Last Updated:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം, എക്സ് (X), യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ വ്യാജ വീഡിയോകൾ നിർമ്മിച്ചെന്നാണ് ഗംഭീറിന്റെ പരാതി
AI ഉപയോഗിച്ച് വ്യക്തിത്വം ചെയ്യുന്നതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയിൽ സിവിൽ സ്യൂട്ട് ഫയൽ ചെയ്തു. 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം, എക്സ് (X), യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ വ്യാജ വീഡിയോകൾ നിർമ്മിച്ചെന്നാണ് ഗംഭീറിന്റെ പരാതി. താൻ ഒരിക്കലും പറയാത്ത കാര്യങ്ങൾ പറയുന്നതായി കാണിക്കുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിൽ രാജിക്കത്ത് എന്ന പേരിൽ പ്രചരിച്ച ഒരു വീഡിയോയ്ക്ക് 29 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായെന്നും പരാതിയിൽ പറയുന്നു. മുതിർന്ന താരങ്ങളുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതായി തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോ 17 ലക്ഷത്തിലധികം പേർ കണ്ടു.
സോഷ്യൽ മീഡിയയ്ക്ക് പുറമെ ഓൺലൈൻ വ്യാപാര സൈറ്റുകളിലും തന്റെ പേരും ചിത്രവും അനുവാദമില്ലാതെ ഉപയോഗിച്ച് പോസ്റ്ററുകളും ഉൽപ്പന്നങ്ങളും വിൽക്കുന്നതായും ഗംഭീറിന്റെ നിയമസംഘം ആരോപിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, മെറ്റാ, എക്സ് കോർപ്പറേഷൻ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ, വിവിധ വ്യക്തിഗത അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ 16 പ്രതികളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയത്തെയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെയും കേസിൽ കക്ഷികളാക്കി.
ഇന്ത്യയിലെ കോപ്പിറൈറ്റ് നിയമം, ട്രേഡ് മാർക്ക് നിയമം എന്നിവയ്ക്ക് പുറമെ മുൻപ് സമാനമായ കേസുകളിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും തന്റെ പേരോ ചിത്രമോ ശബ്ദമോ ദുരുപയോഗം ചെയ്യുന്നത് സ്ഥിരമായി തടയണമെന്നുമാണ് ഗംഭീറിന്റെ ആവശ്യം.ഇതുവരെ പ്രചരിച്ച വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അവയിലൂടെ ലഭിച്ച വരുമാനം വെളിപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത വ്യക്തികളുടെ ഡീപ്‌ഫേക്ക് വീഡിയോകൾ അനുവാദമില്ലാതെ നിർമ്മിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനടപടി.
New Delhi,New Delhi,Delhi












