FIFA World Cup 2026: ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ടിൽ; രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡാനിയൽ നോബോവ | | ACTPnews

News18


Last Updated:

നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ 2-1 ന് പരാജയപ്പെടുത്തി ഇക്വഡോർ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നാണ് നേടിയത്

News18
News18

ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഇ മത്സരത്തിൽ, നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ 2-1 ന് പരാജയപ്പെടുത്തി ഇക്വഡോർ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നാണ് നേടിയത്. ഈ വിജയത്തോടെ ഇക്വഡോർ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.

ഇക്വഡോറിന്റെ വിജയത്തിന് ശേഷം, വിമർശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തിന് അഭിമാനവും സന്തോഷവും പകർന്നുനൽകിയ കളിക്കാർക്കും കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസിനും പ്രസിഡന്റ് ഡാനിയൽ നോബോവ നന്ദി അറിയിക്കുകയും, ഈ നേട്ടത്തിന്റെ ആഘോഷമായി വെള്ളിയാഴ്ച രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിക്കുകയും ചെയ്തു. വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും പ്രയാസമേറിയ സാഹചര്യങ്ങൾക്കും ഇരയായിട്ടും, അതിൽ നിന്നെല്ലാം ശക്തമായി തിരിച്ചുവന്ന് രാജ്യത്തിന് ഈ വലിയ സന്തോഷം സമ്മാനിച്ച കളിക്കാർക്കും കോച്ചിനും നന്ദി എന്നും, വെള്ളിയാഴ്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്നും ഇക്വഡോർ വാഴട്ടെ എന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് 1-0 ന് തോൽക്കുകയും രണ്ടാമത്തെ മത്സരത്തിൽ കുറസോവയ്ക്കെതിരെ ഗോൾരഹിത സമനില വഴങ്ങുകയും ചെയ്ത ശേഷമാണ് ഇക്വഡോർ ഈ മത്സരത്തിനിറങ്ങിയത്. ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത നേടിയിരുന്ന ജർമ്മനിക്കെതിരെ തികച്ചും ദുർബലരായാണ് കളി തുടങ്ങിയെങ്കിലും, ശക്തമായ പ്രകടനം കാഴ്ചവെച്ച് അവർ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ തന്നെ യോഗ്യത നേടിയിരുന്ന ജർമ്മനി തകർപ്പൻ തുടക്കമാണ് കുറിച്ചത്. ഫ്ലോറിയൻ വിർട്സ് നൽകിയ പാസിൽ സാനെ ലക്ഷ്യം കണ്ടതോടെ, തങ്ങളുടെ ആദ്യ ഷോർട്ടിൽ തന്നെ ജർമ്മനി ആദ്യ ലീഡ് നേടി. ബോക്സിനുള്ളിൽ മധ്യഭാഗത്തായി നിലയുറപ്പിച്ച സാനെ, ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് വന്ന പാസ് സ്വീകരിച്ച്, ഇക്വഡോർ ഗോൾകീപ്പർ ഹെർണാൻ ഗാലിൻഡെസിനെ മറികടന്ന് പന്ത് വലതുമൂലയിലേക്ക് ശാന്തമായി അടിച്ചു കയറ്റി.

ആദ്യമേ തന്നെ ഗോൾ വഴങ്ങേണ്ടി വന്നിട്ടും ഇക്വഡോർ തളർന്നില്ല. ഈ തിരിച്ചടിയിൽ പതറാതെ, അവർ കടുത്ത വീര്യത്തോടെയും ആത്മവിശ്വാസത്തോടെയും മത്സരത്തിലേക്ക് തിരിച്ചുവന്നു. ജർമ്മനിയുടെ മുന്നേറ്റങ്ങളെ തടയാൻ അവർ കൂടുതൽ സമ്മർദ്ദം ചെലുത്തി കളിച്ചു. ഇതിന്റെ ഫലമായി ഒൻപതാം മിനിറ്റിൽ മിഡ്ഫീൽഡിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നിൽസൺ ആംഗുലോ, മാനുവൽ നോയറെ കാഴ്ചക്കാരനാക്കി തൊടുത്ത ലോങ് റേഞ്ചർ ഷോട്ടിലൂടെ ഇക്വഡോറിന് സമനില സമ്മാനിച്ചു.

ദ്രുതഗതിയിലുള്ള പ്രത്യാക്രമണങ്ങളിലൂടെ ജർമ്മനിയുടെ താളം തെറ്റിച്ച ഇക്വഡോർ, കൂടുതൽ ആത്മവിശ്വാസം വീണ്ടെടുത്തതോടെ ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

മത്സരത്തിന്റെ നിർണ്ണായക നിമിഷം പിറന്നത് 77-ാം മിനിറ്റിലാണ്. വലതുഭാഗത്തുനിന്ന് ലഭിച്ച കോർണർ കിക്ക് കെവിൻ റോഡ്രിഗസ് കൃത്യമായി ഹെഡ് ചെയ്ത് ഗോൾ പോസ്റ്റിന് മുന്നിലേക്ക് നൽകി. പ്രതിരോധ നിരയെ മറികടന്ന് മുന്നോട്ട് കുതിച്ച ഗോൺസാലോ പ്ലാറ്റ വളരെ പെട്ടെന്ന് തന്നെ പന്ത് വലയ്ക്കുള്ളിലാക്കി.ഇക്വഡോറിന്റെ രണ്ടാം ഗോൾ.

അവിടെനിന്ന് സൗത്ത് അമേരിക്കൻ ടീമിന് കടുത്ത പ്രതിരോധത്തിലേക്ക് മാറേണ്ടി വന്നു. സമനിലയ്ക്കായി ജർമ്മനി തങ്ങളുടെ സർവ്വശക്തിയുമെടുത്ത് പോരാടിയെങ്കിലും ഇക്വഡോർ ദൃഢനിശ്ചയത്തോടെ പിടിച്ചുനിന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ പോലും ജർമ്മനി സമനില ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും ഇക്വഡോർ പ്രതിരോധം തകർന്നില്ല. ഏഴ് മിനിറ്റ് നീണ്ട അധിക സമയത്തിനൊടുവിൽ,  2-1 വിജയം ഇക്വഡോർ സ്വന്തമാക്കുകയും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇക്വഡോറിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് അവർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നത്. ഇതിനുമുമ്പ് 2006-ലാണ് അവർ ഈ നേട്ടം കൈവരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

FIFA World Cup 2026: ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ടിൽ; രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡാനിയൽ നോബോവ



Source link

Leave a Reply

Your email address will not be published. Required fields are marked *