Last Updated:
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ അമ്മയുടെ കോൾ എടുക്കാൻ നിതീഷ് ഇടവേളയെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി
അമ്മയുടെ ഫോൺ കോൾ വന്നതിനെത്തുടർന്ന് വാർത്താസമ്മേളനം പാതിവഴിൽ നിർത്തി ഫോണെടുത്ത് ഇന്ത്യയുടെ യുവ ഓർറൌണ്ടർ നിതീഷ് കുമാർ റെഡ്ഡി. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (HPCA) സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം.
മത്സരത്തിന് ശേഷം എച്ച്.പി.സി.എ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ നിതീഷ് പങ്കെടുത്തിരുന്നു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിൽ താരത്തിന് അമ്മയുടെ ഫോൺ കോൾ വരികയും, അത് സ്വീകരിക്കുന്നതിനായി വാർത്താസമ്മേളനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ അമ്മയുടെ കോൾ എടുക്കാൻ നിതീഷ് ഇടവേളയെടുക്കുന്ന ദൃശ്യങ്ങൾ ബി.സി.സി.ഐ തങ്ങളുടെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ചിരുന്നു, ഇത് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ആദ്യ എകദിനത്തിൽ 7 വിക്കറ്റിന്റെ അനായാസ ജയമാണ് അഫ്ഗാനെതിരെ ഇന്ത്യ നേടിയത്.അഫ്ഗാനിസ്ഥാൻ മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 22.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.മത്സരത്തിൽ നിതീഷ് രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി.അഫ്ഗാൻ ഇന്നിംഗ്സിലെ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ സെഞ്ച്വറി നേടിയ റഹ്മാനുള്ള ഗുർബാസിനെ പുറത്താക്കിയാണ് ഈ ആന്ധ്രാപ്രദേശ് ക്രിക്കറ്റ് താരം തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
പിന്നീട് ഇരുപത്തിയൊന്നാം ഓവറിൽ മുഹമ്മദ് നബിയുടെ വിക്കറ്റും നിതീഷ് സ്വന്തമാക്കി. 51 പന്തിൽ 102 റൺസെടുത്ത ഗുർബാസിനെ നിതീഷ് ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു, എന്നാൽ നബിയെ അർഷ്ദീപ് സിംഗിന്റെ കൈകളിൽ എത്തിച്ചാണ് പുറത്താക്കിയത്.2025 ഒക്ടോബർ 19-ന് പെർത്തിൽ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു നിതീഷിന്റെ ഏകദിന അരങ്ങേറ്റം.
ഇന്ത്യൻ ചേസിംഗിൽ 66 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലാണ് തിളങ്ങിയത്. കെ.എൽ രാഹുൽ വെറും 19 പന്തിൽ 39 റൺസോടെ പുറത്താകാതെ നിന്നു. ഗിൽ തന്റെ ഇന്നിംഗ്സിൽ 11 ഫോറുകളും രണ്ട് സിക്സറുകളും അടിച്ചപ്പോൾ, രാഹുൽ നാല് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി. അസ്മത്തുള്ള ഒമർസായി എറിഞ്ഞ ഇരുപത്തിമൂന്നാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തിയാണ് രാഹുൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
ശുഭ്‌മൻ ഗില്ലായിരുന്നു കളിയിലെ താരം. ടീമിനെ വിജയത്തിലേക്ക് നയിച്ച അർദ്ധസെഞ്ച്വറി പ്രകടനത്തിന് പുറമെ, ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 3,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് പുസ്തകത്തിലും ഗിൽ ഇടംപിടിച്ചു. വെറും 63 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ വലംകയ്യൻ ബാറ്റർ ഈ നാഴികക്കല്ല് പിന്നിട്ടത്.
New Delhi,New Delhi,Delhi
അമ്മ വിളിച്ചാൽ പിന്നെ മറ്റൊന്നുമില്ല; വാർത്താസമ്മേളനം നിർത്തി ഫോണെടുത്ത് ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി













