Last Updated:
തന്റെ തീരുമാനം പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും അർജന്റീന പ്രസിഡന്റ് വ്യക്തമാക്കി
ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഉണ്ടാകില്ലെന്ന് സ്ഥിരീകരണം. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം ബ്യൂണസ് ഐറിസിന് സമീപത്തെ ഒലിവോസിലുള്ള പ്രസിഡന്റിന്റെ വസതിയിൽ നിന്ന് കാണുമെന്ന് മിലെയ് വ്യക്തമാക്കി.
ടൂർണമെന്റിൽ അർജന്റീനയുടെ ഏഴ് മത്സരങ്ങളും ഇതേ സ്ഥലത്തിരുന്നാണ് അദ്ദേഹം കണ്ടത്. ആ മത്സരങ്ങളിലെല്ലാം നിലവിലെ ചാമ്പ്യൻമാരായ അർജന്റീന വിജയിച്ചിരുന്നു.
ഒലിവോസിൽ നിന്നുതന്നെ എല്ലാ മത്സരങ്ങളും കാണും. അതിലൊരു മാറ്റവുമില്ലെന്ന് മിലെയ് പറഞ്ഞു. തന്റെ തീരുമാനം പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും അർജന്റീന പ്രസിഡന്റ് വ്യക്തമാക്കി. മത്സരസമയത്ത് എപ്പോഴും ധരിക്കുന്ന ജാക്കറ്റ് ഇത്തവണയും ധരിക്കുമെന്ന് മിലെയ് പറഞ്ഞു.
1990 ലോകകപ്പിൽ കാമറൂണിനോട് അർജന്റീന അപ്രതീക്ഷിതമായി തോറ്റിരുന്നു. ഉദ്ഘാടന മത്സരത്തിന് മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന കാർലോസ് മെനെ ടീമിനെ സന്ദർശിച്ചിരുന്നു. ഇതോടെ ഭാഗ്യമില്ലാത്തയാൾ എന്ന് വിമർശിച്ച് ചിലർ രംഗത്തെത്തി. അതിന് ശേഷം അധികാരത്തിലിരിക്കുന്ന അർജന്റീന പ്രസിഡന്റുമാർ ടീമിന്റെ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയും ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫുട്ബോളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ അർജന്റീനയിലെ ആരാധക സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. വിജയപരമ്പര തുടരുന്ന സമയത്ത് ഒരേ വസ്ത്രം ധരിക്കുക, ഒരേ സ്ഥലത്ത് ഇരുന്ന് മത്സരം കാണുക, ജഴ്‌സി അലക്കാതിരിക്കുക, മത്സരം നടക്കുമ്പോൾ ഇരിപ്പിടം മാറ്റാതിരിക്കുക തുടങ്ങിയ ശീലങ്ങൾ പല ആരാധകരും കൃത്യമായി പാലിക്കാറുണ്ട്. ചിലർ ബൈബിളിലെ ഭാഗങ്ങൾ വായിക്കുകയോ എതിരാളികളുടെ പേരെഴുതിയ കടലാസുകൾ പ്രത്യേക രീതിയിൽ സൂക്ഷിക്കുകയോ ചെയ്യുന്നതുപോലുള്ള വിശ്വാസങ്ങളും പിന്തുടരാറുണ്ട്.














