സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തിന് പൂട്ടിടാൻ ഐസിസി;പങ്കാളികളായി നൂറിലധികം വനിതാ ക്രിക്കറ്റർമാർ | | ACTPnews

News18


Last Updated:

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനിടെ ഏകദേശം അറുപതിനായിരത്തോളം മോശം ഉള്ളടക്കങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്.

News18
News18

സോഷ്യൽ മീഡിയയിലെ അധിക്ഷേപകരെയും ട്രോളന്മാരെയും നിലയ്ക്കുനിർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആവിഷ്‌കരിച്ച പ്ലെയർ പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ നൂറിലധികം വനിതാ ക്രിക്കറ്റ് താരങ്ങൾ പങ്കാളികളായി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനിടെ ഏകദേശം അറുപതിനായിരത്തോളം മോശം ഉള്ളടക്കങ്ങളാണ് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി ഇതുവരെ നീക്കം ചെയ്തത്. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അൻപതിലധികം കളിക്കാർ ഈ പ്രോഗ്രാമിന്റെ ഭാഗമായി മാറിയിരുന്നുവെന്ന് ഐസിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഐസിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് അധിക സുരക്ഷ നൽകുന്നതിനൊപ്പം തന്നെയാണിത്. 2026-ലെ ഐസിസി വനിതാ ടി20 ലോകകപ്പിൽ മത്സരിക്കുന്ന 12 ടീമുകളിൽ 7 ടീമുകളും ഈ സുരക്ഷാ വലയത്തിലാണ്. ഇതിന് പുറമെ അമ്പയർമാരും കമന്റേറ്റർമാരും ഈ സംവിധാനത്തിൽ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൂർണമെന്റിന്റെ ആദ്യ ആഴ്ചയിൽ മാത്രം രണ്ടര ലക്ഷത്തോളം കമന്റുകളാണ് ഈ എഐ ടൂൾ പരിശോധിച്ചത്. അതിൽ നിന്നാണ് അറുപതിനായിരത്തോളം അധിക്ഷേപകരമായ കമന്റുകൾ നീക്കം ചെയ്തത്. കൂടാതെ, നിരന്തരം മോശം കമന്റുകൾ രേഖപ്പെടുത്തിയ രണ്ടായിരത്തിലധികം ആളുകളുടെ അക്കൗണ്ടുകൾക്ക് താല്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും 370 ഉപയോക്താക്കളെ പൂർണ്ണമായി ബ്ലോക്ക് ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്ന അധിക്ഷേപങ്ങളാണ് ഈ പ്രോഗ്രാമിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഇന്ത്യൻ ഇടംകൈയ്യൻ സ്പിന്നർ രാധാ യാദവ് പറഞ്ഞു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ആരാധകരോടും സംവദിക്കാൻ സോഷ്യൽ മീഡിയ മികച്ചൊരു മാധ്യമമാണെങ്കിലും, അത് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഇടമായി മാറിയിരിക്കുകയാണെന്നും, പ്രത്യേകിച്ച് വനിതാ അത്ലറ്റുകൾക്ക് നേരെ ഇത് കൂടുതൽ ഉണ്ടാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതും ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതും അത്യാവശ്യമായതിനാലാണ് താൻ ഐസിസിയുടെ ഈ പദ്ധതിയിൽ ചേർന്നതെന്നും രാധാ യാദവ് വ്യക്തമാക്കി.

ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങളെ നേരിടാൻ ഈ പ്രോഗ്രാം തന്നെ ഏറെ സഹായിച്ചതായി ഇതിന്റെ ഭാഗമായ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ആമി ജോൺസ് പറഞ്ഞു. അന്താരാഷ്ട്ര കായികതാരങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് നിർഭാഗ്യവശാൽ നേരിടേണ്ടി വരുന്ന കാര്യമാണിതെന്നും, തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ വലിയ രീതിയിൽ ദോഷകരമായി ബാധിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. ഭൂരിഭാഗം ആരാധകരുമായും തങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും അവരുമായി നേരിട്ടും സോഷ്യൽ മീഡിയ വഴിയും സംവദിക്കാൻ ഇഷ്ടമാണെന്നും പറഞ്ഞ അവർ, എന്നാൽ ഇതിന്റെ മറുവശത്ത് അധിക്ഷേപിക്കാൻ മാത്രം ശ്രമിക്കുന്ന ചില ആളുകളുണ്ടെന്നും കൂട്ടിച്ചേർത്തു. കളിക്കാരുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്ന ഇത്തരം ഒരു സംവിധാനവുമായി ഐസിസി പൂർണ്ണ പിന്തുണയോടെ മുന്നോട്ട് വന്നത് ഏറെ അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.

കളിക്കാരുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി 2024-ലെ വനിതാ ടി20 ലോകകപ്പിന് മുന്നോടിയായാണ് ഐസിസി ആദ്യമായി പ്ലെയർ പ്രൊട്ടക്ഷൻ പ്രോഗ്രാം അവതരിപ്പിച്ചത്. അതിനുശേഷം നടന്ന എല്ലാ ഐസിസി ടൂർണമെന്റുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിലെ മോശം ഉള്ളടക്കങ്ങളിൽ നിന്ന് കളിക്കാരെ സംരക്ഷിക്കുകയും കൂടുതൽ ആത്മവിശ്വാസത്തോടെ ആരാധകരുമായി ഇടപഴകാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. 2024-ൽ തന്നെ ഈ പദ്ധതിയുടെ ഭാഗമായ സ്‌കോട്ട്‌ലൻഡിന്റെ സാറാ ബ്രൈസ്, ഐസിസിയുടെ ഈ സുരക്ഷാ പദ്ധതി വലിയൊരു മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും യുവതാരങ്ങൾ സോഷ്യൽ മീഡിയ വലിയ രീതിയിൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഇത്തരം ഒരു സുരക്ഷാ സംവിധാനം നൽകുന്ന മനഃസമാധാനം ചെറുതല്ലെന്നും അഭിപ്രായപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *