Last Updated:
ടീം ഇനത്തിൽ രാജ്യത്തിന് വെള്ളി നേടിക്കൊടുത്ത ശേഷമാണ് വ്യക്തിഗത ഇനത്തിലും ഇളവേനിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസ് വനിതാ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഇളവേനിൽ വാളറിവൻ . ഇന്ത്യയുടെ ഏറ്റവും പ്രഗത്ഭരായ റൈഫിൾ ഷൂട്ടർമാരിൽ ഒരാളായ ഇളവേനിൽ, ടീം ഇനത്തിൽ രാജ്യത്തിന് വെള്ളി നേടിക്കൊടുത്ത ശേഷമാണ് വ്യക്തിഗത ഇനത്തിലും വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ഭൂരിഭാഗം സമയത്തും സ്വർണ്ണ മെഡലിനായി മുന്നിൽ നിന്നിരുന്നെങ്കിലും, അവസാന ഘട്ടത്തിൽ ജപ്പാന്റെ ഹിനാറ്റ തൈച്ചി മികവ് പുലർത്തിയത് ഇളവേനിലിന് നിരാശ സമ്മാനിച്ചു.2019 ലെ ലോകകപ്പ് സ്വർണ്ണ മെഡൽ ജേതാവാണ് ഇളവേനിൽ.
2025 ലെ ലോകചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ താരം ആകെ 252.4 പോയിന്റുകൾ നേടി. ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ 253 പോയിന്റ് നേടി സ്വർണ്ണം സ്വന്തമാക്കിയ തൈച്ചിയേക്കാൾ വെറും 0.6 പോയിന്റ് പിന്നിലാണ് ഇളവേനിൽ ഫിനിഷ് ചെയ്തത്. നിലവിലെ ലോക ചാമ്പ്യനും പാരീസ് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവുമായ ദക്ഷിണ കൊറിയയുടെ വാൻ ഹ്യോ-ജിൻ 230.4 പോയിന്റോടെ വെങ്കലം നേടി. 2018 ലെ ജക്കാർത്ത, 2022 ലെ ഹങ്ചൗ ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുത്ത ഇളവേനിലിന്റെ കരിയറിലെ ആദ്യ വ്യക്തിഗത ഏഷ്യൻ ഗെയിംസ് മെഡലാണിത്.
ഫൈനലിന്റെ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനം കാഴ്ചവെച്ച ഇളവേനിൽ സ്വർണ്ണത്തിലേക്ക് അടുക്കുകയായിരുന്നു. 17-ാം ഷൂട്ടിന് ശേഷം വാൻ ഹ്യോ-ജിനേക്കാൾ 1.4 പോയിന്റ് ലീഡ് നേടാനും അവർക്ക് കഴിഞ്ഞിരുന്നു. 21-ാം ഷൂട്ടിന് ശേഷവും ജാപ്പനീസ് ഷൂട്ടറെക്കാൾ 0.2 പോയിന്റ് മുന്നിലായിരുന്നു ഇളവേനിൽ. എന്നാൽ അവസാന നിമിഷങ്ങളിൽ സമ്മർദ്ദം കൂടിയതോടെ വ്യത്യാസം കുറഞ്ഞു.
അവസാന രണ്ട് ഷോട്ടുകൾക്ക് തൊട്ടുമുമ്പ് തൈച്ചിയേക്കാൾ 0.3 പോയിന്റ് മാത്രം പിന്നിലായിരുന്നു ഇളവേനിൽ. തുടർന്ന് 10.4 പോയിന്റ് നേടിയെങ്കിലും, ജാപ്പനീസ് താരം 10.6 പോയിന്റ് നേടി ലീഡ് 0.5 ആക്കി ഉയർത്തി. അവസാന ഷോട്ടിൽ തിരിച്ചുവരാൻ ശ്രമിച്ച ഇലവേനിലിന് 10.1 പോയിന്റ് മാത്രമാണ് നേടാനായത്. സമ്മർദ്ദത്തെ അതിജീവിച്ച തൈച്ചി 10.2 പോയിന്റ് നേടി സ്വർണ്ണവും പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡും സ്വന്തമാക്കി.














