മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് കളമൊരുങ്ങുന്നു; മത്സരം ഒക്ടോബർ 6ന് | | ACTPnews

ലയണൽ മെസ്സി


Last Updated:

അർജന്റീന സ്വന്തം മണ്ണിൽ മൂന്ന് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. സെപ്റ്റംബർ 30ന് കോർഡോബയിൽ ബൊളീവിയക്കെതിരെയാണ് ആദ്യ മത്സരം

ലയണൽ മെസ്സി
ലയണൽ മെസ്സി

2026 ഓഗസ്റ്റ് 31ന് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനയ്ക്കൊപ്പമുള്ള തന്റെ രാജ്യാന്തര കരിയറിന് വിരാമമിട്ടിരുന്നു. എന്നാൽ നാട്ടിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ വിടവാങ്ങൽ മത്സരത്തിനായി ടീമിൽ ഉൾപ്പെടുത്തിയതോടെ ഒക്ടോബർ 6ന് മെസ്സി അവസാനമായി ‘ആൽബിസെലെസ്റ്റെ’ (അർജന്റീന) ജേഴ്സിയണിയും.

മെസ്സി രാജ്യാന്തര കരിയർ എത്രകാലം കൂടി തുടരുമെന്നതിനെക്കുറിച്ച് നേരത്തേ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. 2028ലെ കോപ്പ അമേരിക്കയായിരിക്കും അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര ടൂർണമെന്റെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസമാണ് അർജന്റീന ദേശീയ ടീമിൽനിന്ന് വിരമിക്കുന്നതായി മെസ്സി പ്രഖ്യാപിച്ചത്. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ തന്നെ അദ്ദേഹം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഒരു അവസാന മത്സരത്തിനായി മെസ്സി വീണ്ടും അർജന്റീനയുടെ കുപ്പായമണിയും. ഒക്ടോബർ 6ന് ബ്യൂണസ് അയേഴ്സിൽ ബെനിനെതിരേ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള 26 അംഗ പ്രാഥമിക ടീമിൽ പരിശീലകൻ ലയണൽ സ്കലോണി മെസ്സിയെ ഉൾപ്പെടുത്തി.

അർജന്റീന സ്വന്തം മണ്ണിൽ മൂന്ന് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. സെപ്റ്റംബർ 30ന് കോർഡോബയിൽ ബൊളീവിയക്കെതിരെയാണ് ആദ്യ മത്സരം. തുടർന്ന് ഒക്ടോബർ 3ന് ബ്യൂണസ് അയേഴ്സിലെ റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോണുമെന്റലിൽ ബുർക്കിന ഫാസോയെ നേരിടും. മൂന്ന് ദിവസത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിലാണ് മെസ്സിയുടെ വിടവാങ്ങൽ മത്സരം.

2022ലെ ഖത്തർ ലോകകപ്പിൽ മെസ്സിക്കൊപ്പം കിരീടം നേടിയ ജിയോവാനി ലോ സെൽസോ, റോഡ്രിഗോ ഡി പോൾ എന്നിവരും ടീമിലുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരായ സൗഹൃദ മത്സരത്തിൽ മാത്രമായിരിക്കും മെസ്സി കളിക്കുകയെന്നാണ് റിപ്പോർട്ട്.

മെസ്സി അർഹിക്കുന്ന യാത്രയയപ്പ്

നാല് വർഷം മുമ്പ് ലോകകപ്പ് നേടിയ അർജന്റീന ടീമിലെ മുഴുവൻ അംഗങ്ങളെയും ബെനിനെതിരായ മത്സരത്തിലേക്ക് ക്ഷണിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസ്താവനയിൽ അറിയിച്ചു.

“ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, ലോകത്തിലെ മികച്ച താരവും ദേശീയ ടീമിന്റെ മുഖമുദ്രയും ക്യാപ്റ്റനുമായ ലയണൽ മെസ്സിയെ ഈ മത്സരത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 6ന് അർജന്റീനയിൽ നടക്കുന്ന മത്സരത്തിലൂടെ അദ്ദേഹം അർഹിക്കുന്ന യാത്രയയപ്പ് നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം,” എഎഫ്എ അറിയിച്ചു.

“ലയണലിന്റെ സമ്മതം ലഭിച്ചതിനെ തുടർന്ന് 2022ലെ ഖത്തർ ലോകകപ്പിൽ അദ്ദേഹത്തിനൊപ്പം കളിച്ച ലോകകപ്പ് ജേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച താരത്തിന്റെ ‘അവസാന നൃത്തത്തിന്’ സാക്ഷ്യം വഹിക്കാൻ ദേശീയ ടീമിനെ പിന്തുണയ്ക്കുന്ന എല്ലാ അർജന്റീനക്കാർക്കും ഇത് അവിസ്മരണീയമായ അവസരമായിരിക്കും,” പ്രസ്താവനയിൽ പറയുന്നു.

ബെനിനെതിരായ മത്സരം അർജന്റീന ജേഴ്സിയിൽ മെസ്സിയുടെ 208-ാം മത്സരമായിരിക്കും. രാജ്യത്തിനായി ഇതുവരെ 125 ഗോളുകൾ നേടിയ മെസ്സി, വിടവാങ്ങൽ മത്സരത്തിൽ ഗോൾനേട്ടം ഉയർത്താനുള്ള ശ്രമത്തിലാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *