Last Updated:
2016-ൽ ടി20 ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ഹർമൻപ്രീത് ഒരു ദശാബ്ദക്കാലം ആ സ്ഥാനം അലങ്കരിച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള തന്റെ ദീർഘകാലത്തെ സേവനം അവസാനിപ്പിച്ചതായി ഹർമൻപ്രീത് കൗർ. ഇനി ക്രിക്കറ്റിനോടുള്ള സ്നേഹത്തിന് വേണ്ടി മാത്രം കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുകൊണ്ട് അവർ വ്യക്തമാക്കി.
ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടന്ന ബിസിസിഐ അവലോകന യോഗത്തിന് ശേഷമാണ് ഹർമൻപ്രീതിന്റെ തീരുമാനം പുറത്തുവന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ടീമിന്റെ പ്രകടനം വിലയിരുത്താനായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹർമൻപ്രീത്, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഹെഡ് കോച്ച് അമോൽ മജുംദാർ എന്നിവർ പങ്കെടുത്തിരുന്നു.
2016-ൽ ടി20 ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ഹർമൻപ്രീത് ഒരു ദശാബ്ദക്കാലം ആ സ്ഥാനം അലങ്കരിച്ചു. 2022-ൽ ഏകദിന ക്യാപ്റ്റനായ അവർ, 2023-ഓടെ മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻസി ഏറ്റെടുക്കുകയായിരുന്നു.
“ഇന്ന് ഞാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ഇത് എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും,” ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഹർമൻപ്രീത് കുറിച്ചു.
“ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകിയിട്ടുണ്ട്. എന്റെ വിയർപ്പും സമയവും, പലപ്പോഴും എന്റെ സ്വന്തം കളിയിലെ നേട്ടങ്ങളും വ്യക്തിപരമായ ലക്ഷ്യങ്ങളും പോലും ഞാൻ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്,” ഹർമാൻപ്രീത് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ഇന്ത്യയെ കരിയറിലെ കന്നി ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും, ടി20 ഫോർമാറ്റിൽ തുടർച്ചയായി രണ്ടാമത്തെ ഏഷ്യൻ ഗെയിംസ് സ്വർണം നേടികൊടുക്കുകയും ചെയ്ത താരം, സമാധാനത്തോടെയും നിറഞ്ഞ മനസ്സോടെയുമാണ് ക്യാപ്റ്റൻ പദവി ഒഴിയുന്നതെന്ന് വ്യക്തമാക്കി. ആകെ 5 ടെസ്റ്റുകളിലും 51 ഏകദിനങ്ങളിലും 155 ടി20 മത്സരങ്ങളിലും ഹർമൻപ്രീത് ഇന്ത്യയെ നയിച്ചിട്ടുണ്ട്.
എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ ഇന്ത്യക്ക് സാധിക്കാതിരുന്നതും, ടി20 ഫോർമാറ്റിൽ സ്മൃതി മന്ദാന റൺസ് കണ്ടെത്താൻ വിഷമിച്ചതും കനത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഡയാന എഡുൽജി ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ഹർമൻപ്രീതിന് പകരം മന്ദാനയെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഹർമൻപ്രീത് വിട്ടുനിൽക്കുമ്പോഴെല്ലാം ദീർഘകാലമായി ടീമിന്റെ ഉപനായകയായ സ്മൃതി മന്ദാനയാണ് പകരക്കാരിയായി ചുമതലയേറ്റിരുന്നത്.














