Last Updated:
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്
ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ഇംഗ്ലണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എക്സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്.
ജൂഡ് ബെല്ലിംഗ്ഹാമിന്റെ പോരാട്ടത്തിൽ രണ്ട് ഗോളുകൾ പിറന്നു. നേര്‍വേയ്ക്ക് വേണ്ടി ആന്‍ഡ്രിയാസ് ഷെല്ഡെറൂപാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ആൻഡ്രിയാസ് ഷെൽഡെറൂപ്പിന്റെ ക്രോസ് ഗോൾമുഖത്തേക്ക് നേരിട്ട് കയറിപ്പോയതോടെ നോർവെ ലീഡ് നേടി. ഇംഗ്ലണ്ട് സമ്മർദത്തിലായെങ്കിലും ബെല്ലിംഗ്ഹാം മനോഹരമായ സമനില ഗോൾ നേടി ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
രണ്ടാം പകുതിയിൽ നോർവെയായിരുന്നു കൂടുതൽ ശക്തമായ പ്രകടനം കാഴ്ചവച്ചത്. മത്സരം കൈവിട്ടുപോകുമെന്ന ആശങ്ക ഉയർന്നെങ്കിലും അധികസമയത്തിന്റെ തുടക്കത്തിൽ തന്നെ വീണ്ടും ബെല്ലിംഗ്ഹാം രക്ഷകനായെത്തി. മോർഗൻ റോജേഴ്സിന്റെ ഷോട്ട് ഗോൾകീപ്പർ ഓർജൻ ഹാസ്ക്യോൾഡ് നൈലാൻഡ് കൈവിട്ടപ്പോൾ ലഭിച്ച അവസരം ബെല്ലിംഗ്ഹാം അനായാസം വലയിലാക്കി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.
ഈ ഗോളോടെ ടൂർണമെന്റിൽ ബെല്ലിംഗ്ഹാമിന്റെ ഗോൾ നേട്ടം ആറിലെത്തി. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള മത്സരത്തിലും അദ്ദേഹം ശക്തമായ സാന്നിധ്യമായി മാറി. ഇംഗ്ലണ്ടിനെ ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ച നായകനെന്ന വിശേഷണവും ബെല്ലിംഗ്ഹാം സ്വന്തമാക്കി.
ഈ ലോകകപ്പ് മത്സരത്തിൽ എടുത്തുപറയേണ്ടത് നോർവെയുടെ പ്രകടനമായിരുന്നു. ഏറ്റവും കൂടുതൽ ആരാധകാവൃന്ദമുള്ളതും മികച്ച കളിക്കാരുമുള്ളതുമായ അർജന്റീന ടീമിനെ വിറപ്പിച്ചവർ കൂടിയാണ് നോർവെ. ചരിത്രത്തിലെ ആദ്യ ലോകകപ്പ് ക്വാർട്ടർ ഫൈനൽ കളിച്ച നോർവെ അവസാന നിമിഷംവരെ ശക്തമായി പോരാടി.














