Last Updated:
മത്സരത്തിന്റെ പ്രാധാന്യവും കളിക്കാരുടെ താരമൂല്യവും അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്
ഓരോ ഐപിഎൽ മത്സരത്തിനുമുള്ള ആയിരത്തിനും ആയിരത്തി ഇരുന്നൂറിനും ഇടയിൽ വരുന്ന കോംപ്ലിമെന്ററി (സൗജന്യ) ടിക്കറ്റുകൾ, ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മാഫിയ കരിഞ്ചന്തയിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഐപിഎൽ മത്സരത്തിന്റെ കോംപ്ലിമെന്ററി ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ ഡൽഹി പോലീസ് അടുത്തിടെ സ്റ്റേഡിയത്തിന് പുറത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ മുകീം (35), ഗുഫ്രാൻ (36), മുഹമ്മദ് ഫൈസൽ (38) എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെ പങ്കജ് യാദവ് എന്ന പെട്രോൾ പമ്പ് ജീവനക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ഇതിന് തുടർച്ചയായി, അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി ഡിഡിസിഎ ഉദ്യോഗസ്ഥരോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയും അവരെ ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.
മത്സരത്തിന്റെ പ്രാധാന്യവും ആവശ്യക്കാരും അനുസരിച്ച് 8,000 രൂപ മുതൽ 80,000 രൂപ വരെയാണ് കരിഞ്ചന്തയിൽ ടിക്കറ്റുകൾക്ക് ഈടാക്കിയിരുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വിരാട് കോഹ്ലി കളിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് 80,000 രൂപ വരെ ഈടാക്കിയിരുന്നതായി ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
ഡിഡിസിഎ ഉദ്യോഗസ്ഥൻ തലപ്പത്തിരിക്കുന്ന വളരെ വ്യവസ്ഥാപിതമായ ഒരു റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും, മത്സരത്തിന്റെ പ്രാധാന്യവും കളിക്കാരുടെ താരമൂല്യവും അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരുന്നതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മത്സരം തുടങ്ങാൻ സമയം അടുക്കുന്തോറും അവർ കൂടുതൽ തുക ഈടാക്കുമായിരുന്നു. വിരാട് കോഹ്ലി പ്രധാന ആകർഷണമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മത്സരത്തിന് മുന്നോടിയായി ഒരു ടിക്കറ്റിന് കുറഞ്ഞത് 80,000 രൂപ വരെയാണ് ഇവർ ഈടാക്കിയത്.
നിലവിലുള്ള നിയമപ്രകാരം, ഓരോ ഐപിഎൽ ഫ്രാഞ്ചൈസിയും സ്റ്റേഡിയത്തിന്റെ ശേഷിയുടെ 10 മുതൽ 15 ശതമാനം വരെ വരുന്ന കോംപ്ലിമെന്ററി പാസുകൾ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന അസോസിയേഷന് നൽകേണ്ടതുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓരോ ഐപിഎൽ മത്സരത്തിനും ഡിഡിസിഎയ്ക്ക് അയ്യായിരത്തോളം കോംപ്ലിമെന്ററി പാസുകൾ ലഭിച്ചിരുന്നു. ഇതിൽ നാലായിരത്തോളം പാസുകൾ അസോസിയേഷൻ അംഗങ്ങൾക്കായി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ബാക്കിവരുന്ന പാസുകളാണ് ആരോപണവിധേയനായ ഡിഡിസിഎ ഉദ്യോഗസ്ഥൻ പെട്രോൾ പമ്പ് ജീവനക്കാരന് കരിഞ്ചന്തയിൽ വിൽക്കാനായി കൈമാറിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
New Delhi,New Delhi,Delhi
വിരാട് കോഹ്ലിയുടെ കളി കാണാൻ ടിക്കറ്റിന് 80,000 രൂപ? ഐപിഎൽ പാസ് തട്ടിപ്പിൽ ഡിഡിസിഎ ഉദ്യോഗസ്ഥൻ നിരീക്ഷണത്തിൽ













