Last Updated:
വിവിധ ഗ്യാലറികളിലെ ടിക്കറ്റുകൾ കൈവശം വച്ചിരുന്ന പ്രതി, മൊബൈൽ ഫോൺ വഴി നേരിട്ട് ആവശ്യക്കാരെ ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്.
ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഒരു കാന്റീൻ ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സമീപകാലത്ത് നടന്ന ഐപിഎൽ മത്സരങ്ങളുടെ നൂറിലധികം ടിക്കറ്റുകൾ അമിതവിലയ്ക്ക് ഇയാൾ വിറ്റിരുന്നു. സ്റ്റേഡിയം പരിസരത്തെ ശ്രീ ലക്ഷ്മി കാന്റീനിൽ ജോലി ചെയ്തിരുന്ന ചന്ദ്രശേഖർ എന്നയാളാണ് പിടിയിലായത്. ടിക്കറ്റ് ഒന്നിന് 15,000 രൂപ മുതൽ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാൾ കരിഞ്ചന്തയിൽ വിൽപന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മാർച്ച് 28-ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) മത്സരത്തിന്റെയും, ആർസിബി – ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) മത്സരത്തിന്റെയും ടിക്കറ്റുകൾ ഇയാൾ ഇത്തരത്തിൽ വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. വിവിധ ഗ്യാലറികളിലെ ടിക്കറ്റുകൾ കൈവശം വച്ചിരുന്ന പ്രതി, മൊബൈൽ ഫോൺ വഴി നേരിട്ട് ആവശ്യക്കാരെ ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. കെഎസ്സിഎ അംഗമായ ഗണേഷ് പരിക്ഷിത്ത് എന്നയാളാണ് തനിക്ക് ടിക്കറ്റുകൾ നൽകിയതെന്നും അവ ഉയർന്ന വിലയ്ക്ക് വിൽക്കാൻ നിർദ്ദേശിച്ചതാണെന്നും ചോദ്യം ചെയ്യലിൽ, പ്രതി വെളിപ്പെടുത്തി. നിലവിൽ ഒളിവിൽ കഴിയുന്ന ഗണേഷ് പരിക്ഷിത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ചാനലുകൾ വഴി ലഭിക്കുന്ന ടിക്കറ്റുകൾ ഇടനിലക്കാർ വഴി കരിഞ്ചന്തയിൽ എത്തിക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ടിക്കറ്റുകളുടെ അനധികൃത പുനർവിൽപ്പനയ്ക്ക് ഒത്താശ ചെയ്ത ചില സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ടിക്കറ്റുകൾ വകമാറ്റി നൽകാൻ സഹായിച്ച ചില കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർക്കെതിരെ സിസിബി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടിക്കറ്റ് വിതരണത്തിൽ ഡിഎൻഎ നെറ്റ്വർക്ക് മാനേജ്മെന്റിന് പൊലീസ് നോട്ടീസ് അയച്ചു. കമ്പനി മാനേജ്മെന്റിനെയും ചോദ്യം ചെയ്യും. ടിക്കറ്റുകൾ മറിച്ചുവിൽക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും, കരിഞ്ചന്തയിൽ അമിതവില ഈടാക്കി വിൽക്കുന്നത് കുറ്റകരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിസിബി ഡിസിപി ശ്രീഹരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ശൃംഖലയിലെ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഐപിഎൽ തുടങ്ങിയത് മുതൽ ടിക്കറ്റ് കരിഞ്ചന്ത തടയാൻ ക്രൈം ടീമുകളും സിസിബിയും ശ്രമിക്കുന്നുണ്ടെന്നും, കഴിഞ്ഞ ദിവസവും ഇത്തരം ഒരു സംഘത്തെ പിടികൂടാൻ സാധിച്ചുവെന്നും ബംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. ടിക്കറ്റ് വിൽപന ഓൺലൈനായതോടെ ഇത്തരം തട്ടിപ്പുകൾ വലിയൊരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Bangalore [Bangalore],Bangalore,Karnataka













