Last Updated:
ക്രിക്കറ്റ് മൈതാനത്ത് സുഹൃത്തുക്കളില്ലെന്നും അതുകൊണ്ടുതന്നെ താരങ്ങൾ ആക്രമണോത്സുകത കാണിക്കുന്നത് സ്വാഭാവികമാണെന്നും ഗംഭീർ
2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചലിനെ പന്ത് കൊണ്ട് എറിഞ്ഞതിന് അർഷ്ദീപ് സിംഗ് ക്ഷമ ചോദിക്കേണ്ടതില്ലായിരുന്നുവെന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ക്രിക്കറ്റ് മൈതാനത്ത് ‘സുഹൃത്തുക്കളില്ലെന്നും’ അതുകൊണ്ടുതന്നെ താരങ്ങൾ ആക്രമണോത്സുകത കാണിക്കുന്നത് സ്വാഭാവികമാണെന്നും ഗംഭീർ പറഞ്ഞു. തുടർച്ചയായി സിക്സറുകൾ വഴങ്ങിയ ശേഷം ഒരു ബൗളറിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ നടന്ന ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിലെ പതിനൊന്നാം ഓവറിലായിരുന്നു സംഭവം. 256 റൺസ് പിന്തുടരുകയായിരുന്ന ന്യൂസിലൻഡ് തോൽവി മുന്നിൽക്കണ്ട് നിൽക്കുന്ന സമയത്ത്, അർഷ്ദീപിന്റെ ആദ്യ രണ്ട് പന്തുകളും മിച്ചൽ സിക്സർ പറത്തി. അഞ്ചാം പന്തിൽ മിച്ചൽ അടിച്ച വൈഡ് യോർക്കർ കൈപ്പിടിയിലൊതുക്കിയ അർഷ്ദീപ് ഉടൻ തന്നെ സ്റ്റമ്പിലേക്ക് തിരിച്ചെറിഞ്ഞു. എന്നാൽ അർഷ്ദീപിന്റെ ഏറ് മിച്ചലിന്റെ ശരീരത്തിലാണ് നേരിട്ട് പതിച്ചത്. ഇതിൽ പ്രകോപിതനായ മിച്ചൽ അർഷ്ദീനപിനോട് ദേഷ്യപ്പെടുകയും അർഷ്ദീപിനെ അമ്പയർമാർ ശാസിക്കുകയും ചെയ്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മിച്ചലുമായി സംസാരിച്ച് രംഗം ശാന്തമാക്കി. ഏതാനും മിനിറ്റുകൾക്ക് ശേഷം അർഷ്ദീപ് മിച്ചലിനോട് ക്ഷമ ചോദിക്കുകയും ചെയ്തു.
രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ ആവേശത്തോടെ പെരുമാറുന്നതിൽ തെറ്റില്ലെന്ന് ഗംഭീർ പറഞ്ഞു. തുടർച്ചയായി രണ്ട് സിക്സറുകൾ വഴങ്ങാൻ ഒരു ബൗളറും ആഗ്രഹിക്കില്ലെന്നും തന്റെ കളിക്കാരിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണമാണ് താൻ കാണാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഷ്ദീപ് ക്ഷമ ചോദിച്ചില്ലെങ്കിലും തനിക്ക് കുഴപ്പമില്ലായിരുന്നുവെന്നും ക്രിക്കറ്റ് മൈതാനത്ത് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ, ഗംഭീർ പറഞ്ഞു.
പിന്നീട് അർഷ്ദീപും മിച്ചലും ഈ സംഭവത്തെക്കുറിച്ച് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാമായിരുന്നു. എങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അർഷ്ദീപിന് ഒരു ഡിമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 15 ശതമാനം പിഴയും ചുമത്തി.
New Delhi,New Delhi,Delhi













