ക്രോയേഷ്യക്കെതിരായ വിജയത്തിന് ശേഷം വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്!  | | ACTPnews

News18


Last Updated:

ഇത് റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി കാതിയ അവീറോ ഈ ആഴ്ച ആദ്യം അവകാശപ്പെട്ടതോടെയാണ് വിരമിക്കൽ ചർച്ചകൾക്ക് ചൂടുപിടിച്ചത്

News18
News18

2026-ലെ ഫിഫ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാനത്തെ ടൂർണമെന്റാണോ? റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രോയേഷ്യക്കെതിരെ പോർച്ചുഗൽ 2-1 ന്റെ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെയാണ്, തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിൽ 41-കാരനായ പോർച്ചുഗൽ നായകൻ പ്രതികരണവുമായി രംഗത്തെത്തിയത്. വിരമിക്കണമോ എന്ന കാര്യം ടൂർണമെന്റ് അവസാനിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞാൻ എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല. ഇപ്പോൾ തീരുമാനിക്കില്ല, ടൂർണമെന്റിന് ശേഷം തീരുമാനിക്കും,” എന്നായിരുന്നു പോർച്ചുഗൽ പ്രീക്വാർട്ടയോഗ്യത ഉറപ്പാക്കിയതിന് ശേഷം വിരമിക്കലിനോടുള്ള റൊണാൾഡോയുടെ പ്രതികരണം.

ഇത് റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി കാതിയ അവീറോ ഈ ആഴ്ച ആദ്യം അവകാശപ്പെട്ടതോടെയാണ് വിരമിക്കൽ ചർച്ചകൾക്ക് ചൂടുപിടിച്ചത്. ക്രോയേഷ്യക്കെതിരായ മത്സരത്തിന് മുന്നോടിയായി സ്പോർട് ടിവിയോട് സംസാരിക്കവെ, റൊണാൾഡോ കളം നിറയുന്നത് കാണാൻ സാധിക്കുന്ന ഈ നിമിഷങ്ങൾ ഫുട്ബോൾ ആരാധകർ പരമാവധി ആസ്വദിക്കണമെന്ന് കാതിയ ആവശ്യപ്പെട്ടിരുന്നു. ഇത് നിലനിൽക്കുന്നിടത്തോളം കാലം ആസ്വദിക്കൂ. ഇത് ഉടൻ അവസാനിക്കും എന്നായിരുന്നു സഹോദരിയുടെ വാക്കുകൾ

വർഷങ്ങളായി തന്റെ സഹോദരൻ നേരിടുന്ന വിമർശനങ്ങൾക്കെതിരെയും അവർ പ്രതിരോധിച്ചു. “ബുദ്ധിയുള്ളവരും ഫുട്ബോളിനെ സ്നേഹിക്കുന്നവരുമായ ആളുകൾക്ക് റൊണാൾഡോയെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വെറുക്കുന്നവർക്ക് തന്നെയാണ് അതിന്റെ നഷ്ടം. 20 വർഷത്തിലേറെയായി അവൻ ഈ കളി ഭരിച്ചുകൊണ്ടിരിക്കുകയാണ്. അവീറോ കുടുംബമായ ഞങ്ങൾ ഇപ്പോൾ എവിടെയാണെന്നും എവിടെ നിന്നാണ് വന്നതെന്നും നോക്കൂ. എന്റെ അമ്മ അനുഭവിച്ച ദുരിതങ്ങൾ നോക്കൂ… ഈ വിമർശനങ്ങൾ ഞങ്ങളുടെ സന്തോഷത്തെ ബാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലുമില്ല.”

എന്തുകൊണ്ടാണ് വിരമിക്കൽ തീരുമാനങ്ങൾക്ക് ഇനിയും കാത്തിരിക്കണം എന്നത്  റൊണാൾഡോ മൈതാനത്ത് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. ഇവാൻ പെരിസിച്ചിന്റെ ഗോളിലൂടെ ക്രോയേഷ്യ മുന്നിലെത്തിയതിന് ശേഷം, 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് പോർച്ചുഗൽ നായകൻ ടീമിനെ ഒപ്പമെത്തിച്ചു. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ റൊണാൾഡോ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്, കൂടാതെ 2026 ടൂർണമെന്റിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗോളും.

ഏറ്റവും ശ്രദ്ധേയമായ കാര്യം, താൻ കളത്തിലുണ്ടായിരുന്ന 81 മിനിറ്റിനിടയിൽ ക്രോയേഷ്യൻ ബോക്സിനുള്ളിൽ റൊണാൾഡോയുടെ ഒരേയൊരു ടച്ച് ഈ പെനാൽറ്റി മാത്രമായിരുന്നു എന്നതാണ്. അവസരങ്ങൾ പരിമിതമായിരിക്കുമ്പോൾ പോലും നിർണായകമായ സംഭാവനകൾ നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയാണ് ഇത് അടിവരയിടുന്നത്.

ഒടുവിൽ ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസ് നേടിയ ഗോളിലൂടെ പോർച്ചുഗൽ 2-1 ന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രോയേഷ്യ സമനില ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും വിഎആർ (VAR) പരിശോധനയിൽ അത് റദ്ദാക്കപ്പെട്ടു. ഇതോടെ റൗണ്ട് ഓഫ് 16-ൽ സ്പെയിനെതിരെയുള്ള വമ്പൻ പോരാട്ടത്തിനാണ് പോർച്ചുഗൽ യോഗ്യത നേടിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *