Last Updated:
റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് 2026-ന്റെ 100 മീറ്റർ ഫൈനലിലാണ് പഞ്ചാബിൽ നിന്നുള്ള 24 കാരനായ ഗുരീന്ദർവീർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്
റാഞ്ചിയിലെ ബിർസ മുണ്ട അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സീനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ പുതിയ ചരിത്രം കുറിച്ച് പഞ്ചാബ് താരം ഗുരീന്ദർവീർ സിങ്.പുരുഷൻമാരുടെ 100 മീറ്റർ മത്സരം വെറും 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി മാറിയത്.ഇതോടെ 100 മീറ്റർ ദൂരം 10.10 സെക്കൻഡിൽ താഴെ സമയം കൊണ്ട് ഓടിത്തീർക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന സുവർണ്ണ നേട്ടവും ഗുരീന്ദർവീർ തന്റെ പേരിൽ കുറിച്ചു.നിരവധി തടസ്സങ്ങളും കഠിനമായ പോരാട്ടങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര. തിരിച്ചടികളെ അതിജീവിച്ച് നേടിയെടുത്തതിന്റെ കഥയാണ് അദ്ദേഹത്തിന്റെ ഈ വലിയ വിജയം.
വർഷങ്ങളായി ഇന്ത്യൻ സ്പ്രിന്റർമാർ 10.10 സെക്കൻഡ് എന്ന കടമ്പ മറികടക്കാനായി ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് 2026-ന്റെ 100 മീറ്റർ ഫൈനലിലാണ് പഞ്ചാബിൽ നിന്നുള്ള 24 കാരനായ ഗുരീന്ദർവീർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ ദേശീയ റെക്കോർഡ് തിരുത്തിയെഴുതിയ താരം ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യോഗ്യതയും ഉറപ്പാക്കി.
ഈ വിജയം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് യോഗ്യതാ റൗണ്ടുകളിലൂടെ അദ്ദേഹം ഇതിനായി ഒരുങ്ങുകയായിരുന്നു. സെമിഫൈനലിൽ 10.17 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗുരീന്ദർവീർ ദേശീയ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ തൊട്ടുപിന്നാലെ അനിമേഷ് കുജൂർ 10.15 സെക്കൻഡിൽ ഓടിയെത്തി ആ റെക്കോർഡ് തിരുത്തി. എന്നാൽ ഫൈനലിൽ 10.09 സെക്കൻഡിന്റെ മിന്നും പ്രകടനത്തോടെ ഗുരീന്ദർവീർ ആ റെക്കോർഡ് തിരികെപ്പിടിക്കുകയായിരുന്നു.
2008-ലെ ബീജിംഗ് ഒളിമ്പിക്സിൽ ഉസൈൻ ബോൾട്ടിന്റെ തകർപ്പൻ പ്രകടനം കണ്ടതാണ് ഗുരീന്ദർവീറിന് സ്പ്രിന്റിംഗിൽ താല്പര്യം ഉണ്ടാക്കിയത്. ജലന്ധറിനടുത്തുള്ള പാറ്റിയാൽ ഗ്രാമത്തിൽ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുത്തായിരുന്നു തുടക്കം. പിന്നീട് പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ കോച്ച് സരബ്ജിത് സിംഗിന്റെ കീഴിൽ പരിശീലനം ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ കരിയർ മാറിമറിഞ്ഞു. കൃത്യമായ പരിശീലനത്തിലൂടെ ഓട്ടത്തിന്റെ വേഗതയും തന്ത്രങ്ങളും അദ്ദേഹം വശത്താക്കി.
2018-ൽ കോയമ്പത്തൂരിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അണ്ടർ-20 വിഭാഗത്തിൽ 10.47 സെക്കൻഡിൽ ഓടിയെത്തി അദ്ദേഹം ജൂനിയർ ദേശീയ റെക്കോർഡ് സ്വന്തമാക്കി. ഈ പ്രകടനം ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ്, വേൾഡ് അണ്ടർ-20 ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിലേക്ക് അദ്ദേഹത്തിന് വഴിതുറന്നു. പിന്നീട് സീനിയർ തലത്തിലേക്ക് മാറിയപ്പോഴും അദ്ദേഹം തന്റെ മുന്നേറ്റം തുടർന്നു. 2021-ൽ പട്യാലയിൽ നടന്ന മത്സരത്തിൽ 10.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അദ്ദേഹം മീറ്റ് റെക്കോർഡ് തകർത്തു.
കരിയർ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ഗുരീന്ദർവീറിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നത്. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന്റെ ശരീരഭാരം കുറയുകയും പരിശീലനം തടസ്സപ്പെടുകയും ചെയ്തു. ഏകദേശം രണ്ട് വർഷത്തോളം വിവിധ ചികിത്സകളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഫിറ്റ്നസ് വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തുടർന്ന് 2025 മാർച്ചിൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിലൂടെ 10.20 സെക്കൻഡ് കുറിച്ച് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി.
പിന്നീട് ചണ്ഡീഗഡിൽ നടന്ന നാഷണൽ റിലേ കാർണിവലിൽ അമ്ലാൻ ബോർഗോഹെയ്ൻ, അനിമേഷ് കുജൂർ, മണികണ്ഠ ഹോബ്ലിധർ എന്നിവർക്കൊപ്പം 4×100 മീറ്റർ റിലേയിൽ 38.69 സെക്കൻഡിന്റെ പുതിയ ദേശീയ റെക്കോർഡും അദ്ദേഹം സ്ഥാപിച്ചു. ഈ വർഷം ആദ്യം നടന്ന നാഷണൽ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ ഓട്ടത്തിൽ 6.60 സെക്കൻഡ് കുറിച്ചും അദ്ദേഹം റെക്കോർഡ് ഇട്ടിരുന്നു. ഇപ്പോൾ, റാഞ്ചിയിലെ 10.09 സെക്കൻഡിന്റെ ആ ചരിത്ര പ്രകടനത്തോടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഗുരീന്ദർവീർ സിംഗ്.
New Delhi,New Delhi,Delhi













