സഞ്ജു സാംസൺ OUT; സൂര്യവംശി IN; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | | ACTPnews

വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ


Last Updated:

ജൂലൈ 23ന് ആരംഭിക്കുന്ന സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി

വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ
വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ

സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ നിരവധി പുതിയ മുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി. യുവതാരം വൈഭവ് സൂര്യവംശി ടീമിൽ സ്ഥാനം നിലനിർത്തി.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച വിദർഭയുടെയും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും സ്പിന്നർ ഹർഷ് ദുബെയ്ക്ക് ആദ്യമായി ട്വന്റി20 ടീമിലേക്ക് വിളി വന്നു. ശ്രീലങ്കയിൽ നടന്ന സമീപകാല ട്രൈ-സീരീസിൽ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത വിദർഭയുടെ തന്നെ 26 കാരനായ പേസർ യഷ് താക്കൂറിനും ഇതാദ്യമായി അന്താരാഷ്ട്ര ടീമിലേക്ക് അവസരം ലഭിച്ചു. ഗുജറാത്ത് ടൈറ്റൻസിന്റെ ഉയരക്കാരനായ പേസർ അശോക് ശർമ്മയാണ് ആദ്യമായി ദേശീയ ടീമിലിടം നേടിയ മറ്റൊരു താരം.

2022-ലെ ഏഷ്യൻ ഗെയിംസിനുള്ള രണ്ടാം നിര ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതിരുന്ന പ്രഭ്സിമ്രാൻ സിംഗിന് സിംബാബ്‌വെയിൽ നീലക്കുപ്പായം അണിയാൻ അവസരം ലഭിക്കും. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ ഏറ്റവും സ്ഥിരതയാർന്ന ഓപ്പണർമാരിൽ ഒരാളാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റർ റിങ്കു സിംഗ്, അതിവേഗ പേസർ മായങ്ക് യാദവ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു. 2024ലാണ് മായങ്ക് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അതിനുശേഷം പരിക്കുകളോട് പോരാടുകയായിരുന്നെങ്കിലും സെലക്ടർമാർ അദ്ദേഹത്തിന് മറ്റൊരു അവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു.

സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണോ അതോ വിശ്രമം അനുവദിച്ചതാണോ എന്ന് ബിസിസിഐ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള മറ്റ് ആറ് കളിക്കാർക്കും സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചില്ല: അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവരാണവർ.

യുവപ്രതിഭകളെ പരീക്ഷിക്കാനുള്ള വേദിയായാണ് ബിസിസിഐ സാധാരണയായി സിംബാബ്‌വെ പര്യടനങ്ങളെ ഉപയോഗിക്കാറുള്ളത്. എന്നാൽ ശ്രേയസ് അയ്യർ ക്യാപ്റ്റനായും തിലക് വർമ വൈസ് ക്യാപ്റ്റനായും എത്തുന്ന ഈ ടീമിൽ നിന്ന് ചില പ്രമുഖരെ ഒഴിവാക്കിയത് വെറുമൊരു ‘വിശ്രമം’ എന്നതിലുപരി മറ്റെന്തോ സൂചന നൽകുന്നുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ).

മലയാളം വാർത്തകൾ/ വാർത്ത/Sports/

സഞ്ജു സാംസൺ OUT; സൂര്യവംശി IN; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു



Source link

Leave a Reply

Your email address will not be published. Required fields are marked *