Last Updated:
അർജന്റീനയെയും മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നും ഈജിപ്തിനോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് 3-2 ന് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ മാച്ച് ഒഫീഷ്യലുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നും ഈജിപ്തിനോട് കാണിച്ചത് കടുത്ത അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
അറ്റ്ലാന്റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ഈജിപ്ത് ചരിത്രവിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരിലൂടെ അർജന്റീന മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. എന്നാൽ മത്സരഫലം നിർണ്ണയിച്ചത് കളിക്കളത്തിലെ മികവല്ല മറിച്ച് റഫറിയുടെ വിവാദ തീരുമാനങ്ങളാണെന്ന് ഹൊസാം ഹസ്സൻ തുറന്നടിച്ചു.
“ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെയും പുറത്തെയും ചില ഘടകങ്ങൾ മത്സരഫലത്തെ സ്വാധീനിച്ചു,” ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. “ഒരുപക്ഷേ ലോക ചാമ്പ്യന്മാരെ ടൂർണമെന്റിൽ നിലനിർത്താൻ അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. മെസ്സി ഇനിയും കളിക്കണമെന്ന് അവർ കരുതിക്കാണും. ആഗോളതലത്തിൽ എല്ലാവിധ പിന്തുണയും അവർക്ക് ലഭിച്ചു. ഈജിപ്തിനോട് കാണിച്ചത് കടുത്ത ചതിയാണ്.”
മത്സര നിയന്ത്രണത്തിനായി ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയറെ നിയമിച്ചതിനെതിരെ മത്സരത്തിന് മുൻപ് തന്നെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഫിഫയെ എതിർപ്പ് അറിയിച്ചിരുന്നതായും ഹസ്സൻ വെളിപ്പെടുത്തി. 2022 ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് ഫ്രാൻസ് പരാജയപ്പെട്ട പശ്ചാത്തലത്തിൽ റഫറിക്ക് എന്തൊക്കെയോ ഒളിക്കാനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങൾ താൻ ഇനി കാണില്ലെന്നും പ്രതിഷേധ സൂചകമായി ഹസ്സൻ പ്രഖ്യാപിച്ചു.
മത്സരത്തിൽ ഈജിപ്ത് 1-0 ന് മുന്നിട്ടുനിൽക്കുമ്പോൾ മൊസ്തഫ സിക്കോ നേടിയ രണ്ടാം ഗോൾ വാർ പരിശോധനയിലൂടെ റഫറി റദ്ദാക്കിയിരുന്നു. ആക്രമണത്തിന്റെ തുടക്കത്തിൽ ലിസാൻഡ്രോ മാർട്ടീനെസിനെ ഫൗൾ ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. പിന്നീട് സിക്കോ മറ്റൊരു ഗോളിലൂടെ ലീഡ് 2-0 ആക്കിയെങ്കിലും അർജന്റീന ശക്തമായി തിരിച്ചുവന്നു. ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുൻപ് അർജന്റീനയുടെ അലക്സിസ് മാക് അലിസ്റ്റർ ഈജിപ്ത് താരം ഹംദി ഫത്തിയെ ബോക്സിനുള്ളിൽ കുപ്പായത്തിൽ പിടിച്ചുവലിച്ചതിന് പെനാൽറ്റി നൽകിയില്ലെന്നും ഈജിപ്ത് ആരോപിക്കുന്നു.
ഈജിപ്തിന്റെ രണ്ടാം ഗോൾ നേടിയ മൊസ്തഫ സിക്കോയും റഫറിയിങ്ങിനെതിരെ രംഗത്തെത്തി. 2-0 ന് മുന്നിലായതിന് പിന്നാലെ എല്ലാം തങ്ങൾക്ക് എതിരായാണ് പ്രവർത്തിച്ചതെന്നും രാജ്യം മുഴുവൻ ചെയ്ത അധ്വാനമാണ് റഫറി നശിപ്പിച്ചതെന്നും സിക്കോ ആരോപിച്ചു.
റഫറിയിങ്ങിന് പുറമെ മത്സരക്രമത്തിനെതിരെയും ഹൊസാം ഹസ്സൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രീക്വാർട്ടർ കഴിഞ്ഞ് വെറും നാല് ദിവസത്തെ ഇടവേളയിൽ ഉച്ചയ്ക്ക് 12 മണിക്ക് മത്സരം നിശ്ചയിച്ചവർക്ക് ഫുട്ബോളിനെക്കുറിച്ച് അറിവില്ലെന്ന് അദ്ദേഹം വിമർശിച്ചു. എങ്കിലും ഭൂരിഭാഗം കളിക്കാരും ആഭ്യന്തര ലീഗിൽ നിന്നുള്ളവരായിട്ടും മുഹമ്മദ് സലാ, ഒമർ മർമൂഷ് എന്നിവരുടെ പരിചയസമ്പത്തിൽ ലോകത്തെ ഏത് വമ്പന്മാരോടും പോരാടാൻ തന്റെ ടീമിന് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് ഹസ്സൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
New Delhi,New Delhi,Delhi
‘മെസ്സിക്ക് വേണ്ടിയുള്ള ചതി’; അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ ഈജിപ്ത് കോച്ച്













