Last Updated:
മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ തകർത്തത്
പരിക്കിന്റെ ആശങ്ക കാറ്റിൽപ്പറത്തി അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സിക്ക് ലോകകപ്പിൽ ചരിത്ര തുടക്കം. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക്കോടെയാണ് മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി നേടിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ തകർത്തത്.
പരിക്കിനെ തുടർന്ന് മെസ്സി ആദ്യ ഇലവനിൽ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാൽ താരത്തെ ആദ്യമേ തന്നെ കളത്തിലിറക്കാനുള്ള കോച്ചിന്റെ തീരുമാനം മാസ്റ്റർസ്ട്രോക്കായി മാറി. റോഡ്രിഗോ ഡി പോളിന്റെ മികച്ചൊരു പാസിൽ നിന്ന് ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള മെസ്സിയുടെ ആദ്യ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാനെ മറികടന്ന് വലയിലെത്തി. കളിയിലുടനീളം തകർപ്പൻ ഫോം തുടർന്ന മെസ്സി പിന്നീട് രണ്ട് ഗോളുകൾ കൂടി നേടി തന്റെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ മെസ്സി വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചിരുന്നു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ പുരുഷ താരമെന്ന റെക്കോർഡും മെസ്സി ഈ മത്സരത്തോടെ സ്വന്തമാക്കി.
- മത്സരത്തിൽ അർജന്റീന നേടിയ മൂന്ന് ഗോളുകളും മെസ്സിയുടെ വകയായിരുന്നു (17′, 74′, 76′ മിനിറ്റുകൾ).
- 1987 ജൂൺ 24-നാണ് ലയണൽ മെസ്സിയുടെ ജനനം. തന്റെ 39-ാം ജന്മദിനത്തിന് 7 ദിവസം മുൻപാണ് മെസ്സി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
- ഇത് മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ പത്താമത്തെ ഹാട്രിക്കാണ്. എന്നാൽ ഫിഫ ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആദ്യ ഹാട്രിക് കൂടിയാണിത്.
- ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി.
മെസി ഇതോടെ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മനിയുടെ മിറോസ്ലോ ക്ലോസയുടെ ( Miroslav Klose) റെക്കോർഡിനൊപ്പം എത്തി.
ലോകകപ്പുകളിൽ മെസ്സിയുടെ ഗോൾവേട്ട
- 2026 ലോകകപ്പ്- 3(നിലവിൽ) ഗോളുകൾ
- 2022 ലോകകപ്പ്- 7 ഗോളുകൾ
- 2018 ലോകകപ്പ്- 1 ഗോൾ
- 2014 ലോകകപ്പ്- 4 ഗോളുകൾ
- 2010 ലോകകപ്പ്- 0 ഗോൾ
- 2006 ലോകകപ്പ്- 1 ഗോൾ
ആകെ 16 ഗോളുകൾ
New Delhi,New Delhi,Delhi














