Last Updated:
കുറഞ്ഞ കാഴ്ചക്കാരുടെ എണ്ണം, മോശം വാണിജ്യ നേട്ടങ്ങൾ, വൻ സാമ്പത്തിക നഷ്ടം എന്നിവ കാരണമാണ് ഐ.സി.സി ചാമ്പ്യൻസ് ലീഗ് ടി20 നിർത്തലാക്കിയത്
ക്രിക്കറ്റിലെ വമ്പൻമാരായ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്, ഏറെക്കാലമായി ചർച്ചയിലുണ്ടായിരുന്ന ഗ്ലോബൽ ഫ്രാഞ്ചൈസി ടി20 ടൂർണമെന്റ് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഉപേക്ഷിച്ചു. നിറുത്തലാക്കിയ ചാമ്പ്യൻസ് ലീഗ് ടി20 (സി.എൽ.ടി.20) മാതൃകയിൽ ഒരു ടൂർണമെന്റ് കൊണ്ടുവരാനായിരുന്നു ഐ.സി.സി ലക്ഷ്യമിട്ടിരുന്നത്. ദ ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, 2031 വരെ ഈ ടൂർണമെന്റോ മറ്റ് പുതിയ ബഹുമുഖ ടൂർണമെന്റുകളോ ഐ.സി.സി അവതരിപ്പിക്കില്ല.
ഇന്ത്യൻ പ്രീമിയർ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്ഥാൻ സൂപ്പർ ലീഗ് തുടങ്ങിയ ലീഗുകളിലെ മികച്ച ടീമുകൾ ഏറ്റുമുട്ടിയിരുന്ന അന്താരാഷ്ട്ര ക്ലബ് ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റായിരുന്നു 2009 നും 2014 നും ഇടയിൽ നടന്ന സി.എൽ.ടി.20. എന്നാൽ കുറഞ്ഞ കാഴ്ചക്കാരുടെ എണ്ണം, മോശം വാണിജ്യ നേട്ടങ്ങൾ, വൻ സാമ്പത്തിക നഷ്ടം എന്നിവ കാരണം പിന്നീട് ഇത് നിർത്തലാക്കുകയാണുണ്ടായത്. എങ്കിലും, കൂടുതൽ സജീവമായ ആധുനിക ടി20 ലീഗുകളുടെ പശ്ചാത്തലത്തിൽ ഈ ടൂർണമെന്റ് വീണ്ടും കൊണ്ടുവരാൻ പറ്റിയ സമയമാണിതെന്ന് നിരീക്ഷകർ കരുതിയിരുന്നു. ലോകമെമ്പാടുമുള്ള സ്വകാര്യ ടി20 ഫ്രാഞ്ചൈസി ലീഗുകളിൽ നിന്ന് യാതൊരു വരുമാനവും ലഭിക്കാത്ത ഐ.സി.സിയെ സംബന്ധിച്ചിടത്തോളം, കനത്ത വരുമാനം ഉണ്ടാക്കാനുമുള്ള ഒരു അവസരമായാണ് ഇതിനെ കണ്ടിരുന്നത്.
വളരെ വിവാദപരമാണെങ്കിലും ഏറെ വിജയകരമായ ഫിഫ ക്ലബ് ലോകകപ്പിന്റെ മാതൃകയായിട്ടാണ് ഐ.സി.സി ഇതിനെ കണ്ടിരുന്നത്. ദ്വിരാഷ്ട്ര പരമ്പരകൾ നടക്കുന്ന സമയങ്ങളിൽ ചതുർരാജ്യ ടി20 ടൂർണമെന്റുകൾ അവതരിപ്പിക്കാനും ഐ.സി.സി പദ്ധതിയിട്ടിരുന്നു. എന്നാൽ ക്രിക്കറ്റ് വരുമാനത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്ന ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ബോർഡുകൾ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. നിലവിലെ ക്രിക്കറ്റ് കലണ്ടറിൽ പുതിയ ടൂർണമെന്റുകൾക്കായി മറ്റ് ഒഴിവുകളൊന്നുമില്ലെന്ന നിലപാടിലാണ് ഈ രാജ്യങ്ങൾ ഉറച്ചുനിന്നത്.
ഈ മൂന്ന് രാജ്യങ്ങളുടെയും അഭിപ്രായത്തിൽ, ഇത്തരം ഒരു ടൂർണമെന്റ് തിരിച്ചുവരണമെങ്കിൽ ലോകകപ്പുകൾ, ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ മറ്റ് ഐ.സി.സി ടൂർണമെന്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടി വരും. ഈ തടസ്സങ്ങൾ കാരണം 2027-2031 സൈക്ലിലെ വരാനിരിക്കുന്ന ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം (എഫ്.ടി.പി) നിലവിലുള്ളതിന് സമാനമായി തന്നെ തുടരും. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വികസിപ്പിക്കുക എന്നത് മാത്രമായിരിക്കും ഇതിൽ വരുത്താൻ സാധ്യതയുള്ള ഒരേയൊരു മാറ്റം.
പുതിയ മീഡിയ അവകാശങ്ങൾ നടപ്പിലാക്കുമ്പോൾ വാണിജ്യ വരുമാനത്തിന്റെ വലിയൊരു പങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഐ.സി.സി പുതിയ ടൂർണമെന്റുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഐ.സി.സിക്ക് വലിയ വരുമാനം നൽകുന്ന ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ നിലവിൽ ആ നിക്ഷേപങ്ങൾ വെട്ടിക്കുറയ്ക്കുകയാണ്. അതിനാൽ മറ്റ് മാർഗ്ഗങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കാനാണ് ഐ.സി.സി ശ്രമിക്കുന്നതെങ്കിലും, വമ്പൻ രാജ്യങ്ങളുടെ എതിർപ്പ് കാരണം അത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. നിലവിലുള്ള ഈ അധികാര തുടർച്ച ടി20 മത്സരങ്ങളിലൂടെ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും കായികരംഗത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനും ഈ രാജ്യങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നു.














