Last Updated:
ജൂൺ 15-ന് ലോസ് ആഞ്ചലസിൽ വച്ച് ന്യൂസിലാൻഡിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം.
ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾക്കുള്ളിൽ തങ്ങൾ അംഗീകരിക്കാത്ത പതാകകളോ ദേശീയ ടീമിനെതിരായ മുദ്രാവാക്യങ്ങളോ ഉയർന്നാൽ കളി നിർത്തിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുനിയമാലിയാണ് മുന്നറിയിപ്പ് നൽകിയത്. വിഷയം ഫിഫയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇറാന്റെ മുന്നറിയിപ്പ്.
ഗ്രൂപ്പ് ജിയിൽ ആണ് ഇറാൻ. ജൂൺ 15-ന് ലോസ് ആഞ്ചലസിൽ വച്ചാണ് ഇറാന്റെ ആദ്യമത്സരം. ന്യൂസിലൻഡാണ് ഇറാന്റെ എതിരാളികൾ.ടർന്ന് ജൂൺ 21-ന് ഇതേ വേദിയിൽ ബെൽജിയവുമായും ജൂൺ 26-ന് സീയാറ്റിലിൽ വെച്ച് ഈജിപ്തുമായും ഇറാൻ ഏറ്റുമുട്ടും.
മത്സരങ്ങൾക്കിടയിൽ ദേശീയ ടീമിനെ ലക്ഷ്യമിട്ട് പ്രതിഷേധങ്ങൾ ഉണ്ടായാൽ അതിൽ ഇടപെടാൻ ടീം അധികൃതർ തയ്യാറാകുമെന്ന് ഇറാനിയൻ മാധ്യമങ്ങളോട് സംസാരിക്കവെ ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുനിയമാലി പറഞ്ഞു. ലോകകപ്പിൽ ഇറാൻ കളിക്കുന്ന സ്റ്റേഡിയങ്ങളിൽ ഔദ്യോഗികമല്ലാത്ത പതാകകൾ കൊണ്ടുവരികയോ ദേശീയ ടീമിനെതിരെ മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ മത്സരം നിർത്തിവെക്കാൻ ടീം മാനേജർക്ക് പൂർണ്ണ ചുമതല നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ സീയാറ്റിലിൽ നടക്കുന്ന ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകില്ലെന്ന് തങ്ങൾക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് വളർന്നുവരുന്ന വലിയൊരു വിവാദത്തിനിടയിലാണ് കായിക മന്ത്രിയുടെ ഈ പ്രതികരണങ്ങൾ വരുന്നത്. സീയാറ്റിലിൽ നടക്കുന്ന ഈജിപ്തുമായുള്ള മത്സരത്തിൽ എൽജിബിടിക്യു പ്ലസ് (LGBTQ+) പ്രൈഡ് സംബന്ധിയായ പ്രവർത്തനങ്ങൾ തടയണമെന്ന് ഇറാൻ, ഈജിപ്ത് ഫുട്ബോൾ ഫെഡറേഷനുകൾ നേരത്തെ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. സീറ്റിലിലെ പ്രൈഡ് വീക്കെൻഡ് ആഘോഷങ്ങളുടെ ഭാഗമായി പ്രാദേശിക സംഘാടകർ ഈ മത്സരത്തെ ഒരു ‘പ്രൈഡ് മാച്ച്’ ആയി പ്രഖ്യാപിച്ചിരിക്കുന്നതാണ് ഇരു രാജ്യങ്ങളെയും ചൊടിപ്പിച്ചത്. ഇറാന്റെ ലോകകപ്പ് യാത്രയെ ചുറ്റിപ്പറ്റിയുള്ള നിരവധി രാഷ്ട്രീയ തർക്കങ്ങളിൽ ഒന്നായി ഇത് മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വാൻകൂവറിൽ നടന്ന ഫിഫ കോൺഗ്രസിന് പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടുകയും ഇറാനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെ ദേശീയ ടീം ഇറാന്റെ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പകരം അവിടുത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയാണ് പ്രതിനിധീകരിക്കുന്നതെന്നുമാണ് പ്രതിഷേധക്കാർ വാദിച്ചത്.
രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പുറമെ യാത്രാപരമായ വെല്ലുവിളികളും ഇറാന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തങ്ങൾക്ക് അനുവദിച്ച ടിക്കറ്റുകൾ റദ്ദാക്കിയതായി ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഇത് യാത്രയ്ക്കായി തയ്യാറെടുത്ത ആരാധകരെ വലിയ രീതിയിൽ ബാധിച്ചു.
വിസ പ്രശ്നങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം അമേരിക്കയിൽ നടത്താനിരുന്ന പരിശീലന ക്യാമ്പ് മാറ്റേണ്ടി വന്നതിനെ തുടർന്ന് നിലവിൽ മെക്സിക്കോയിലെ ടിജുവാനയിലാണ് ഇറാന്റെ ടീം ക്യാമ്പ് ചെയ്യുന്നത്. യുഎസ് അധികൃതർ അനുമതി നൽകിയ പ്രത്യേക വ്യവസ്ഥകൾ പ്രകാരം, ഓരോ മത്സരവും ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമായിരിക്കും ഇറാന്റെ സ്ക്വാഡിന് അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാവുക.
New Delhi,New Delhi,Delhi













