Last Updated:
കളിയുടെ 51-ാം മിനിറ്റിൽ മാഡിബോ കോനെയെ പുറകിൽ നിന്ന് ഫൗൾ ചെയ്യുകയായിരുന്നു
ഫിഫ ലോകകപ്പ് 2026 മത്സരത്തിനിടെ കനേഡിയൻ മിഡ്ഫീൽഡർ ഇസ്മായിൽ കോനെയുടെ കാൽ ഒടിക്കുന്ന രീതിയിൽ മാരകമായി ഫൗൾ ചെയ്ത ഖത്തർ ഫുട്ബോൾ താരം അസിം മാഡിബോയ്ക്ക് 5 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി ഫിഫ. കഴിഞ്ഞ ആഴ്ച വാൻകൂവറിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. കളിയുടെ 51-ാം മിനിറ്റിൽ മാഡിബോ കോനെയെ പുറകിൽ നിന്ന് ഫൗൾ ചെയ്യുകയായിരുന്നു.
ഉടൻ തന്നെ മെഡിക്കൽ സംഘം മൈതാനത്തേക്ക് ഓടിയെത്തി കോനെയെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ താഴത്തെ രണ്ട് പ്രധാന അസ്ഥികളായ ടിബിയയും ഫിബുലയും ഒടിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മാഡിബോയ്ക്ക് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും മൈതാനത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മത്സരത്തിന് ശേഷം, സംഭവിച്ച കാര്യങ്ങളിൽ അതീവ ദുഃഖിതനായ ഖത്തർ താരം കോനെയെ നേരിട്ട് കണ്ട് ക്ഷമാപണം നടത്തിയിരുന്നു.മത്സരത്തിൽ ഖത്തറിനെതിരെ കാനഡ 6-0 ത്തിന്റെ ചരിത്ര വിജയം ആഘോഷിച്ചെങ്കിലും, കോനെയ്ക്കേറ്റ ഗുരുതരമായ പരിക്ക് ആ വിജയത്തിന്റെ സന്തോഷം കെടുത്തുന്നതായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ഫിഫ അച്ചടക്ക സമിതി ബുധനാഴ്ചയാണ് അഞ്ച് മത്സരങ്ങളുടെ സസ്പെൻഷൻ പ്രഖ്യാപിച്ചത്. ഇത് കടുത്ത ഫൗൾ ആണെന്ന് സമിതി വിലയിരുത്തി. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഖത്തറിന് അവകാശമുണ്ടെങ്കിലും, മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഖത്തർ ടീം പ്രതികരിക്കാൻ തയ്യാറായില്ല. ഇത്തരം പരിക്കുകൾ ഭേദമാകാൻ വലിയ സമയമെടുക്കുമെന്നതിനാൽ കോനെയ്ക്ക് മാസങ്ങളോളം കളിസ്ഥലത്ത് നിന്ന് മാറിനിൽക്കേണ്ടി വരും.
അഞ്ച് മത്സരങ്ങളുടെ വിലക്ക് കടുത്തതാണെങ്കിലും, ലോകകപ്പ് ചരിത്രത്തിൽ ഫിഫ നൽകുന്ന ഏറ്റവും വലിയ ശിക്ഷയല്ല ഇത്.
2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ഇറ്റാലിയൻ ഡിഫൻഡർ ജോർജിയോ ചിപ്പീനിയെ കടിച്ചതിന് ലൂയിസ് സുവാരസിന് ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുകയും നാല് മാസത്തേക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തിരുന്നു. അതുപോലെ 1994-ൽ സ്പെയിനിന്റെ ലൂയിസ് എൻറിക്വെയുടെ മൂക്ക് മുട്ടുകൊണ്ട് ഇടിച്ച് തകർത്തതിന് ഇറ്റാലിയൻ താരം മൗറോ ടസ്സോട്ടിക്ക് എട്ട് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്.
New Delhi,New Delhi,Delhi
FIFA World Cup 2026 | കാനഡയുടെ ഇസ്മായിൽ കോനെയുടെ കാൽ ഒടിച്ച ഖത്തർ താരം അസിം മാഡിബോയ്ക്ക് അഞ്ച് മത്സരങ്ങളിൽ വിലക്ക്













