Last Updated:
പരിക്കിന്റെ സമയത്ത് ക്രിക്കറ്റ് ബോർഡിൽ നിന്ന് ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ച് 2026-27 സീസണിന് മുന്നോടിയായി ശശാങ്ക് സിംഗ് ഛത്തീസ്ഗഢ് വിട്ട് പോണ്ടിച്ചേരി ടീമിലേക്ക് മാറി
പരിക്കിൽ നിന്നുള്ള മോചനത്തിലും പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളിലും ഛത്തീസ്ഗഢ് സ്റ്റേറ്റ് ക്രിക്കറ്റ് സംഘ് (CSCS) പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് 34-കാരനായ ഈ ഓൾറൗണ്ടർ ടീം വിടാൻ തീരുമാനിച്ചത്. CSCS-ൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അദ്ദേഹം, മുംബൈ വിക്കറ്റ് കീപ്പർ ബാറ്റർ പ്രസാദ് പവാറിനൊപ്പം അതിഥി താരമായിട്ടായിരിക്കും ഇനി പോണ്ടിച്ചേരിയെ പ്രതിനിധീകരിക്കുക.
കഴിഞ്ഞ സീസണിൽ തോളിന് ഗുരുതരമായി പരിക്കേൽക്കുകയും വിരലിന് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ തന്റെ ചികിത്സയിലോ തിരിച്ചുവരവിലോ യാതൊരു സഹായവും നൽകിയില്ലെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ശശാങ്ക് ആരോപിച്ചു. കൂടാതെ, ഛത്തീസ്ഗഢ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ നിന്നും ബെംഗളൂരുവിൽ നടന്ന പ്രീ-സീസൺ ക്യാമ്പിനുള്ള ടീമിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും, കാരണം തിരക്കിയിട്ടും യാതൊരു വിശദീകരണവും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ സീസണിൽ എനിക്ക് തോളിനും വിരലിനും ഗുരുതരമായ പരിക്ക പറ്റിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഛത്തീസ്ഗഢ് സ്റ്റേറ്റ് ക്രിക്കറ്റ് സംഘ് എന്നെ ഒട്ടും പിന്തുണച്ചില്ല,” അദ്ദേഹം പറഞ്ഞു.
2026-ലെ ഛത്തീസ്ഗഢ് ക്രിക്കറ്റ് പ്രീമിയർ ലീഗിലോ, ബെംഗളൂരുവിൽ പ്രീ-സീസൺ ക്യാമ്പിനായി പോയ ഛത്തീസ്ഗഢ് ടീമിലോ കാരണം വ്യക്തമാക്കാതെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് ശശാങ്ക് കൂട്ടിച്ചേർത്തു.
“ഞാൻ ഐപിഎൽ മാത്രമേ കളിക്കാൻ ആഗ്രഹിക്കുന്നുള്ളൂ എന്നും ഛത്തീസ്ഗഢിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ താല്പര്യപ്പെടുന്നില്ലെന്നുമാണ് എന്നോട് പറഞ്ഞത്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്; 2023-24 സീസണിലെ മികച്ച ആഭ്യന്തര ലിമിറ്റഡ് ഓവർ ഓൾറൗണ്ടർക്കുള്ള ‘ലാലാ അമർനാഥ് അവാർഡ്’ നൽകി കഴിഞ്ഞ വർഷം (2025 ഫെബ്രുവരിയിൽ) ബിസിസിഐ എന്നെ ഇന്ത്യയിലെ മികച്ച വൈറ്റ് ബോൾ ഓൾറൗണ്ടറായി തിരഞ്ഞെടുത്തിരുന്നു,” ശശാങ്ക് വ്യക്തമാക്കി.
തന്റെ ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഈ സീസണിൽ വൈറ്റ്-ബോൾ (പരിമിത ഓവർ) ക്രിക്കറ്റിന് മുൻഗണന നൽകുമെന്നും, റെഡ്-ബോൾ (ടെസ്റ്റ്/രഞ്ജി) ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
“എന്റെ ശരീരം ഇപ്പോഴും സജ്ജമാണ്. അതുകൊണ്ടാണ് ഞാൻ വൈറ്റ്-ബോൾ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ സീസണിൽ റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്യുന്നത്. പോണ്ടിച്ചേരിക്ക് വേണ്ടിയും ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടിയും ട്വന്റി-20 മത്സരങ്ങളിൽ നാല് ഓവറുകൾ മുഴുവനായി പന്തെറിയുക എന്നതാണ് എന്റെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
2025 ലെ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ ശശാങ്ക് നിർണായക പങ്ക് വഹിച്ചിരുന്നു; 153.51 സ്ട്രൈക്ക് റേറ്റിൽ 350 റൺസാണ് അന്ന് അദ്ദേഹം അടിച്ചുകൂട്ടിയത്. എന്നാൽ 2026-ലെ ഐപിഎൽ സീസണിൽ ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് 132 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
New Delhi,Delhi
‘ഞാൻ ഐപിഎൽ മാത്രമേ കളിക്കൂ എന്ന് പറഞ്ഞു’ ഛത്തീസ്ഗഢ് ടീം വിട്ട് ശശാങ്ക് സിംഗ്; പിന്തുണ ലഭിച്ചില്ലെന്ന് ആരോപണം














