Last Updated:
പ്രതിരോധത്തിലും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ക്രൊയേഷ്യയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്
ആവേശത്തിന്റെയും നാടകീയതയുടെയും എല്ലാ അതിരുകളും ലംഘിച്ച പോരാട്ടത്തിനൊടുവിൽ മുൻ റണ്ണേഴ്സ് അപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ടൊറന്റോയിൽ നടന്ന റൗണ്ട് ഓഫ് 32 നോക്കൗട്ട് മത്സരത്തിൽ എല്ലാ അർത്ഥത്തിലും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അന്ത്യനിമിഷങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളി അവസാനത്തോടടുത്തപ്പോൾ മത്സരത്തിൽ ഇനി അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ലെന്ന് തോന്നിച്ച നിമിഷത്തിലാണ് ഒരു അവസാന ട്വിസ്റ്റ് കാത്തുവെച്ചത്.
ക്രൊയേഷ്യയുടെ പ്രതിരോധത്തെ മറികടന്ന് വിജയം കൈപ്പിടിയിലൊതുക്കാൻ പോർച്ചുഗലിന് തങ്ങളുടെ എല്ലാ അടവുകളും ആവശ്യമായി വന്നു. മത്സരത്തിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും പെനാൽറ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും, തൊണ്ണൂറ്റിനാലാം മിനിറ്റിൽ പകരക്കാരനായി വന്ന ഗോൺസാലോ റാമോസും നേടിയ ഗോളുകൾ പോർച്ചുഗലിന് അതിനാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചിരുന്നത്. പന്തടക്കത്തിലും കളിയിലെ ആധിപത്യത്തിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും പോർച്ചുഗൽ ഏറെ മുന്നിട്ടുനിന്നു. ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയാവോ, ജാവോ കാൻസെലോ എന്നിവർക്ക് ക്രൊയേഷ്യൻ ബോക്സിലേക്ക് നിരന്തരം പാസുകളും ക്രോസുകളും എത്തിക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും മത്സരത്തിന്റെ തുടക്കം മുതൽ പോർച്ചുഗീസ് പ്രതിരോധത്തെ കടുത്ത സമ്മർദ്ദത്തിലാക്കാൻ ക്രൊയേഷ്യയ്ക്ക് സാധിച്ചു.
പ്രതിരോധത്തിലും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ക്രൊയേഷ്യയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. അമ്പത്തിമൂന്നാം മിനിറ്റിൽ പോർച്ചുഗീസ് ഡിഫൻഡർമാരുടെ ശ്രദ്ധ വഴുതിയത് മുതലെടുത്ത് ഇവാൻ പെരിസിച്ച് നടത്തിയ ക്ലിനിക്കൽ ഫിനിഷിലൂടെ ക്രൊയേഷ്യ ലീഡ് എടുത്തു. ബോക്സിനുള്ളിലേക്ക് വന്ന പന്ത് അതിവിദഗ്ധമായാണ് പെരിസിച്ച് പോർച്ചുഗീസ് വലയിലാക്കിയത്. ഈ ഗോളോടെ ക്രൊയേഷ്യയ്ക്കായി ഏറ്റവുമധികം ലോകകപ്പ് ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് പെരിസിച്ച് സ്വന്തം പേരിൽ പുതുക്കി കുറിച്ചു. പെരിസിച്ചിന്റെ നാലാമത്തെ ലോകകപ്പാണിത്. സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിനെപ്പോലെ പെരിസിച്ചിന്റെയും അവസാന ലോകകപ്പ് കൂടിയാണിത്.
ഗോൾ വഴങ്ങിയതിന് ശേഷം പോർച്ചുഗൽ ആക്രമണം കടുപ്പിച്ചു. അറ്റാക്കിങ്ങിനിടെ ക്രൊയേഷ്യൻ ബോക്സിനുള്ളിൽ വെച്ച് പോർച്ചുഗീസ് താരത്തെ ക്രൊയേഷ്യൻ ഡിഫൻഡർ ഫൗൾ ചെയ്തതോടെ റഫറി പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. അറുപത്തിയെട്ടാം മിനിറ്റിൽ ലഭിച്ച ഈ പെനാൽറ്റി കിക്ക് എടുത്ത നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒട്ടും പിഴയ്ക്കാതെ ഗോളാക്കി മാറ്റി പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിൽ, കളിയിലെ അധികസമയത്ത് (ഇഞ്ചുറി ടൈം) ഗൊൺസാലോ റാമോസ് നേടിയ തകർപ്പൻ ഗോൾ പോർച്ചുഗലിനെ വിജയത്തിലേക്കും ലോകകപ്പ് പ്രീക്വാർട്ടർ യോഗ്യതയിലേക്കും നയിക്കുകയായിരുന്നു.













