അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ പിതാവ് ഹോർഹേ മെസ്സി മരിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. അർജന്റീനയിലെ ലുസു ചാനലിലെ 51 കാരിയായ ഫ്ലോറൻസിയ പെന എന്ന അവതാരകയാണ് രാജിവെച്ചത്.
ലുസു ടിവിയിലെ ‘എൽ ഷോ ഡെൽ വേരാനോ’ എന്ന തത്സമയ പരിപാടിക്കിടെയാണ് സംഭവം. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം നേടാൻ അർജന്റീനയെ സഹായിച്ച മെസിയുടെ ഹാട്രിക്കിന് പിന്നാലെയായിരുന്നു ഇത്.
മത്സരത്തിലുടനീളം മെസി വികാരാധീനനായിരുന്നു. ഗോൾ നേടിയതിന് പിന്നാലെ അദ്ദേഹം കണ്ണീർ തുടയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഈ ദൃശ്യങ്ങൾ ചില അഭ്യൂഹങ്ങൾക്ക് കാരണമായി. എന്നാൽ ഇത് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് കൂടുതൽ ശക്തമാക്കി അവതരിപ്പിച്ചത് പെനയായിരുന്നു.
“മോശം വാർത്ത പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ലോക കപ്പിനിടയിൽ തന്നെ മെസിക്ക് മടങ്ങിവരേണ്ടി വരും. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു.” തത്സമയ പ്രക്ഷേപണത്തിനിടെ അവതാരക ഇങ്ങനെ പറഞ്ഞു.
ഇത് ഉടൻ തന്നെ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ മെസ്സിയുടെ കുടുംബം ഇത് നിഷേധിച്ചു.
ഒരു പ്രസ്താവനയിലൂടെ മെസിയുടെ കുടുംബം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മെസിയുടെ പിതാവിന് ആരോഗ്യപ്രശ്നം നേരിടുന്നുണ്ടെങ്കിലും അദ്ദേഹം സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.
“ഹോർഹെയ്ക്ക് ആരോഗ്യപരമായ പ്രശ്നമുണ്ട്. അദ്ദേഹം മെഡിക്കൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയ്ക്കനുസരിച്ച് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു,” പ്രസ്താവന വ്യക്തമാക്കി.
‘ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ സൂക്ഷ്മത, ബഹുമാനം, മര്യാദ എന്നിവയില്ലാതെ പോയത് കുടുംബത്തിന് ശക്തമായ അസ്വസ്ഥത ഉണ്ടാക്കിയതായും അവർ അറിയിച്ചു.
“ഹോർഹെയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള യഥാർത്ഥവും കൃത്യവുമായ വിവരങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമേ അറിയൂ,” എന്ന് പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
വ്യാപകമായ വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് പെന ക്ഷമാപണം നടത്തി ലുസു ടിവിയിൽ നിന്നും താൻ രാജിവച്ചതായി സ്ഥിരീകരിച്ചു.
“മെസ്സി കുടുംബം കടന്നുപോകുന്ന അതികഠിനമായ നിമിഷത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഈ വേദനയ്ക്ക് കാരണമായതിൽ ഞാൻ അഗാധമായി ലജ്ജിക്കുന്നു,” അവർ പറഞ്ഞു.
തത്സമയ പരിപാടിക്കിടെ ലഭിച്ച വിവരം സ്ഥിരീകരിച്ചതാണെന്ന് തന്നെ അറിയിച്ച പ്രൊഡക്ഷൻ ടീമിനെ വിശ്വസിച്ചാണ് താൻ ഇങ്ങനെ പറഞ്ഞതെന്നും പെന വ്യക്തമാക്കി.
“ എന്നാൽ ഈ പിഴവിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് ലുസുവിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ചത്,” അവർ പറഞ്ഞു.
തുടർന്ന് ലുസു ടിവിയും പ്രസ്താവന പുറത്തിറക്കി. സംഭവം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതെന്ന് അവർ പ്രസ്താവിച്ചു.












