Vithya Ramraj ലോറി ഡ്രൈവറുടെ മകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിലേക്ക്; പി ടി ഉഷയുടെ ദേശീയ റെക്കോർഡ് തകർത്ത് വിത്യ രാംരാജ് | | ACTPnews

Vithya Ramraj ലോറി ഡ്രൈവറുടെ മകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിലേക്ക്; പി ടി ഉഷയുടെ ദേശീയ റെക്കോർഡ് തകർത്ത് വിത്യ രാംരാജ് |


ജപ്പാനിലെ നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് 2026ൽ തമിഴ്നാട് താരം വിത്യ രാംരാജ് മൂന്ന് മെഡലുകൾ നേടി ഇന്ത്യയ്ക്ക് അഭിമാനമായി. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് താരം സ്വന്തമാക്കിയത്. ഇതോടൊപ്പം ഇന്ത്യൻ കായിക ഇതിഹാസം പി ടി ഉഷയുടെ ദീർഘകാല ദേശീയ റെക്കോർഡും വിത്യ തിരുത്തിക്കുറിച്ചു. മകളുടെ തുടർച്ചയായ വിജയങ്ങൾ മാതാപിതാക്കൾ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണം, 4×400 മീറ്റർ മിക്സ്ഡ് റിലേയിൽ വെള്ളി, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം എന്നിവയാണ് വിത്യ നേടിയത്.

400 മീറ്റർ ഹർഡിൽസിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇതോടെ 1984 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി ടി ഉഷ സ്ഥാപിച്ചിരുന്ന 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡ് മറികടക്കാനും താരത്തിന് സാധിച്ചു. മൂന്ന് വർഷം മുമ്പ് വിത്യ ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നെങ്കിലും ഇത്തവണ അതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വിത്യയുടെ നേട്ടത്തെ അഭിനന്ദിച്ച തമിഴ്നാട് സർക്കാർ നേട്ടത്തിന് 75 ലക്ഷം രൂപയും മെഡലുകൾക്കായി 30 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചു. താരത്തിന്റെ കഴിവിനെയും കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും സർക്കാർ പ്രശംസിച്ചു.

കോയമ്പത്തൂർ ജില്ലയിലെ മധുക്കരൈക്ക് സമീപമുള്ള മീനാക്ഷിപുരം ഗ്രാമത്തിലെ മുൻ ലോറി ഡ്രൈവറായ രാംരാജിന്റെയും മീനയുടെയും മകളാണ് വിത്യ. ദമ്പതികൾക്ക് സത്യ, വിത്യ, നിത്യ എന്നിങ്ങനെ മൂന്ന് പുത്രിമാരാണുള്ളത്. ഇരട്ട സഹോദരിമാരായ വിത്യയും നിത്യയും സ്കൂൾ കാലം മുതൽ തന്നെ കായികരംഗത്ത് സജീവമായിരുന്നു.

സ്പോർട്സ് ക്വാട്ട വഴി വിത്യ റെയിൽവേയിൽ ജോലി ചെയ്യുമ്പോൾ, നിത്യ ആദായ നികുതി വകുപ്പിലാണ് ജോലി ചെയ്യുന്നത്.

ന്യൂസ്18 തമിഴിന് നൽകിയ അഭിമുഖത്തിൽ മകൾ നേടിയ നേട്ടം കുടുംബത്തിന് പറയാനാകാത്ത സന്തോഷമാണ് നൽകിയതെന്ന് അമ്മ മീന പറഞ്ഞു. മൂന്ന് വർഷം മുമ്പ് പി ടി ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയതിന് ശേഷം അത് മറികടക്കുക എന്ന ലക്ഷ്യത്തോടെ വിത്യ കഠിനമായി പരിശീലനം നടത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.

അടുത്തിടെ വിത്യ മാതാപിതാക്കളെ ആദ്യമായി വിമാനയാത്രയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും ഇനി വിദേശത്തേക്ക് കൊണ്ടുപോകാൻ പാസ്‌പോർട്ട് എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീന പറഞ്ഞു.

മൂന്ന് വർഷം മുമ്പ് ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയപ്പോഴും കുടുംബത്തിന് വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നുവെന്നും ഇപ്പോൾ അത് മറികടന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പിതാവ് രാംരാജ് പറഞ്ഞു.

400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലാണ് ലഭിച്ചതെങ്കിലും പി ടി ഉഷയുടെ ദീർഘകാല റെക്കോർഡ് തകർത്തെന്നത് തനിക്ക് സ്വർണം നേടിയതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് “പി ടി ഉഷയെ പോലെ ഓടരുത്” എന്ന് പറഞ്ഞവർ ഇനി “വിത്യയെ പോലെ ഓട്” എന്ന് പറയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരം കാണാൻ രാത്രി മുഴുവൻ ഉറങ്ങാതെ ചായ കുടിച്ച് ടെലിവിഷന് മുന്നിലിരുന്നുവെന്ന് രാംരാജ് പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് പടക്കം വാങ്ങി പൊട്ടിച്ചതെന്നും അത് മകളുടെ നേട്ടം ആഘോഷിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാംരാജ്, മക്കളുടെ നിർദേശത്തെ തുടർന്ന് ജോലി നിർത്തിയിരിക്കുകയാണ്. ഇപ്പോൾ മീനാക്ഷിപുരത്ത് ആടുകളെ വളർത്തിയാണ് കഴിയുന്നത്. മക്കൾ സ്വന്തം കരിയറിൽ ഉയരങ്ങളിലേക്ക് എത്തുന്നത് കാണുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *