Last Updated:
പുതിയ ചാമ്പ്യൻഷിപ്പ് റിങ് ആദ്യമായി വിരലണിയാൻ ഭാഗ്യം ലഭിക്കുക ആർക്കാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം
96 വർഷത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഒരു വൻ പുതുമയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് കായികലോകം. ഫിഫ ലോകകപ്പ് 2026 കിരീടം ചൂടുന്ന ടീമിന് ട്രോഫിക്കൊപ്പം ഔദ്യോഗിക ‘ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പ് റിങ്ങും (മോതിരം)സമ്മാനിക്കും. നേട്ടത്തിന്റെ പുതിയൊരു ചിഹ്നം കൂടിയാണ് ഇതോടെ ലോകകപ്പ് വേദിയിലേക്ക് ഫിഫ കൂട്ടിച്ചേർക്കുന്നത്.
ജൂലൈ 19 ഞായറാഴ്ച ഈസ്റ്റ് റഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ (ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയം) നടക്കുന്ന സ്പെയിൻ – അർജന്റീന ഫൈനൽ പോരാട്ടത്തിന് ശേഷം ഈ പ്രത്യേക മോതിരം സമ്മാനിക്കും.
അത്യപൂർവ്വ രൂപകൽപ്പന ഉള്ള ഈ ചാമ്പ്യൻഷിപ്പ് റിങ്ങിന്റെ ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ രൂപമുണ്ടാകും. മറുവശത്ത് വിജയിക്കുന്ന രാജ്യത്തിന്റെ പ്രത്യേകത പ്രതിഫലിപ്പിക്കും.
2,026 മോതിരങ്ങൾ മാത്രമടങ്ങുന്ന ഒരു ലിമിറ്റഡ് എഡിഷൻ ശേഖരമാണ് ഫിഫ പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ 30 എണ്ണം ലോകകപ്പ് വിജയികൾക്കായി നീക്കിവച്ചിരിക്കുന്നു. ബാക്കി 1,996 എണ്ണം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് നേടാൻ കഴിയും.
ഫൈനൽ അവസാനിക്കുമ്പോൾ കളിക്കളത്തിലെ ആഘോഷവേളയിൽ തന്നെ വിജയിക്കുന്ന ടീമിന്റെ ക്യാപ്റ്റനും മുഖ്യ പരിശീലകനും താൽക്കാലിക ചാമ്പ്യൻഷിപ്പ് മോതിരം നൽകും. ഇതിന് ശേഷം, കളിക്കാരുടെ വിരലുകളുടെ അളവുകൾക്ക് അനുസരിച്ച് വ്യക്തിഗതമായി ഇഷ്ടാനുസൃതമായി നിർമ്മിച്ച 30 അന്തിമ പതിപ്പുകൾ ഔദ്യോഗിക ചടങ്ങിൽ വെച്ച് സമ്മാനിക്കും.
ജൂലൈ 20 തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12:30 AM) ഫുട്ബോൾ മത്സരം ആരംഭിക്കും.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 2-1 എന്ന നാടകീയമായ തിരിച്ചുവരവ് വിജയത്തോടെയാണ് അർജന്റീന ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ഇതോടെ 1966 ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്താമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങൾ അവസാനിച്ചു. മറുവശത്ത്, കരുത്തരായ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കലാശപ്പോരിന് യോഗ്യത നേടിയത്. 2010-ൽ കിരീടം ഉയർത്തിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
പുതിയ ചാമ്പ്യൻഷിപ്പ് റിങ് ആദ്യമായി വിരലണിയാൻ ഭാഗ്യം ലഭിക്കുക ആർക്കാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം.














