Last Updated:
ശ്രേയസ് അയ്യർ നയിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിലും വൈഭവ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും.
2026-ലെ ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ആദ്യമായി ഇന്ത്യൻ ടീമിന്റെ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ് കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവശി. ശ്രേയസ് അയ്യർ നയിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിലും വൈഭവ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും.
തന്റെ 15-ാം വയസ്സിൽ കളത്തിലിറങ്ങിയാൽ ഇന്ത്യൻ പുരുഷ ടീമിനെ പ്രതിനിധീകരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറും. അരങ്ങേറ്റത്തിന് അവസരം ലഭിച്ചാൽ, 1989-ൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാകും സൂര്യവംശി മറികടക്കുക.
ശ്രീലങ്കയിൽ കളിക്കുന്ന ഇന്ത്യ ‘എ’ ടീമിന്റെ ഭാഗമാണ് വൈഭവ് സൂര്യവംശി. ‘എ’ ടീമിന്റെ ഭാഗമായ വൈഭവിനെ എപ്പോൾ ഇന്ത്യൻ ടി20 ടീമിലേക്ക് കൊണ്ടുവരണമെന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റിന് ആലോചിച്ചിരുന്നുവെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പറഞ്ഞു.അവസാന നിമിഷമെടുത്ത ഒരു തീരുമാനത്തിലൂടെയാണ് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് സൂര്യവംശിയെ ഉൾപ്പെടുത്തിയത്.
ജൂൺ 9 മുതൽ 21 വരെ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ ‘എ’ ടീമിൽ ഈ വൈഭവ് നിലവിൽ അംഗമാണ്. എന്നാൽ ജൂൺ 26-ന് അയർലൻഡ് പരമ്പര ആരംഭിക്കുന്നതിനാൽ, യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോകുന്ന പ്രധാന ടീമിനൊപ്പം ചേരുന്നതിനായി സൂര്യവംശിയെ ഇന്ത്യ ‘എ’ ടീമിൽ നിന്ന് നേരത്തെ വിട്ടയച്ചേക്കുമെന്നാണ് സൈകിയ പറഞ്ഞത്..
പ്രഖ്യാപനം വന്ന രീതി അനുസരിച്ച്, വൈഭവ് ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ ‘എ’ ടീമിന്റെയും ഒപ്പം ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളുടെയും ഭാഗമാണെന്ന വസ്തുത തങ്ങൾക്ക് പരിഗണിക്കേണ്ടതുണ്ടെന്ന് വാർത്താസമ്മേളനത്തിൽ സൈകിയ വ്യക്തമാക്കിയിരുന്നു. വൈഭവിന്റെ തിരഞ്ഞെടുപ്പ് അന്തിമമായത് ടീം പ്രഖ്യാപനത്തിന്റെ ഏതാണ്ട് ഒരു മണിക്കൂർ മുൻപ് മാത്രമാണെന്നും, അതിനാൽ അവന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് ആലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈഭവിനെ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അയക്കുന്നതിനായിരിക്കും മുൻഗണനയെന്നും സൈകിയ വ്യക്തമാക്കി.
തന്റെ ചുരുങ്ങിയ പ്രൊഫഷണൽ കരിയറിൽ ഒരൊറ്റ പിഴവ് പോലും വരുത്താത്ത സൂര്യവംശിയുടെ പ്രകടനങ്ങൾ കണ്ട് ക്രിക്കറ്റ് ലോകം ഇതിനകം തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഒരു വർഷം മുൻപ് മാത്രമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി താരം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വേട്ടക്കാരൻ എന്ന ശ്രമകരമായ നേട്ടം സ്വന്തമാക്കിയതിന് ശേഷം സൂര്യവംശി കൈവരിച്ച മുന്നേറ്റങ്ങൾ അവന്റെ വളർന്നുവരുന്ന പ്രശസ്തിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
New Delhi,New Delhi,Delhi
ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റിൽ ബിസിസിഐയുടെ മനസ്സ് മാറി; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നതിങ്ങനെ













