Last Updated:
കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്
ഹരാരെയിൽ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഓപ്പണർ സൂര്യവംശിയുടെ പ്രകടനം. വെറും 55 പന്തിൽ സെഞ്ചുറി തികച്ച സൂര്യവംശി, അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത സൂര്യവംശിയുടെ ഇന്നിംഗ്സിന്റെ കരുത്തിൽ ഇന്ത്യ 50 ഓവറിൽ 411/9 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരത്തിൽ പിടിമുറുക്കി. കാലേബ് ഫാൽക്കണർ 67 പന്തിൽ 115 റൺസുമായി പൊരുതിയെങ്കിലും 311 റൺസിന് ഇംഗ്ലണ്ട് പുറത്തായി. ബെൻ മയേസ് (45), നായകൻ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ മറികടക്കാനായില്ല.ഇന്ത്യക്കായി ആർ.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ക്യാപ്റ്റൻ ആയുഷ് മാത്രെയും ഖിലാൻ പട്ടേലും ഒരോ വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി.തുടക്കത്തിൽ ശ്രദ്ധയോടെയാണ് ഇന്ത്യ ബാറ്റേന്തിയത്. പവർപ്ലേയിലെ ആദ്യ ഓവറുകളിൽ മെല്ലെ തുടങ്ങിയ ഇന്ത്യ നാല് ഓവറിൽ 20 റൺസെത്തിയപ്പോഴേക്കും മലയാളി താരം ആരോൺ ജോർജിന്റെ ( 9) വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ടീമിനെ കരകയറ്റുന്ന കാഴ്ചയാണ് കണ്ടത്.സൂര്യവംശിക്കൊപ്പം ക്യാപ്റ്റൻ ആയുഷ് മാത്രെ (53) മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 19 ഓവറിൽ 142 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.സൂര്യവംശിയുടെ 175 റൺസ് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. 15 ഫോറുകളും 15 സിക്സറുകളുമാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത്. 32 പന്തിൽ അർധസെഞ്ചുറി തികച്ച താരം അടുത്ത 50 റൺസുകൾ വെറും 23 പന്തിൽ നിന്നാണ് അടിച്ചെടുത്തത്. ആകെ 175 റൺസിൽ 150 റൺസും ബൗണ്ടറികളിലൂടെയാണ് പിറന്നത്.സൂര്യവംശിക്ക് ശേഷം അഭിഗ്യാൻ കുണ്ടു (40), വേദാന്ത് ത്രിവേദി (32), വിഹാൻ മൽഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിവരും നിർണ്ണായക സംഭാവനകൾ നൽകിയതോടെ ഇന്ത്യ സുരക്ഷിതമായ സ്കോറിലെത്തി. ഇംഗ്ലീഷ് ബൗളർമാരായ റാൽഫി ആൽബർട്ടിനും ഫർഹാദ് അഹമ്മദിനും വലിയ പ്രഹരമാണ് സൂര്യവംശിയിൽ നിന്ന് നേരിടേണ്ടി വന്നത്.
ഈ ഇന്നിംഗ്സിലൂടെ നിരവധി റെക്കോർഡുകൾ സൂര്യവംശി തിരുത്തിക്കുറിച്ചു. ഒരു യൂത്ത് ഏകദിന ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (15) നേടുന്ന താരം, ഏറ്റവും വേഗത്തിൽ 150 റൺസ് തികയ്ക്കുന്ന താരം (71 പന്തിൽ) എന്നീ റെക്കോർഡുകൾ ഇനി ഈ 14-കാരന് സ്വന്തം. ടൂർണമെന്റിലുടനീളം 22 സിക്സറുകൾ പറത്തിയ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോർഡും മറികടന്നു. കൂടാതെ അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയായും അദ്ദേഹം മാറി. 26-ാം ഓവറിൽ പുറത്തായ സൂര്യവംശിയെ ഇംഗ്ലണ്ട് താരങ്ങൾ മൈതാനത്ത് വെച്ച് അഭിനന്ദിച്ചത് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റ് വർധിപ്പിച്ചു.
New Delhi,New Delhi,Delhi













