Last Updated:
ക്രിക്കറ്റിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംവിധാനമാണുള്ളതെന്ന് സൈന
ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും, ലോക ഒന്നാം നമ്പർ റാങ്കും സ്വന്തമാക്കിയ സൈന നേവാൾ ഇന്ത്യൻ കായികരംഗത്തിന് പ്രചോദനമായ താരമാണ്. ഇന്ത്യയെ ആഗോള ബാഡ്മിന്റൺ ശക്തിയായി ഉയർത്തുന്നതിലും സൈന നിർണായക പങ്കുവഹിച്ചു.
നിരവധി മെഡലുകളും നേട്ടങ്ങളും സ്വന്തമാക്കിയിട്ടും അവിടെയെത്താൻ നടത്തിയ കഠിനാധ്വാനവും ക്രിക്കറ്റിന് പുറത്തുള്ള കായിക ഇനങ്ങളിൽ ഒരു താരം നേരിടുന്ന വെല്ലുവിളികളും താൻ മറന്നിട്ടില്ലെന്ന് സൈന പറയുന്നു.
ന്യൂസ്18 സംഘടിപ്പിച്ച ‘റൈസിംഗ് ഭാരത് ഇന്ത്യ സമ്മിറ്റ്’ (സൗത്ത് എഡിഷൻ) വേദിയിൽ സംസാരിക്കവെ, ക്രിക്കറ്റിന് പുറത്തുള്ള ഇനങ്ങളിൽ ലോകോത്തര താരങ്ങളെ തുടർച്ചയായി വളർത്തിയെടുക്കുന്നതിൽ ഇന്ത്യൻ കായികരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സൈന അഭിപ്രായപ്പെട്ടു.
ക്രിക്കറ്റിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംവിധാനമാണുള്ളതെന്ന് സൈന.
“കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. ശക്തമായ സംവിധാനവും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ലീഗുകളുമാണ് ക്രിക്കറ്റ് ഇത്രയും ജനപ്രിയമാകാൻ കാരണം. അതോടൊപ്പം, മത്സരങ്ങൾ സ്ഥിരമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെടുന്നതും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്,” സൈന പറഞ്ഞു.
മറ്റ് കായിക ഇനങ്ങൾക്ക് വേണ്ടത്ര പ്രചാരവും ജനശ്രദ്ധയും ലഭിക്കാത്തതാണ് അവയുടെ വളർച്ചയ്ക്ക് പ്രധാന തടസമെന്ന് സൈന അഭിപ്രായപ്പെട്ടു.
“വിവിധ കായിക ഇനങ്ങളിൽ നിരവധി ടൂർണമെന്റുകൾ നടക്കുന്നുണ്ടെങ്കിലും അവ കാണുന്നത് പ്രധാനമായും കടുത്ത ആരാധകർ മാത്രമാണ്. അതിനാൽ കായിക സംഘടനകളും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഈ ഇനങ്ങൾക്ക് മികച്ച വിപണനവും കൂടുതൽ പ്രചാരണവും ഉറപ്പാക്കണം. അങ്ങനെ മാത്രമേ മറ്റ് കായിക ഇനങ്ങൾക്കും ക്രിക്കറ്റിനൊപ്പമുള്ള ജനപ്രീതി നേടാൻ കഴിയൂ,” സൈന പറഞ്ഞു.
നേട്ടങ്ങൾക്ക് ശേഷം മാത്രമല്ല പിന്തുണ ലഭിക്കേണ്ടത്. യുവ കായികതാരങ്ങൾക്ക് കരിയറിന്റെ തുടക്കത്തിൽ ലഭിക്കുന്ന പിന്തുണയിലും വലിയ അന്തരമുണ്ടെന്ന് സൈന ചൂണ്ടിക്കാട്ടി. കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ ഉദാഹരണമായി പരാമർശിച്ച സൈന, ക്രിക്കറ്റിലെ സംവിധാനങ്ങൾ മികച്ച പ്രതിഭകൾക്ക് തുടക്കകാലം മുതൽ തന്നെ ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് പറഞ്ഞു.
“വൈഭവ് സൂര്യവംശിയുടെ ഉദാഹരണം തന്നെ എടുക്കാം. കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണയും സൗകര്യങ്ങളും ശ്രദ്ധിക്കൂ. മറ്റ് കായിക ഇനങ്ങളിൽ താരങ്ങൾക്ക് പലപ്പോഴും ഇത്തരം പിന്തുണ ലഭിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്,” സൈന പറഞ്ഞു.
“ഞാൻ വളർന്നുവരുന്ന കാലത്ത് എനിക്ക് ഫിസിയോതെറാപ്പിസ്റ്റോ പരിശീലകരുടെ സംഘമോ ഉണ്ടായിരുന്നില്ല. 19-ാം വയസ്സിലാണ് ആദ്യമായി ഒരു ഫിസിയോയെ ലഭിച്ചത്. അപ്പോഴാണ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡയറ്റീഷ്യൻമാർ, ഡോക്ടർമാർ, മാനസിക പരിശീലകർ എന്നിവരടങ്ങുന്ന ഒരു സമ്പൂർണ പിന്തുണാ സംഘം എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലായത്,” അവർ കൂട്ടിച്ചേർത്തു.
സൈനയുടെ അഭിപ്രായത്തിൽ ഇതിനുള്ള പരിഹാരം ലളിതമാണ്. “ഒരു കായികതാരത്തിന് ലഭിക്കേണ്ട പിന്തുണയും സൗകര്യങ്ങളും പലപ്പോഴും അവർ ഒരു നേട്ടം സ്വന്തമാക്കിയ ശേഷമാണ് ലഭിക്കുന്നത്. ഈ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” സൈന പറഞ്ഞു.
Thiruvananthapuram,Kerala














