Last Updated:
വിജയത്തിന് പിന്നാലെ പ്രതികരിച്ച അസ്മിത തന്റെ മെഡൽ പിന്തുണച്ച എല്ലാവർക്കും സമർപ്പിച്ചു
കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യയ്ക്കായി സ്വർണനേട്ടം സ്വന്തമാക്കി വനിതാ ജുഡോ താരം അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹൈഡി ക്വാച്ചിനെ 2-1 ന് പരാജയപ്പെടുത്തിയാണ് അസ്മിത തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചത്.
വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച അസ്മിത മെഡൽ നേട്ടം
തന്നെ പിന്തുണച്ച എല്ലാവർക്കും സമർപ്പിച്ചു. ഉത്തർപ്രദേശ് പൊലീസിൽ ജോലി നൽകി കുടുംബത്തിന് തണലായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രത്യേകം നന്ദി പറയുന്നതായും താരം കൂട്ടിച്ചേർത്തു. തൃപ്പുര സ്വദേശിയായ അസ്മിത നിലവിൽ വാരണാസിയിലാണ് താമസിക്കുന്നത്.
“ഇന്ന് 48 കിലോഗ്രാം വിഭാഗത്തിൽ ഞാൻ തന്നെയാണ് മികച്ചവളെന്നും, രാജ്യത്തിനും എന്റെ പരിശീലകനും മാതാപിതാക്കൾക്കും വേണ്ടിയും സ്വർണം നേടണമെന്ന ഉറച്ച ചിന്തയിലായിരുന്നു ഞാൻ. യു.പി പൊലീസിൽ ജോലി നൽകി എന്റെ കുടുംബത്തെ സഹായിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറയുന്നു. ആ പിന്തുണ കൊണ്ടാണ് എനിക്ക് ഇവിടെ വരെ എത്താനും സ്വർണം നേടാനും സാധിച്ചത്.” അസ്മിത ഡേ പറഞ്ഞു.
മത്സരത്തിന് മുന്നോടിയായി റാൻഡം ഭാരപരിശോധനയിൽ പരാജയപ്പെടാതിരിക്കാൻ രാവിലെ ഭക്ഷണം പോലുമില്ലാതെയാണ് അസ്മിത ഇറങ്ങിയത്. ഭാരം കൃത്യമാക്കിയ ശേഷം മാത്രമാണ് ഭക്ഷണം കഴിച്ചതെന്നും താരം വ്യക്തമാക്കി.
ഫൈനലിൽ കാനഡയുടെ താരത്തിനെതിരെ മികച്ച പ്രതിരോധവും തന്ത്രപരമായ നീക്കങ്ങളുമാണ് അസ്മിത പുറത്തെടുത്തത്. ഗ്ലാസ്ഗോയിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ജുഡോയിലെ വിജയം.
New Delhi,New Delhi,Delhi
Aug 02, 2026 12:22 PM IST














