കേപ് വെർദെ ഫുട്ബോൾ ടീം ക്യാപ്റ്റനെതിരെ ബലാത്സംഗ പരാതി | | ACTPnews

Image: Reuters


Last Updated:

നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെയുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തിന് തൊട്ടുമുൻപാണ് കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡെസിനെതിരെ ബലാത്സംഗ പരാതി ഉയർന്നത്. ആരോപണങ്ങളോട് ഫിഫയും പ്രതികരിച്ചിട്ടുണ്ട്

Image: Reuters
Image: Reuters

ഫിഫ ലോകകപ്പ് 2026-ൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച കേപ് വെർദെയുടെ ഫുട്ബോൾ ടീം, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയൊരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.

ഏവരും ഉറ്റുനോക്കുന്ന നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി, ഈ വർഷം ആദ്യം കേപ് വെർദെ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിനിടെ വിവർത്തകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയെ കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡെസ് ബലാത്സംഗം ചെയ്തതായി ആരോപണം ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

യുവതി ന്യൂസിലാൻഡിൽ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. ആ സമയത്ത് ന്യൂസിലാൻഡ് മാധ്യമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ റയാന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കേപ് വെർദെ ടീമിലെ ഒരു കളിക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് അന്ന് പ്രസ്താവിച്ചിരുന്നത്.

എന്താണ് സംഭവിച്ചത്?

ഇപ്പോൾ, ബ്രസീലിയൻ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത് ഈ കേസിൽ ഉൾപ്പെട്ട കളിക്കാരൻ മറ്റാരുമല്ല, 36 കാരനായ കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡെസ് ആണെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം, ടീം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് മെൻഡെസ് ബ്രസീലിയൻ യുവതിയുടെ മുറിയിലേക്ക് ബലമായി ഇരച്ചുകയറുകയും, അവരെ ഇടിക്കുകയും, കടിക്കുകയും, തുടർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.

തന്റെ വായ, കഴുത്ത്, കാൽ, ശരീരത്തിന്റെ വശം എന്നിവയിലേറ്റ പരിക്കുകളുടെ ചിത്രങ്ങൾ യുവതി ന്യൂസിലാൻഡ് പോലീസിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. ടീം താമസിച്ചിരുന്ന ഓക്‌ലൻഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ന്യൂസിലാൻഡ് പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.

ന്യൂസിലാൻഡിൽ നടന്ന ഫിഫ സീരീസിനിടെയാണ് കേപ് വെർദെ ടീം തങ്ങളെ വിവർത്തകയായി ജോലിക്ക് നിയോഗിച്ചതെന്ന് യുവതി തന്റെ പ്രസ്താവനയിൽ പറഞ്ഞു. ചിലിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം, ടീമിനായി നീക്കിവെച്ച ഹോട്ടൽ മുറികളിലൊന്നിൽ നടന്ന മീറ്റിംഗിലേക്ക് തന്നെ ക്ഷണിച്ചതായി അവർ അവകാശപ്പെട്ടു. എന്നാൽ മീറ്റിംഗിൽ തന്റെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് അവർ സ്വന്തം മുറിയിലേക്ക് മടങ്ങി.

യുവതിയുടെ മൊഴി പ്രകാരം, തൊട്ടുപിന്നാലെ മെൻഡെസ് അവരുടെ മുറിയിലെത്തി വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഇയാൾ ബലമായി അകത്തുകയറുകയും, അവരെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഫിഫ രംഗത്തെത്തിയിട്ടുണ്ട്. ഏത് ആരോപണത്തെയും ഗൗരവത്തോടെയാണ് കാണുന്നതെന്നും ന്യൂസിലാൻഡ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഫിഫ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഘട്ടത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നത് ദയവായി മനസ്സിലാക്കുക,” ഫിഫ യുഎസ്എ ടുഡേയോട് പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *