പ്രസവാനന്തരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ നിയമങ്ങളുമായി ഐസിസി | | ACTPnews

News18


Last Updated:

തങ്ങളുടെ കായിക കരിയർ നിലനിർത്തിക്കൊണ്ടുതന്നെ കുടുംബജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതാ താരങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നടപടി

News18
News18

വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ‘പ്രസവാനന്തര മടങ്ങിവരവ് മാർഗ്ഗരേഖ’ (Return to Play Post-Pregnancy Guidelines) അവതരിപ്പിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ഒരുങ്ങുന്നു. ഗർഭധാരണം, പ്രസവം, അതിനുശേഷമുള്ള കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് എന്നിവയിലുടനീളം കളിക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനായി അംഗീകൃത ക്രിക്കറ്റ് ബോർഡുകൾക്ക് പിന്തുടരാവുന്ന വ്യക്തമായൊരു ചട്ടക്കൂടാണ് ഇതിലൂടെ ഐസിസി ലക്ഷ്യമിടുന്നത്.

നിലവിൽ വനിതാ ക്രിക്കറ്റ് കൂടുതൽ പ്രൊഫഷണലായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കായിക കരിയർ നിലനിർത്തിക്കൊണ്ടുതന്നെ കുടുംബജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതാ താരങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നടപടിയെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്യുന്നു.

ആരാണ് മാർഗ്ഗരേഖ തയ്യാറാക്കിയത്?

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഡോക്ടറായ ഡോ. ഫിലിപ്പ ഇങ്ങിന്റെ നേതൃത്വത്തിലുള്ള ഐസിസി മെഡിക്കൽ അഡ്വൈസറി കമ്മിറ്റിയാണ് ഈ മാർഗ്ഗരേഖകൾ തയ്യാറാക്കിയത്. കളിക്കാരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും പ്രഥമ പരിഗണന നൽകിക്കൊണ്ട്, അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി ഈ മാർഗ്ഗരേഖകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുവാദമുണ്ടായിരിക്കും.

കളിക്കാർക്കുള്ള പിന്തുണ

ഗർഭിണികളായ താരങ്ങളെ പിന്തുണയ്ക്കുന്നതിനായി ക്രിക്കറ്റ് ബോർഡുകൾ ചില പ്രധാന കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ഈ മാർഗ്ഗരേഖ ശുപാർശ ചെയ്യുന്നു. ഓരോ ഗർഭിണിയായ കളിക്കാരിക്കുമായി ഒരു പ്രത്യേക ‘കേസ് മാനേജരെ’ നിയമിക്കുക, അവരുടെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ പരിശീലന സമയങ്ങളിൽ ഇളവുകൾ നൽകുക, കുട്ടികളുടെ പരിചരണത്തിനും യാത്രകൾക്കുമുള്ള പിന്തുണ ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഗർഭകാലത്തും പ്രസവാനന്തരവും അവർക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങളും മാനസികാരോഗ്യ സേവനങ്ങളും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

കേസ് മാനേജരുടെ ചുമതലകൾ

സാധാരണയായി ഒരു ഡോക്ടറോ ഫിസിയോതെറാപ്പിസ്റ്റോ ആയിരിക്കും കേസ് മാനേജരായി ചുമതലയേൽക്കുക. കളിക്കാരിക്ക് ബോർഡുമായി ബന്ധപ്പെടാനുള്ള പ്രധാന വ്യക്തി ഇദ്ദേഹമായിരിക്കും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് തീരുമാനങ്ങൾ എടുക്കുക, ആവശ്യമായ പിന്തുണ ഉറപ്പാക്കുക, കൃത്യമായ ഇടവേളകളിൽ അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുക എന്നിവയെല്ലാം ഈ കേസ് മാനേജരുടെ ഉത്തരവാദിത്തമായിരിക്കും.

കൃത്യമായ ഇടവേളകളിലുള്ള വിലയിരുത്തലുകൾ

താരങ്ങളുടെ കരിയർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഘട്ടങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരണമെന്ന് ഐസിസി നിർദ്ദേശിക്കുന്നു. താരം തന്റെ ഗർഭാവസ്ഥ ഔദ്യോഗികമായി അറിയിക്കുമ്പോഴും, പ്രസവത്തിന് തൊട്ടുമുമ്പുള്ള അവസാന മാസങ്ങളിലും, പ്രസവം കഴിഞ്ഞ് ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിലും ഇതിനായി പ്രത്യേക പരിശോധനകൾ നടത്തണം. പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിവരാൻ ആരംഭിക്കുന്ന ഘട്ടത്തിൽ ഒരോ നാല് ആഴ്ച കൂടുമ്പോഴും കൃത്യമായ വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട്.

വിദഗ്ദ്ധരുടെ പിന്തുണ

ഗർഭകാലത്തും അതിനുശേഷവും കളിക്കാർക്ക് ചുറ്റും ശക്തമായൊരു വിദഗ്ദ്ധ സമിതിയുടെ പിന്തുണ ഉണ്ടായിരിക്കണമെന്ന് മാർഗ്ഗരേഖ ശുപാർശ ചെയ്യുന്നു. ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഫിറ്റ്നസ് ട്രെയിനർമാർ, സൈക്കോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, കോച്ചുമാർ എന്നിവർക്കൊപ്പം കുടുംബത്തിന്റെ പിന്തുണയും ഇതിൽ പ്രധാനമാണ്. കടുത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം താരത്തിന്റെ താല്പര്യങ്ങൾക്കും ശാരീരികാവസ്ഥയ്ക്കും അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ബോർഡുകൾ തയ്യാറാകണം.

സ്വകാര്യതയും പരിശീലനവും

താൻ ഗർഭിണിയാണെന്ന വിവരം എപ്പോൾ പങ്കുവെക്കണം എന്നത് പൂർണ്ണമായും ക്രിക്കറ്ററുടെ വ്യക്തിപരമായ തീരുമാനമായിരിക്കുമെന്ന് മാർഗ്ഗരേഖ വ്യക്തമാക്കുന്നു. ഇതിനായി ക്രിക്കറ്റ് ബോർഡുകൾ കളിക്കാരെ നിർബന്ധിത ഗർഭധാരണ പരിശോധനകൾക്ക് വിധേയമാക്കാൻ പാടില്ല. ഗർഭകാലത്ത് സജീവമായിരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പരിശീലനത്തിലും മത്സരങ്ങളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മെഡിക്കൽ വിദഗ്ദ്ധരുമായി ആലോചിച്ച് കളിക്കാർക്ക് വ്യക്തിപരമായി എടുക്കാവുന്നതാണ്.

ഗർഭധാരണത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങൾക്ക് ശേഷം (ഫസ്റ്റ് ട്രൈമസ്റ്റർ) താരങ്ങൾ മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്ന് ഡോക്യുമെന്റിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇതിൽ കർശനമായ നിയമങ്ങളൊന്നുമില്ല. കളിക്കളത്തിൽ തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ മെഡിക്കൽ സംഘവുമായും ഡോക്ടർമാരുമായും ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം പ്ളെയർക്കായിരിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Sports/

പ്രസവാനന്തരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ നിയമങ്ങളുമായി ഐസിസി



Source link

Leave a Reply

Your email address will not be published. Required fields are marked *