Last Updated:
നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തതിനാൽ അവരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരങ്ങൾ നഷ്ടമായെന്നും മെസി വെളിപ്പെടുത്തി
തന്റെ ഫുട്ബോൾ ജീവിതത്തിൽ തനിക്കുണ്ടായ തെറ്റിനെ കുറിച്ച് വെളിപ്പെടുത്തി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ഇംഗ്ലീഷ് ഭാഷ അറിയായാത്തതിനാൽ പല പ്രമുഖരുമായും സംസാരിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നാണ് മെസിയുടെ വെളിപ്പെടുത്തൽ. മെക്സിക്കൻ പോഡ്കാസ്റ്റായ മിറോ ഡി അട്രാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ജീവിതത്തിൽ പല കാര്യങ്ങളിലും തനിക്ക് ഖേദമുണ്ട്. അതിലൊന്ന് ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാതിരുന്നതാണ്. ഇംഗ്ലീഷ് പഠിക്കാനെങ്കിലും എനിക്ക് സമയമുണ്ടായിരുന്നു. എന്നാൽ ഞാനത് ചെയ്തില്ല. അതിൽ എനിക്ക് കടുത്ത നിരാശയുണ്ട്. തന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തതിനാൽ അവരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരങ്ങൾ നഷ്ടമായെന്നും മെസി വെളിപ്പെടുത്തി.
ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് മെസി സമ്മതിച്ചു. പല വ്യക്തികൾക്കൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിച്ച സന്ദർഭങ്ങളുണ്ടായിരുന്നു. അവരുമായി സംസാരിക്കാമായിരുന്നു. എന്നാൽ ഭാഷ അറിയാത്ത ഒരാളെപ്പോലെ എനിക്ക് നിൽക്കേണ്ടിവന്നു. എന്തൊരു മണ്ടത്തരമാണ് ചെയ്തത്. എത്ര വിലപ്പെട്ട സമയമാണ് പാഴാക്കിയത് എന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും മെസി പറഞ്ഞു.
ചെറുപ്പത്തിൽ ഇതൊന്നും തിരിച്ചറിയില്ല. അതുകൊണ്ടാണ് ഇന്ന് ഞാൻ കുട്ടികളോട് നല്ല വിദ്യാഭ്യാസം നേടണമെന്നും പഠിക്കണമെന്നും ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ പഠിക്കണമെന്നും പറയുന്നത്. ഭാഷ അറിയാത്തത് പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്നും മെസി വ്യക്തമാക്കി.
ലോകത്തിലെ തന്നെ പ്രശസ്തനായ ഫുട്ബോൾ താരമായിട്ടും സ്പാനിഷ് ഭാഷയിലാണ് മെസി ആശയവിനിമയം നടത്തുന്നത്. മറ്റ് ഭാഷകൾ ആവശ്യമായ പലപ്പോഴും വിവർത്തകരുടെ സഹായം തേടിയിരുന്നു.
അർജന്റീനയിലെ സ്കൂൾ വിദ്യാഭ്യാസകാലത്തെ കുറിച്ചും താരം ഓർത്തെടുത്തു. ബാഴ്സലോണയിലേക്ക് പോകേണ്ടതുണ്ടെന്ന് ഉറപ്പായതോടെ സ്കൂൾ ജീവിതത്തിലെ അവസാന വർഷം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോയില്ലെന്നാണ് മെസി തുറന്നുപറഞ്ഞു. കൗമാരപ്രായത്തിൽ തന്നെ മെസി സ്പെയിനിലെത്തി അവിടെ ഫുട്ബോൾ പരിശീലനം തുടർന്നിരുന്നു.














