IND vs WI ODI | തകർപ്പൻ സെഞ്ച്വറിയുമായി കോഹ്ലിയും ക്യാപ്റ്റൻ ഗില്ലും; കാര്യവട്ടം ഏകദിനത്തിൽ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം  | | ACTPnews

News18


Last Updated:

കോഹ്‌ലിയുടെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ 41.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു

News18
News18

റെക്കോർഡുകളും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളും നിറഞ്ഞ ഒരു ആവേശപ്പോരാട്ടത്തിനായിരുന്നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം, സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ 41.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു.പരമ്പരയിലെ രണ്ടാം ഏകദിനം ബുധനാഴ്ച ഗുവാഹത്തിയില്‍ നടക്കും

സ്കോര്‍ : വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 295-7, ഇന്ത്യ 41.4 ഓവറില്‍ 300-2.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ജസ്റ്റിൻ ഗ്രീവ്സിന്റെ സെഞ്ച്വറിയുടെയും (101 പന്തിൽ 101), ജോൺ കാംപ്‌ബെല്ലിന്റെയും (62) കരുത്തിൽ ആദ്യ വിക്കറ്റിൽ അവർ 135 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവാണ് കളി തിരിച്ചുപിടിച്ചത്. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് വിൻഡീസിനെ വലിയ സ്കോറിൽ നിന്ന് തടഞ്ഞു. അവസാന ഓവറുകളിൽ ആമിർ ജാംഗോ നടത്തിയ ചെറുത്തുനിൽപ്പുകൂടി ചേർന്നപ്പോൾ സന്ദർശകർ 50 ഓവറിൽ 7 വിക്കറ്റിന് 295 റൺസ് എടുത്തു.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ (32) നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും കളി പൂർണ്ണമായും ഇന്ത്യയുടെ വരുതിയിലാക്കി. മൈതാനത്തിന്റെ നാനാഭാഗത്തേക്കും പന്ത് പായിച്ച ഇരുവരും വിൻഡീസ് ബൗളർമാരെ കാഴ്ചക്കാരാക്കി മാറ്റി. 96 പന്തിൽ സെഞ്ച്വറി തികച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 110 റൺസെടുത്ത് പുറത്തായപ്പോൾ, പിന്നീട് ക്രീസിലെത്തിയ ഋതുരാജ് ഗെയ്‌ക്‌വാദിനെ കൂട്ടുപിടിച്ച് കോഹ്‌ലി കളം വാണു. ഏകദിന കരിയറിലെ 55-ാം സെഞ്ച്വറി കുറിച്ച കോഹ്‌ലി, 88 പന്തിൽ നിന്ന് 139 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയതീരത്തേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ സുവർണ്ണ അധ്യായവും വിരാട് കോഹ്‌ലി കുറിച്ചു. ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന ചരിത്രനേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഈ മത്സരത്തിന് ഇറങ്ങുമ്പോൾ ഈ നാഴികക്കല്ല് പിന്നിടാൻ 59 റൺസ് കൂടി വേണ്ടിയിരുന്ന താരം, വെറും 47 പന്തുകൾ നേരിട്ടാണ് ഈ അവിസ്മരണീയ നേട്ടത്തിലെത്തിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഈ റെക്കോർഡിൽ എത്തുന്ന ഏക താരമാണ് കോഹ്‌ലി.

1989 നും 2012 നും ഇടയിൽ 463 ഏകദിന മത്സരങ്ങൾ കളിച്ച് 18,426 റൺസ് നേടിയ സച്ചിൻ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാൽ സച്ചിനെക്കാൾ വളരെ കുറഞ്ഞ മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. കാര്യവട്ടത്ത് നടക്കുന്ന മത്സരം അദ്ദേഹത്തിന്റെ കരിയറിലെ 315-ാമത്തെ ഏകദിനമാണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 15,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും ഇനി കോഹ്‌ലിക്ക് സ്വന്തമാണ്. റൺവേട്ടയ്ക്കിടെ 29-ാം ഓവറിൽ അൽസാരി ജോസഫിന്റെ പന്തിൽ ബൗണ്ടറി പായിച്ചാണ് കോഹ്‌ലി തന്റെ വ്യക്തിഗത സ്കോർ 57-ൽ നിന്ന് 15,002 റൺസിലേക്ക് എത്തിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *