Last Updated:
2011, 2015, 2019, 2023 എന്നീ നാല് ലോകകപ്പുകളിൽ കോഹ്ലി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന 2027-ലെ ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായുള്ള തന്റെ അവസാന 50 ഓവർ ടൂർണമെന്റായിരിക്കുമെന്ന് ബാറ്റിംഗ് സൂപ്പർതാരം വിരാട് കോഹ്ലി സ്ഥിരീകരിച്ചു. 2011, 2015, 2019, 2023 എന്നീ നാല് ലോകകപ്പുകളിൽ കോഹ്ലി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2011-ലെ ടൂർണമെന്റിലായിരുന്നു കോലിയുടെ ലോകകപ്പ് അരങ്ങേറ്റം. ഹോം ഗ്രൗണ്ടിൽ നടന്ന ആ ലോകകപ്പിൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പ് കിരീടം സ്വന്തമാക്കാനും കോഹ്ലിക്കായി.
ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായ അദ്ദേഹം, 2023-ലെ എഡിഷനിൽ 765 റൺസ് നേടി ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 314 ഏകദിനങ്ങളിൽ നിന്ന് 14,941 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കവെയാണ് അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി തന്റെ സർവ്വസ്വ്വവും നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്.
അടുത്ത വർഷത്തെ ടൂർണമെന്റ് ഇന്ത്യയ്ക്കായി താൻ കളിക്കുന്ന അവസാന ലോകകപ്പായിരിക്കുമെന്നും, കിരീടം നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി എന്തു ചെയ്യാനും താൻ പൂർണ്ണമായും തയ്യാറാണെന്നും കോഹ്ലി പറഞ്ഞു. 50 ഓവർ ലോകകപ്പിന്റെ തീവ്രത മറ്റേതിനേക്കാളും വലുതാണ്, ഒരു ടി20 ലെവൽ തീവ്രതയുള്ള ഏകദേശം 10 മത്സരങ്ങൾ പോലെയാണത്. എന്നാൽ നിങ്ങൾ വൺഡേയിൽ രണ്ടര ടി20 മത്സരങ്ങളാണ് കളിക്കുന്നത്. അത്രയും വലിയ ടൂർണമെന്റിൽ 10 മത്സരങ്ങളിലും ആ തീവ്രത നിലനിർത്തുക എന്നത് വലിയൊരു കാര്യമാണ്. കൂടാതെ ഇപ്പോൾ ഇത് വിദേശ സാഹചര്യങ്ങളിലാണ് നടക്കുന്നത്. അത് വളരെയധികം ഊർജ്ജം ആവശ്യപ്പെടുന്നു എന്നും കോഹ്ലി വ്യക്തമാക്കി.
അതേസമയം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും 2027 ഏകദിന ലോകകപ്പിൽ കളിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ലോകകപ്പിനായി താൻ കാത്തിരിക്കുകയാണെന്നും വരാനിരിക്കുന്ന വെല്ലുവിളികൾക്കായി തയ്യാറെടുക്കുകയാണെന്നും രോഹിത് പറഞ്ഞു. നമ്മൾ കളിക്കുന്നിടത്തോളം കാലം എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകും. ലോകകപ്പിനായും തനിക്ക് മുന്നിലുള്ള കാര്യങ്ങൾക്കായും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് കളിക്കുമ്പോൾ, ഒരു ഐ.സി.സി ടൂർണമെന്റ് കളിക്കുമ്പോൾ അതിന്റേതായ സവിശേഷമായ വെല്ലുവിളികളുണ്ട്, കാരണം വ്യത്യസ്ത എതിരാളികളെ നേരിടുന്നു, വ്യത്യസ്ത വേദികളിൽ കളിക്കുന്നു. അതിനാൽ വ്യത്യസ്തമായി തയ്യാറെടുക്കണം, വ്യത്യസ്തമായി ചിന്തിക്കണം, അതാണ് വെല്ലുവിളിയെന്നും രോഹിത് കൂട്ടിച്ചേർത്തു.














