ഉത്തേജക വിരുദ്ധ ചട്ട ലംഘനം: പാക് ക്രിക്കറ്റ് താരം മുഹമ്മദ് നവാസിന് ICC വിലക്കേർപ്പെടുത്തി | | ACTPnews

News18


Last Updated:

മൂന്ന് മാസത്തേക്കാണ് ഐസിസി വിലക്കേർപ്പെടുത്തിയത്

News18
News18

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് പാകിസ്ഥാന്റെ മുൻനിര സ്പിന്നർ മുഹമ്മദ് നവാസിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിലക്കി. മൂന്ന് മാസത്തേക്കാണ് ഐസിസി വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ലോക ക്രിക്കറ്റ് ബോഡി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നവാസ് ഈ വിലക്ക് അംഗീകരിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ചികിത്സാ പരിപാടി പൂർത്തിയാക്കുന്നതോടെ ഈ വിലക്ക് ഒരു മാസമായി കുറയ്ക്കും.

കഴിഞ്ഞ ഫെബ്രുവരി 7-ന് ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന 2026-ലെ പുരുഷ ട്വന്റി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെയുള്ള പാകിസ്ഥാന്റെ മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് നവാസ് ലഹരിവസ്തുക്കളുടെ (കാർബോക്സി-ടിഎച്ച്സി) ഉപയോഗത്തിന് പോസിറ്റീവായത്. കഞ്ചാവ് ഉപയോഗം കണ്ടെത്താനുള്ള സാധാരണ പരിശോധനകളിൽ പ്രധാനമായും സ്ക്രീൻ ചെയ്യുന്ന ഒന്നാണ് കാർബോക്സി-ടിഎച്ച്സി. കഞ്ചാവിൽ അടങ്ങിയിരിക്കുന്നതും ലഹരി നൽകുന്നതുമായ ഒരു ഘടകമാണിത്.

താൻ തെറ്റ് ചെയ്തതായി സമ്മതിച്ച നവാസ്, മത്സരങ്ങൾക്ക് പുറത്തുള്ള സമയത്താണ് ഈ പദാർത്ഥം ഉപയോഗിച്ചതെന്നും കായിക പ്രകടനവുമായി ഇതിന് ബന്ധമില്ലെന്നും ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് അദ്ദേഹത്തിന് മൂന്ന് മാസത്തെ അയോഗ്യത കൽപ്പിക്കുകയായിരുന്നു. അദ്ദേഹം സ്വമേധയാ താൽക്കാലിക സസ്‌പെൻഷനിൽ പ്രവേശിച്ച മെയ് 1 മുൻകാല പ്രാബല്യത്തോടെയാണ് ഈ വിലക്ക് കണക്കാക്കുന്നത്. ലഹരിമുക്തി ചികിത്സാ പരിപാടി വിജയകരമായി പൂർത്തിയാക്കുന്നതോടെ വിലക്ക് കാലാവധി ഒരു മാസമായി ചുരുങ്ങും.

ശിക്ഷ അംഗീകരിക്കുകയും ചികിത്സാ പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് നവാസിന്റെ താൽക്കാലിക സസ്‌പെൻഷൻ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഇതിനകം തന്നെ അദ്ദേഹം രണ്ടര മാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയാക്കി കഴിഞ്ഞു. ഐസിസിയുടെ നിർദ്ദേശപ്രകാരം ചികിത്സാ പരിപാടി തൃപ്തികരമായി പൂർത്തിയാക്കിയാൽ നവാസിന് പിന്നീട് അധികമായി വിലക്ക് അനുഭവിക്കേണ്ടി വരില്ല. ഐസിസി ഉത്തേജക വിരുദ്ധ ചട്ടപ്രകാരം, ഫെബ്രുവരി 7-ലെ നെതർലൻഡ്സിനെതിരായ മത്സരത്തിലെ നവാസിന്റെ പ്രകടനവും തുടർന്ന് മെയ് 1 വരെയുള്ള മത്സരങ്ങളിലെ പ്രകടനങ്ങളും അയോഗ്യമാക്കിയിട്ടുണ്ട്.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന് വേണ്ടിയാണ് നവാസ് അവസാനമായി കളത്തിലിറങ്ങിയത്. അവിടെ ആറ് മത്സരങ്ങളിൽ നിന്ന് 13.5 എന്ന കുറഞ്ഞ ശരാശരിയിൽ വെറും 54 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പന്തെറിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും വൻതോതിൽ റൺസ് വിട്ടുകൊടുത്തിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *