ ചാമ്പ്യൻമാരുടെ പ്രീക്വാർട്ടറിലേക്കുള്ള കുതിപ്പ്. രണ്ടാംസ്ഥാനക്കാരായാണ് മുന്നേറ്റം. ലോകകപ്പിൽ പന്തുരുളുന്നതിന് തൊട്ടുമുമ്പ് പരിക്കുകാരണം ക്യാപ്റ്റൻ സാദിയോ മാനെയെ നഷ്ടമായ സെനെഗലിന്റെ അതിമനോഹരമായ തിരിച്ചുവരവായിരുന്നു ഖത്തറിൽ കണ്ടത്.
ജയംമാത്രം ലക്ഷ്യമിട്ടിറങ്ങിയ സെനെഗൽ തുടക്കത്തിൽ വിയർത്തു. ഖത്തറിനെ തകർത്തും ഡച്ചുകാരെ സമനിലയും തളച്ചുമാണ് ഇക്വഡോർ ആഫ്രിക്കൻ ചാമ്പ്യൻമാർക്കെതിരെ ഇറങ്ങിയത്. സമനിലമതിയായിരുന്നു എന്നെർ വലെൻഷ്യയുടെ സംഘത്തിന്.
കളത്തിൽ ആദ്യനിമിഷങ്ങളിൽ ഇക്വഡോറിനായിരുന്നു കളി നിയന്ത്രണം. ആറുതവണ ഷോട്ട് പായിച്ചു. പക്ഷേ, ലക്ഷ്യത്തിലേക്ക് മാത്രമെത്തിയില്ല. ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ പരീക്ഷിക്കാനുള്ള നീക്കങ്ങളുണ്ടായില്ല. മധ്യനിരയിൽ കളിചുരുങ്ങി. മുന്നേറ്റത്തിലേക്ക് പന്തൊഴുക്ക് നിലച്ചു. വലെൻഷ്യ ഒറ്റപ്പെട്ടു.
മറുവശത്ത് കിട്ടുന്ന അവസരങ്ങളിൽ സെനെഗൽ ആക്രമിച്ചു. ഇസ്മായിലസാറിനെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ നീക്കങ്ങൾ. ആദ്യപകുതിക്ക് തൊട്ടുമുമ്പായിരുന്നു പെനൽറ്റി. പന്തുമായി ബോക്സിൽക്കയറിയ സാറിനെ ഇക്വഡോർ പ്രതിരോധക്കാരൻ പീറോ ഹിൻകാപി വീഴ്ത്തി. റഫറി പെനൽറ്റി വിധിച്ചു. സാറിന്റെ കിക്കിനുമുന്നിൽ ഇക്വഡോർ ഗോൾകീപ്പർ ഹെർണൻ ഗാലിൻഡസിന് ഒന്നും ചെയ്യാനുണ്ടായില്ല.
രണ്ടാംപകുതിയിൽ ഇക്വഡോർ അൽപ്പംകൂടി ഒത്തിണക്കത്തോടെ കളിച്ചു. പെർവിസ് എസ്തുപിനാന്റെ ക്രോസിൽ മൈക്കേൽ എസ്ത്രാഡ തലവച്ചെങ്കിലും പുറത്തേക്കായി. തുടർന്നും കളി ഇക്വഡോർ നിയന്ത്രിച്ചു. മോയ്സെസ് കയ്സെദോയിലൂടെ ഇക്വഡോറിന്റെ തിരിച്ചടി. സെനെഗലിന്റെ ഹൃദയം തകർന്നു. മൂന്ന് മിനിറ്റിൽ അതിഗംഭീരമായി സെനെഗൽ തിരിച്ചുവന്നു. ക്യാപ്റ്റൻ കാലിദു കൗലിബാലിയുടെ കരുത്തിൽ സെനെഗൽ സ്വപ്നം വിടർന്നു. ഇഡ്രിസ ഗയെയുടെ ഫ്രീകിക്ക് പ്രതിരോധിക്കാൻ ഇക്വഡോർ കോട്ടയ്ക്ക് കളിയാതെപോയി. കൗലിബാലിയുടെ ആദ്യ രാജ്യാന്തര ഗോളായി ഇത്. റഷ്യൻ ലോകകപ്പിൽ ആഫ്രിക്കയിൽനിന്നുള്ള ഒരു ടീമിനും നോക്കൗട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
For more news update stay with actp news
Android App
Facebook
Twitter
Dailyhunt
Share Chat
Telegram
Koo App