വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാത്തതിൽ രോഷവുമായി ഇന്ത്യൻ ആരാധകർ  | | ACTPnews

News18


Last Updated:

2026 ലെ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നാണ് ഇന്ത്യ തീരുമാനിച്ചത്

News18
News18

അയർലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാത്തതിൽ രോഷവുമായി ഇന്ത്യൻ ആരാധകർ.വൈഭവ് സൂര്യവംശിയുടെ ചരിത്രപരമായ അരങ്ങേറ്റം ഉണ്ടായേക്കുമെന്ന വലിയ രീതിയിലുള്ള ചർച്ചകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ, താരത്തിന് ആദ്യ മത്സരം കളിക്കാനുള്ള അവസരം നൽകേണ്ടതില്ലെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ടായിരുന്നിട്ടും, ബ്രോഡ്കാസ്റ്റർമാർ ഈ മത്സരത്തിന്റെ പരസ്യ പോസ്റ്ററുകളിൽ പ്രധാന മുഖമായി നൽകിയത് സൂര്യവംശിയെ ആയിരുന്നു. 15-കാരന്റെ ബാറ്റിംഗ് നേരിട്ട് കാണാൻ വേണ്ടി മാത്രമാണ് അയർലൻഡിലെ വലിയൊരു വിഭാഗം ആരാധകർ ടിക്കറ്റുകൾ വാങ്ങിയതെന്ന് സ്റ്റേഡിയത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ 2026 ലെ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നാണ് ഇന്ത്യ തീരുമാനിച്ചത്. ടോസ് സമയത്ത് ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കിന്റെ അതേ നിലപാട് തന്നെയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും വ്യക്തമാക്കിയത്. സൂര്യവംശി അത്യന്തം അപകടകാരിയായ ഒരു കളിക്കാരനാണെന്നും എന്നാൽ പരിചയസമ്പന്നരായ 11 പേരുടെ സഖ്യം തകർക്കാൻ ടീം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യവംശി പ്ലെയിങ് ഇലവനിൽ ഉണ്ടോ എന്ന ചോദ്യത്തിന്, നിർഭാഗ്യവശാൽ ഇല്ല എന്നായിരുന്നു ശ്രേയസിന്റെ മറുപടി.

അവൻ മികച്ചൊരു കളിക്കാരനാണ്, പക്ഷേ നമ്മുടെ ടീമിൽ വലിയ പരിചയസമ്പന്നരായ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും പരമ്പരകളിലായി അവർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, അതിനാൽ ആ കളിക്കാർക്ക് തന്നെയാണ് ഞങ്ങൾ പിന്തുണ നൽകുന്നത്. സമയം വരുമ്പോൾ അവന് തീർച്ചയായും അവസരം ലഭിക്കുമെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.

സ്ഥിരതയോടെ റൺസ് കണ്ടെത്തുന്ന ഒരു കളിക്കാരനെ പുറത്തിരുത്തിക്കൊണ്ട് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകരുതെന്ന് കോട്ടക് നേരത്തെ തന്നെ പറഞ്ഞിരുന്നു.സൂര്യവംശിക്ക് അവസരം ലഭിക്കണമെങ്കിൽ ഐസിസി ടി20 റാങ്കിംഗിൽ മുൻപന്തിയിലുള്ള സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരിൽ ആരെങ്കിലും ഒരാൾ പുറത്തിരിക്കേണ്ടി വരുമായിരുന്നു.

എന്നാൽ ഈ യുവതാരത്തിന് അർഹിച്ച അവസരം ലഭിക്കാത്തതിൽ സൂര്യവംശിയുടെ ആരാധകരും ക്രിക്കറ്റ് ലോകവും കടുത്ത നിരാശയിലാണ്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 കളിക്കാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യ ടീമിലെടുത്തില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ എക്സിൽ കുറിച്ചു. വൈഭവ് സൂര്യവംശി കളിക്കാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും, അവന്റെ കളി കാണാൻ വേണ്ടി മാത്രമാണ് താൻ മത്സരം കാണാനിരുന്നതെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.

ബിസിസിഐ അവരുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗത്തെയാണ് പുറത്തിരുത്തിയിരിക്കുന്നതെന്നും ഇനി ഈ മത്സരം കാണില്ലെന്നും ആരാധകർ പ്രതികരിച്ചു. ടീമിൽ ഇടം നേടാൻ വൈഭവ് ഇനി എത്ര പ്രകടനങ്ങൾ കൂടി പുറത്തെടുക്കണം, ഇത് ഇന്ത്യൻ ടീമിനെതിരെയല്ല, മറിച്ച് അർഹതപ്പെട്ട പ്രതിഭകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചാണ്, ഫോം അവഗണിക്കുമ്പോൾ ആരാധകർ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. വൈഭവ് ഇല്ലെങ്കിൽ കളി കാണില്ലെന്നും പ്രതിഭകൾക്ക് അവസരങ്ങൾ നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. അയർലൻഡിനെതിരെയുള്ള മത്സരത്തിൽ പോലും അവനെ പ്ലെയിങ് ഇലവന്റെ ഭാഗമാക്കാത്തത് ശരിയായില്ലെന്നും അവന്റെ ബാറ്റിംഗ് കാണാൻ ടിക്കറ്റെടുത്ത പ്രേക്ഷകർ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും ആരാധകർ രോഷം പ്രകടിപ്പിച്ചു.

അയർലൻഡിനെതിരായ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ : അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.



Source link

Leave a Reply

Your email address will not be published. Required fields are marked *