Last Updated:
സാധാരണയായി ഇത്തരം ഉയർന്ന പ്രാധാന്യമുള്ള മത്സരങ്ങളിൽ പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള റഫറിമാരെയാണ് ഫിഫ ഒന്നിച്ച് നിയോഗിക്കാറുള്ളത്.
2026-ലെ ഫുട്ബോൾ ലോകകപ്പിലെ 96 മത്സരങ്ങൾക്ക് ശേഷം, ചരിത്രത്തിലാദ്യമായി ഒരേ രാജ്യത്ത് നിന്നുള്ള റഫറിമാരുടെ സംഘത്തെ ഫിഫ ഒരു മത്സരത്തിനായി നിയോഗിച്ചു. ഈ തീരുമാനം ഫ്രാൻസിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026-ലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് ഫകുണ്ടോ ടെല്ലോയുടെ നേതൃത്വത്തിലുള്ള അർജന്റീനൻ റഫറിമാരുടെ സംഘമായിരിക്കും. ഒരു മത്സരത്തിനായി ഒരേ രാജ്യത്തുനിന്നുള്ള ഓൺ-ഫീൽഡ് റഫറിമാരെ ഫിഫ തിരഞ്ഞെടുക്കുന്നത് ഇതാദ്യമല്ലെങ്കിലും, നടന്നു കൊണ്ടിരിക്കുന്ന ഈ ടൂർണമെന്റിൽ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്.
ഫിഫയുടെ ഈ തീരുമാനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഫിഫയെ ലക്ഷ്യമിട്ട് ആരാധകരുടെ വലിയ രീതിയിലുള്ള പ്രതിഷേധ പോസ്റ്റുകളാണ് വരുന്നത്. മൊറോക്കോയ്ക്കെതിരായ നിർണ്ണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ചുമതല ടെല്ലോയ്ക്ക് നൽകിയ ഫിഫയ്ക്ക് “ഒരു നാണവുമില്ല” എന്ന് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്സ് കടുത്ത ഭാഷയിൽ വിമർശിച്ചതായി സ്പാനിഷ് വെബ്സൈറ്റായ മാർക്ക റിപ്പോർട്ട് ചെയ്തു.
മത്സരത്തിൽ ടെല്ലോയെ സഹായിക്കാൻ അർജന്റീനക്കാരായ ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ എന്നിവർ അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും. ഡാരിയോ ഹെരേരയെ നാലാം ഒഫീഷ്യലായും ക്രിസ്റ്റ്യൻ നവാരോയെ റിസർവ് അസിസ്റ്റന്റ് റഫറിയായും നിയമിച്ചിട്ടുണ്ട്. 2022-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന കിരീടം നേടിയതെന്നത് ഈ വിവാദത്തിന്റെ തീവ്രത കൂട്ടുന്നു.
സാധാരണയായി ഇത്തരം ഉയർന്ന പ്രാധാന്യമുള്ള മത്സരങ്ങളിൽ പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള റഫറിമാരെയാണ് ഫിഫ ഒന്നിച്ച് നിയോഗിക്കാറുള്ളത്. എന്നാൽ രസകരമായ മറ്റൊരു കാര്യം, ഈ ലോകകപ്പിൽ അർജന്റീനയും ഈജിപ്തും തമ്മിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ചുകാരനായ ഫ്രാൻസ്വാ ലെറ്റെക്സിയറെയും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകരെയും അസിസ്റ്റന്റ് റഫറിമാരായി ഫിഫ നിയമിച്ചപ്പോൾ അർജന്റീനൻ ആരാധകരും സമാനമായ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. ആ മത്സരത്തിൽ അർജന്റീന 3-2 ന് വിജയിക്കുകയാണുണ്ടായത്.
അർജന്റീനൻ റഫറിമാരെ നിയമിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് വളരെ ശാന്തമായാണ് പ്രതികരിച്ചത്. നിങ്ങൾ ഏത് പക്ഷത്താണ് എന്നതിനെ ആശ്രയിച്ച് റഫറിയുടെ തീരുമാനങ്ങൾ എപ്പോഴും ചർച്ചകൾക്ക് വഴിമാറാറുണ്ടെന്നും എന്നാൽ തങ്ങളുടെ യഥാർത്ഥ എതിരാളികൾ മൊറോക്കോ ആണെന്നും മത്സരത്തിന് മുന്നോടിയായി ദെഷാംപ്സ് വാർത്താലേഖകരോട് പറഞ്ഞു. റഫറിയെ ഒരിക്കലും ഒരു എതിരാളിയായി കാണാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi
ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനക്കാരായ റഫറിമാർ; ഫിഫയ്ക്ക് എതിരെ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും














