ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ | | ACTPnews

News18


Last Updated:

2023-ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലായിരുന്നു രഹാനെ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്

News18
News18

ഇന്ത്യൻ സ്റ്റാർ ബാറ്റർ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 2023-ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലായിരുന്നു രഹാനെ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2026-ലെ മുംബൈ ട്വന്റി-20 ലീഗിൽ നോർത്ത് മുംബൈ പാന്തേഴ്സിന്റെ നായകനായിരുന്നു.

2013-ൽ കരിയർ ആരംഭിച്ച 38-കാരനായ അജിങ്ക്യ രഹാനെ ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

തുടക്കവും ഒടുക്കവും ജീവിത യാഥാർത്ഥ്യമാണെന്നും, സമയം എത്തുമ്പോൾ അതിനെ മാനിച്ച് മുന്നോട്ട് പോകണമെന്നും ഇൻസ്റ്റഗ്രാമിൽപങ്കുവച്ച തന്റെ വിരമിക്കൽ സന്ദേശത്തിൽ രഹാനെ വ്യക്തമാക്കി. തന്റെ ബാറ്റിംഗിൽ താൻ എപ്പോഴും ടൈമിംഗിനെയാണ് ആശ്രയിച്ചിട്ടുള്ളതെന്നും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ അനുയോജ്യമായ സമയമാണിതെന്ന് കരുതുന്നുവെന്നും രഹാനെ കൂട്ടിച്ചേർത്തു.

ദോംബിവ്ലിയിൽ നിന്നുള്ള ചെറുപ്പകാലത്തെ പരിശീലന യാത്രകൾ മുതൽ ക്രിക്കറ്റിനായ തന്റെ സർവ്വസ്വവും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യൻ തൊപ്പി അണിയുക എന്നതായിരുന്നു എപ്പോഴത്തെയും സ്വപ്നം. രാജ്യത്തെയും ടീമിനെയും എപ്പോഴും തനിക്ക് മുന്നിൽ നിർത്തുക എന്ന ലളിതമായ നിയമമാണ് പിന്തുടർന്നത്. പൂർണ്ണമായ സത്യസന്ധതയോടെയാണ് കളിച്ചതെന്നും, ലക്ഷ്യം ശരിയാണെങ്കിൽ കളി നമ്മെ കാത്തുസൂക്ഷിക്കുമെന്നും രഹാനെ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ത്യൻ ക്രിക്കറ്റ് വലിയ വളർച്ച കൈവരിച്ചുവെന്നും കഴിഞ്ഞ 20 വർഷമായി അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മിന്നും പ്രകടനങ്ങളോടെ തിളങ്ങിയ കരിയർ

മിഡിൽ ഓർഡർ ബാറ്ററായ രഹാനെ തന്റെ ടെസ്റ്റ് കരിയറിൽ 38.46 ശരാശരിയിൽ 5077 റൺസ് നേടി. ഇതിൽ 12 സെഞ്ചുറികളും 26 അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു. ഏകദിനത്തിൽ 3 സെഞ്ചുറികളും 24 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 2962 റൺസാണ് സമ്പാദ്യം. 20 ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ഒരു അർദ്ധസെഞ്ചുറിയോടെ 375 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.

വിരമിക്കലിന് ശേഷമുള്ള ഭാവി പദ്ധതികൾ

തന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരുമെന്നും അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും മുംബൈ താരം വെളിപ്പെടുത്തി.

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന നിലയിലുള്ള അധ്യായം അവസാനിക്കുമ്പോഴും ക്രിക്കറ്റുമായുള്ള തന്റെ യാത്ര തുടരുമെന്ന് രഹാനെ പറഞ്ഞു. അടുത്ത തലമുറയെ സഹായിക്കാനും ഈ കായികവിനോദം തന്നെ പഠിപ്പിച്ച മൂല്യങ്ങൾ പങ്കുവെക്കാനും മുംബൈയിലെ തുടക്കം മുതൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് വരെ തനിക്ക് എല്ലാം നൽകിയ കളിക്കായി തിരികെ നൽകാനും താൻ ആഗ്രഹിക്കുന്നു. ഇതൊരു വലിയ ബഹുമതിയായിരുന്നു. ജയപരാജയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ക്രിക്കറ്റ് കളിക്കുന്നതിന്റെ സന്തോഷവും വ്യത്യസ്ത ടീമുകളുടെ ഭാഗമായതും പുതിയ ഓർമ്മകൾ സൃഷ്ടിച്ചതുമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ സംതൃപ്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.സി.സി.ഐ, എം.സി.എ, സഹതാരങ്ങൾ, പരിശീലകർ, ഐ.പി.എൽ ഫ്രാഞ്ചൈസികൾ, ഭാര്യ രാധിക, കുടുംബം, സുഹൃത്തുകൾ, ഒപ്പം നിന്നവർ, എല്ലാ കായികപ്രേമികൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. അജിങ്ക്യ എന്നാൽ ‘തോൽപ്പിക്കാനാവാത്തവൻ’ എന്നാണർത്ഥമെങ്കിലും ക്രിക്കറ്റ് തനിക്ക് പലപ്പോഴും തോൽവി കാണിച്ചുതന്നിട്ടുണ്ടെന്നും, എന്നാൽ ആരാധകരുടെ ഹൃദയങ്ങളിൽ താൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നും പറഞ്ഞ് ‘ക്യാപ് #278’ സൈൻ ഓഫ് ചെയ്യുന്നു എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *