Last Updated:
വിദർശ വിനോദ്, സോനം ഉത്തം മസ്കർ, ഇളവേനിൽ വാളറിവൻ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി ആദ്യ മെഡൽ വെടിവെച്ചിട്ടത്
2026 ഏഷ്യൻ ഗെയിംസിലെ ഷൂട്ടിംഗ് പോരാട്ടങ്ങൾക്ക് മിന്നുന്ന തുടക്കവുമായി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ ത്രയം വെള്ളി മെഡൽ സ്വന്തമാക്കി. മലയാളി താരം വിദർശ വിനോദ്, സോനം ഉത്തം മസ്കർ, ഇളവേനിൽ വാളറിവൻ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി ആദ്യ മെഡൽ വെടിവെച്ചിട്ടത്.
യോഗ്യതാ റൗണ്ടിൽ ആകെ 1898.0 പോയിന്റ് നേടിയാണ് ഇന്ത്യൻ സംഘം രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 1904.2 പോയിന്റോടെ പുതിയ ലോക റെക്കോർഡ് കുറിച്ച ചൈന സ്വർണ്ണം കരസ്ഥമാക്കിയപ്പോൾ, 1897.1 പോയിന്റോടെ ആതിഥേയരായ ജപ്പാൻ വെങ്കലം നേടി. വെറും 0.9 പോയിന്റിന്റെ വ്യത്യാസത്തിലാണ് ജപ്പാനെ മറികടന്ന് ഇന്ത്യ വെള്ളി നിലനിർത്തിയത്.
ഇന്ത്യൻ സംഘത്തിൽ 634.1 പോയിന്റോടെ സോനം മൂന്നാം സ്ഥാനത്തും, 633.5 പോയിന്റോടെ ഇളവേനിൽ ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഏഷ്യൻ ഗെയിംസിലെ അരങ്ങേറ്റ മത്സരത്തിൽ 630.4 പോയിന്റ് നേടി 12-ാം സ്ഥാനത്തെത്തിയ തിരുവനന്തപുരം സ്വദേശിയായ വിദർശ വിനോദിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വെള്ളിയുറപ്പിക്കുന്നതിൽ നിർണ്ണായകമായത്. വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ടീമിനായി മികച്ച സംഭാവന നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ 27-കാരി.
“ടീമിന് വെള്ളി മെഡൽ നേടാനായത് മികച്ചൊരു തുടക്കമാണ്. വ്യക്തിഗത ഫൈനലിൽ എത്താൻ കഴിയാത്തതിൽ വിഷമമില്ല. സമ്മർദ്ദങ്ങളില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാൻ മത്സരിച്ചത്,” വിദർശ പ്രതികരിച്ചു. 50 മീറ്റർ റൈഫിൾ 3-പൊസിഷൻ പ്രധാന ഇനമായിട്ടുള്ള വിദർശ, രണ്ട് മാസം മുൻപ് മാത്രമാണ് 10 മീറ്റർ എയർ റൈഫിളിൽ മത്സരിച്ചു തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിലെ ഈ നേട്ടം വരാനിരിക്കുന്ന 50 മീറ്റർ ഇനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആത്മവിശ്വാസം നൽകുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
അതേസമയം, വ്യക്തിഗത വിഭാഗത്തിൽ സോനവും ഇളവേനിലും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ചൈനയുടെ കൗമാര താരം വാങ് സിഫെയ് 638.8 പോയിന്റോടെ പുതിയ ഏഷ്യൻ റെക്കോർഡോടെയാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. വ്യക്തിഗത ഫൈനലിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നിലനിൽക്കുന്നുണ്ട്.














