ലോകകപ്പ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം | | ACTPnews

ദക്ഷിണ കൊറിയൻ ടീം


Last Updated:

ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താൻ ആരെങ്കിലും ഡ്രോൺ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ ഇത് എന്ന് വ്യക്തമല്ല

ദക്ഷിണ കൊറിയൻ ടീം
ദക്ഷിണ കൊറിയൻ ടീം

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ മെക്സിക്കോയും ദക്ഷിണ കൊറിയയും നേർക്കുനേർ വരാനിരിക്കെ നാടകീയ സംഭവങ്ങൾ. ഗ്വാഡലജാരയിലെ ദക്ഷിണ കൊറിയൻ ടീമിന്റെ ഔദ്യോഗിക പരിശീലന ക്യാമ്പിന് സമീപം അനുമതിയില്ലാതെ പറന്ന അജ്ഞാത ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവെച്ചു വീഴ്ത്തി.

അസോസിയേറ്റഡ് പ്രസ്സിന്റെ (AP) റിപ്പോർട്ടുകൾ പ്രകാരം, കൊറിയൻ ക്യാമ്പിന് മുകളിലൂടെ സംശയകരമായ സാഹചര്യത്തിൽ പറക്കുകയായിരുന്ന ഡ്രോണിനെ പ്രത്യേക സൈനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സൈന്യം നിർവീര്യമാക്കിയത്. സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഫെഡറൽ ഉദ്യോഗസ്ഥനാണ് വാർത്ത പുറത്തുവിട്ടത്. വരാനിരിക്കുന്ന നിർണ്ണായക മത്സരത്തിന് മുൻപ് ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താൻ ആരെങ്കിലും ഡ്രോൺ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ ഇത് എന്ന് വ്യക്തമല്ല. സംഭവത്തിൽ മെക്സിക്കൻ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ട്രെയിനിങ് ക്യാമ്പിന് മുകളിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ ദക്ഷിണ കൊറിയൻ പരിശീലകൻ ഹോങ് മ്യുങ്-ബോ കടുത്ത നിരാശ പ്രകടിപ്പിച്ചു. എങ്കിലും ടീമിന്റെ പദ്ധതികളെ ഇത് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“കഴിഞ്ഞ ദിവസം ഞങ്ങളുടെ പരിശീലനത്തിനിടയിലാണ് ആകാശത്ത് ഒരു ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭാഗ്യവശാൽ, മത്സരത്തിനായുള്ള പ്രധാന തന്ത്രങ്ങൾ പയറ്റിനോക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. അതുകൊണ്ട് ഞങ്ങളുടെ പ്ലാനുകൾ ചോർന്നിട്ടില്ല. എങ്കിലും ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിനായി തയ്യാറെടുക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തികച്ചും നിർഭാഗ്യകരമാണ്.” – ദക്ഷിണ കൊറിയൻ പരിശീലകൻ ഹോങ് മ്യൂങ്-ബോ

മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സൈന്യത്തിന്റെ ഈ അടിയന്തര ഇടപെടൽ. മെക്സിക്കോ സിറ്റി, ഗ്വാഡലജാര, മോണ്ടെറി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾക്കും ഫാൻ സോണുകൾക്കും ടീം ക്യാമ്പുകൾക്കും ചുറ്റുമുള്ള നിയന്ത്രിത മേഖലകളിൽ പ്രവേശിച്ച നിരവധി ഡ്രോണുകൾ കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.

ലോകകപ്പിനായി ‘പ്ലാൻ കുക്കുൽകൻ’ (Plan Kukulkan) എന്ന പേരിൽ വിപുലമായ സുരക്ഷാ പദ്ധതിയാണ് മെക്സിക്കോ നടപ്പിലാക്കുന്നത്. സൈന്യം, ഫെഡറൽ-ലോക്കൽ പോലീസ് എന്നിവരിൽ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. ടൂർണമെന്റ് വേദിയായ കാനഡയും സുരക്ഷ മുൻനിർത്തി വാൻകൂവർ, ടൊറന്റോ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങൾക്ക് മുകളിലൂടെയുള്ള അനാവശ്യ ഡ്രോൺ പറക്കലുകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടു വർഷം മുൻപ് നടന്ന പാരീസ് ഒളിമ്പിക്സിൽ കാനഡയുടെ വനിതാ ഫുട്ബോൾ ടീം സമാനമായ രീതിയിൽ ഡ്രോൺ ചാരവൃത്തി വിവാദത്തിൽപ്പെട്ടിരുന്നു. ന്യൂസിലൻഡ് ടീമിന്റെ പരിശീലന സെഷൻ നിരീക്ഷിക്കാൻ കനേഡിയൻ കോച്ചിംഗ് സ്റ്റാഫ് ഡ്രോൺ ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തൽ. അന്ന് മുഖ്യ പരിശീലക ഉൾപ്പെടെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്യുകയും കാനഡ ടീമിന് ഒളിമ്പിക്സിൽ ആറ് പോയിന്റുകൾ പിഴയായി നഷ്ടമാവുകയും ചെയ്തിരുന്നു. ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ ലോകകപ്പ് വേദികളിലും സുരക്ഷാ വിഭാഗം അതീവ ജാഗ്രത പുലർത്തുന്നത്.

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും, ദക്ഷിണ കൊറിയ ചെക്കിയയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ ഇരുടീമുകളും നേർക്കുനേർ വരുന്ന വ്യാഴാഴ്ചത്തെ മത്സരം ഏറെ പ്രവചനാതീതമായിരിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ലോകകപ്പ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം



Source link

Leave a Reply

Your email address will not be published. Required fields are marked *