Last Updated:
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സഞ്ജു സാംസൺ മാർച്ച് മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കരസ്ഥമാക്കി. കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക ഇന്നിംഗ്‌സുകളിലൂടെ സഞ്ജു തിളങ്ങി
ടി20 ലോകകപ്പിൽ തുടർച്ചയായി നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ നെടുംതൂണായി നിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ മാർച്ച് മാസത്തിലെ ഐസിസി ‘പ്ലെയർ ഓഫ് ദി മന്ത്’ ആയി പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയിരുന്നു.
ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു ഫിനിഷ് ചെയ്തത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 എന്ന മികച്ച ശരാശരിയിൽ 321 റൺസ് അദ്ദേഹം സ്കോർ ചെയ്തു.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതം നേടി.
“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടാനായത് അവിശ്വസനീയമായ അനുഭൂതിയാണ്, പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് ലഭിക്കുന്നത്,” സഞ്ജു സാംസണെ ഉദ്ധരിച്ച് ഐസിസി പറയുന്നു.
“ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ആവേശകരമായ ഒരു കാലഘട്ടമാണ്, ധാരാളം പ്രതിഭകൾ നമുക്കുണ്ട്. എനിക്ക് ലഭിച്ച അവസരങ്ങൾക്കും, എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ച സഹതാരങ്ങളുടെയും പരിശീലകരുടെയും വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്,” സഞ്ജു പറഞ്ഞു.
തുടർച്ചയായി അഞ്ചാം മാസമാണ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ഈ ബഹുമതിക്ക് അർഹരാകുന്നത്. സൈമൺ ഹാർമർ, മിച്ചൽ സ്റ്റാർക്ക്, ഡാരിൽ മിച്ചൽ, സാഹിബ്സാദ ഫർഹാൻ എന്നിവരാണ് മുൻ മാസങ്ങളിൽ അവാർഡ് നേടിയവർ.
ടൂർണമെന്റിന്റെ പ്രാരംഭ ഘട്ടത്തിൽ പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ, ഇന്ത്യയ്ക്ക് വിജയം അനിവാര്യമായ സൂപ്പർ 8 മത്സരങ്ങളിലേക്കാണ് ഉൾപ്പെടുത്തിയത്. ഫെബ്രുവരി 26 ന് സിംബാബ്‌വെയ്‌ക്കെതിരെ 24 റൺസ് നേടിയ ശേഷം സഞ്ജു തന്റെ താളം കണ്ടെത്തുകയും പിന്നീട് തിരിഞ്ഞുനോക്കാതെ ആ ഫോം തുടരുകയുമായിരുന്നു.
മാർച്ച് 1 ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ സഞ്ജുവിന് സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ (97 നോട്ട് ഔട്ട്) കാലിടറിയെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയെ സെമി ഫൈനലിലെത്തിക്കാൻ സഹായിച്ചു.
മാർച്ച് 5 ന് വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് 89 റൺസ് മികവിൽ ഇന്ത്യ 253/7 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് റൺസ് അകലെ വീണു.
New Delhi,Delhi













