ഫെബ്രുവരി 15-ന് കൊളംബോയിയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരെയുള്ള മത്സരമാണ് പാകിസ്ഥാൻ ബഹിഷ്കരിച്ചത്
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ. ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് പാക് സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. എന്നാൽ ഇന്ത്യക്കെതിരെയുള്ള നിർണ്ണായകമായ ഗ്രൂപ്പ് എ മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 7 മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് ടൂർണമെന്റ് നടക്കുക. ഫെബ്രുവരി 15-ന് കൊളംബോയിയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരെയുള്ള മത്സരമാണ് പാകിസ്ഥാൻ ബഹിഷ്കരിച്ചത്.
ഞായറാഴ്ച എക്സിൽ പങ്കുവെച്ച ഔദ്യോഗിക കുറിപ്പിലൂടെയാണ് ലോകകപ്പിൽ പങ്കെടുക്കാനുള്ള അനുമതി നൽകിയ കാര്യവും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന കാര്യവും പാകിസ്ഥാൻ സർക്കാർ സ്ഥിരീകരിച്ചത്.
ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ കാരണം 14 വർഷമായി ഉഭയകക്ഷി പരമ്പരകൾ നടക്കുന്നില്ലെങ്കിലും 2012 മുതൽ എല്ലാ ആഗോള ടൂർണമെന്റുകളിലും ഇരുടീമുകളെയും ഒരേ ഗ്രൂപ്പിലാണ് ഐസിസി ഉൾപ്പെടുത്താറുള്ളത്. എന്നാൽ പുതിയ തീരുമാനത്തോടെ 2010-ന് ശേഷം ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇല്ലാത്ത ആദ്യ ഐസിസി പുരുഷ ടൂർണമെന്റായി ഇത് മാറാൻ പോവുകയാണ്.
ഇന്ത്യ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാൻ. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടക്കുന്നത്. ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 10-ന് യുഎസ്എയുമായും 18-ന് നമീബിയയുമായും അവർ ഏറ്റുമുട്ടും. ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിച്ചാൽ രണ്ട് പോയിന്റുകൾ പാകിസ്ഥാന് നഷ്ടമാകും.
ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ പശ്ചാത്തലത്തിൽ പാക് ടീമിനെ അയക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി നേരത്തെ അറിയിച്ചിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ നടപടിയിൽ ഐസിസിക്ക് ഇരട്ടത്താപ്പാണെന്നും ഇന്ത്യയെ അവർ വഴിവിട്ട് സഹായിക്കുന്നുവെന്നും ലാഹോറിൽ നടന്ന വാർത്താ സമ്മേളനത്തിൽ നഖ്‌വി ആരോപിച്ചിരുന്നു.
ബംഗ്ലാദേശിനോട് കാണിച്ചത് അനീതിയാണെന്നും ലോകകപ്പിൽ തങ്ങളുടെ പങ്കാളിത്തം പാകിസ്ഥാൻ സർക്കാർ നിർദ്ദേശിക്കുന്നത് പോലെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി വിദേശയാത്ര കഴിഞ്ഞെത്തിയാൽ അന്തിമ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞ നഖ്‌വി, തങ്ങൾ അനുസരിക്കുന്നത് സർക്കാരിനെയാണെന്നും ഐസിസിയെ അല്ലെന്നും കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi
Feb 01, 2026 10:23 PM IST
ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും













