Last Updated:
ഇസ്രായേലിന്റെ ആക്രമണങ്ങൾക്കിടയിൽ സ്പാനിഷ് സർക്കാർ സ്വീകരിച്ച നിലപാടുകളും,സ്പാനിഷ് കായികതാരങ്ങൾ പരസ്യമായി നൽകിയ പിന്തുണയുമാണ് ഗാസയിലെ ഭൂരിഭാഗം ആളുകളെയും സ്പെയിൻ അനുകൂലികളാക്കി മാറ്റിയത്.
ലോകം മുഴുവൻ ലോകകപ്പ് ആവേശത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിന്റെ സ്വപ്ന ഫൈനൽ പോരാട്ടത്തിന് പന്തുരളും. യുദ്ധക്കെടുതികൾക്ക് നടുവിലാണെങ്കിലും പലസ്തീനിലും ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ഒട്ടും കുറവില്ല. ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോൾ ഗാസയിലെ ഫുട്ബോൾ ആരാധകരുടെ പിന്തുണ മുഴുവനും സ്പെയിനാണ്. പലസ്തീനികളോട് സ്പെയിൻ കാണിച്ച ഐക്യദാർഢ്യം മുൻനിർത്തിയാണ് ആരാധകരുടെ ഈ തീരുമാനമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
പലസ്തീന് വേണ്ടി നിലകൊണ്ടതുകൊണ്ട് താൻ പൂർണ്ണമായും സ്പെയിനൊപ്പമാണെന്ന് ഗാസയിലെ അഹമ്മദ് അൽ-ബോസിം എന്ന മുപ്പത്തിമൂന്നുകാരനായ ഫുട്ബോൾ ആരാധകൻ പറയുന്നു.
ഇസ്രായേലിന്റെ ആക്രമണങ്ങൾക്കിടയിൽ സ്പാനിഷ് സർക്കാർ സ്വീകരിച്ച നിലപാടുകളും, ബാഴ്സലോണ താരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള സ്പാനിഷ് കായികതാരങ്ങൾ പരസ്യമായി നൽകിയ പിന്തുണയുമാണ് ഗാസയിലെ ഭൂരിഭാഗം ആളുകളെയും സ്പെയിൻ അനുകൂലികളാക്കി മാറ്റിയത്.
ഫൈനൽ മത്സരത്തെക്കുറിച്ചുള്ള ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, രണ്ട് വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾ കാരണം കളി കാണുന്നത് വളരെ ബുദ്ധിമുട്ടായിട്ടും ഗാസയിലും ആവേശം ഒട്ടും ചോർന്നിട്ടില്ല. വൈദ്യുതി ലഭ്യമായാൽ മാത്രമേ ആളുകൾക്ക് കളി കാണാൻ കഴിയൂ എന്നും, എന്നാൽ ഇന്ധനക്ഷാമവും അമിതവിലയും കാരണം ജനറേറ്ററുകൾ പലപ്പോഴും പ്രവർത്തിപ്പിക്കാൻ കഴിയാറില്ലെന്നും മുൻ ഫുട്ബോൾ താരവും സ്റ്റേഡിയം മാനേജറുമായ അദ്നാൻ അൽ-അഫീഫി പറഞ്ഞു.
യുദ്ധം മൂലം നഷ്ടപ്പെട്ട കായിക അന്തരീക്ഷം തിരിച്ചുപിടിക്കാൻ അഫീഫി ഗാസ സിറ്റിയിലെ പലസ്തീൻ സ്പോർട്സ് ക്ലബ്ബിൽ ലോകകപ്പ് മാതൃകയിലുള്ള സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ ഗാസയിൽ പ്രവർത്തിക്കുന്ന ഏക ഫുട്ബോൾ ക്ലബ്ബാണിത്. ഇവിടെ പലസ്തീനെയും സ്പെയിനെയും പ്രതിനിധീകരിക്കുന്ന ടീമുകൾ തമ്മിൽ പ്രൊഫഷണൽ മത്സരങ്ങളുടെ മാതൃകയിൽ വി.എ.ആർ (VAR) സംവിധാനം വരെ ഉൾപ്പെടുത്തി പ്രദർശന മത്സരങ്ങൾ നടത്തിയാണ് അവർ സ്പാനിഷ് ടീമിന് പിന്തുണ പ്രഖ്യാപിച്ചത്.
2024 മെയ് മാസത്തിൽ സ്പാനിഷ് സർക്കാർ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. വെടിനിർത്തലിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ആഹ്വാനം ചെയ്ത സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇരുരാജ്യങ്ങളും നിലനിൽക്കുന്ന പരിഹാരത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ യമാൽ, മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തുടങ്ങിയ പ്രമുഖ കായിക വ്യക്തിത്വങ്ങൾ ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് പലസ്തീനികൾക്ക് ഫുട്ബോളിനപ്പുറമുള്ള വലിയൊരു പിന്തുണയായി മാറി.
യുദ്ധത്തിന്റെ നാശനഷ്ടങ്ങൾക്കിടയിലും ഗാസയിലെ ഫുട്ബോൾ പതുക്കെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഗാസയിലെ പ്രധാന സ്റ്റേഡിയങ്ങളെല്ലാം യുദ്ധം മൂലമുള്ള പലായനം കാരണവും സുരക്ഷാ പ്രശ്നങ്ങൾ കാരണവും ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് അദ്നാൻ അൽ-അഫീഫി പറയുന്നു. ദുരിതങ്ങൾക്കിടയിലും ലോകകപ്പ് ഗാസയിലെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായി തുടരുന്നുണ്ട്, അത് അവർക്ക് യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്ന് 90 മിനിറ്റെങ്കിലും മാറിനിൽക്കാനുള്ള അവസരം നൽകുന്നു. പലസ്തീൻ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടിയ സ്പെയിന് അതിനുള്ള പ്രതിഫലമായി ലോകകപ്പ് വിജയം ലഭിക്കട്ടെ എന്നും സ്പെയിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ഇത് അർജന്റീനയോടുള്ള ശത്രുതയല്ലെന്നും മുൻ ഫുട്ബോൾ താരം കൂടിയായ അഫീഫി വ്യക്തമാക്കി.
New Delhi,New Delhi,Delhi














