Last Updated:
മൈതാനത്ത് എംബപ്പെയുടെ കയ്യാങ്കളി
ഫ്രാൻസ്-പാരഗ്വായ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങളും അരങ്ങേറി
ലോകകപ്പ് ഫുട്ബോളിലെ ഗോൾവേട്ടയിൽ കിലിയൻ എംബപ്പെയുടെ റെക്കോർഡ് പടയോട്ടം തുടരുന്നു. പാരഗ്വായ്ക്കെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടതോടെ, ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമെന്ന റെക്കോർഡിൽ അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് സൂപ്പർ താരത്തിന് കഴിഞ്ഞു. നിലവിൽ 11 ഗോളുകളും ഒരു അസിസ്റ്റുമാണ് നോക്കൗട്ട് ഘട്ടങ്ങളിൽ മാത്രം എംബപ്പെയുടെ പേരിലുള്ളത്.
ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മെസിയും എംബപ്പെയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഏഴ് ഗോളുകളുമായി ഇരുവരും റേസിൽ ഒപ്പത്തിനൊപ്പമുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ആകെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിൽ 20 ഗോളുകളുമായി മെസി ഒന്നാമത് തുടരുമ്പോൾ, 19 ഗോളുകളുമായി എംബപ്പെ തൊട്ടുപിന്നാലെയുണ്ട്.
ഗോൾഡൻ ബൂട്ട് റേസ് കടുക്കുന്നു. രണ്ടാമത് ഹാളണ്ടും കെയ്നും
മെസിക്കും എംബപ്പെയ്ക്കും തൊട്ടുപിന്നാലെ അഞ്ച് ഗോളുകളുമായി നോർവെയുടെ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ടും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നും രണ്ടാം സ്ഥാനത്തുണ്ട്. ഫ്രാൻസിന്റെ ഉസ്മാൻ ഡെംബലെ, ബ്രസീലിന്റെ വിനീസ്യൂസ് ജൂനിയർ, സ്പെയിന്റെ ഒയർസബാൽ എന്നിവർ നാല് ഗോളുകൾ വീതം നേടി തൊട്ടുപിന്നാലെയുണ്ട്. വരും മത്സരങ്ങളിൽ ഗോൾഡൻ ബൂട്ട് പോരാട്ടം കൂടുതൽ പ്രവചനാതീതമാകും.
മൈതാനത്ത് എംബപ്പെയുടെ കയ്യാങ്കളി
ഫ്രാൻസ്-പാരഗ്വായ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങളും അരങ്ങേറി. പന്തുമായി കുതിച്ചുപാഞ്ഞ എംബപ്പെയെ പാരഗ്വായ് താരം ആന്ദ്രേ കുബാസ് കൈപിടിച്ചു തടയാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. പ്രകോപിതനായ എംബപ്പെ കുബാസിനെ കൈകൊണ്ട് തള്ളിമാറ്റി.
ഇതോടെ ഇരു ടീമിലെയും താരങ്ങൾ മൈതാനത്ത് പരസ്പരം കോർക്കുകയും കാര്യങ്ങൾ കയ്യാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. ഒടുവിൽ റഫറി ഇടപെട്ടാണ് ഇരുപക്ഷത്തെയും ശാന്തരാക്കി രംഗം തണുപ്പിച്ചത്. മത്സരം കടുത്തതോടെ കളിയിലെ ആവേശവും ചൂടും ഇരട്ടിയായിരിക്കുകയാണ്.
Thiruvananthapuram,Kerala
Jul 05, 2026 10:05 AM IST
ഗോൾഡൻ ബൂട്ട് റേസിൽ മെസിക്കൊപ്പം എംബപ്പെ; റെക്കോർഡുകൾ തകർത്ത് ഫ്രഞ്ച് സൂപ്പർ താരം; പ്രീ-ക്വാർട്ടറിൽ നാടകീയ രംഗങ്ങൾ













