Last Updated:
യൂറോപ്യൻ യൂണിയന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നിലവിലെ പ്രസിഡന്റ് അർക്കാഡി ദ്വോർക്കോവിച്ച് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആനന്ദ് ചുമതലയേറ്റെടുത്തത്.
അഞ്ചുതവണ ലോക ചാമ്പ്യനായ ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ (FIDE) ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. യൂറോപ്യൻ യൂണിയന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നിലവിലെ പ്രസിഡന്റ് അർക്കാഡി ദ്വോർക്കോവിച്ച് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആനന്ദ് ചുമതലയേറ്റെടുത്തത്.
ഉക്രെയ്ൻ യുദ്ധത്തിന് മറുപടിയായി റഷ്യയ്ക്കെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ 21-ാം ഉപരോധ പാക്കേജ് യൂറോപ്യൻ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 48 വ്യക്തികളും 170 സ്ഥാപനങ്ങളും ഉൾപ്പെടെ 218 പുതിയ കൂട്ടിച്ചേർക്കലുകളാണ് ഈ പട്ടികയിലുള്ളത്. സംഘർഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഉപരോധ പാക്കേജാണിത്. ഉപരോധം നേരിടുന്നവരുടെ സ്വത്തുക്കൾ മരവിപ്പിക്കൽ, സാമ്പത്തിക ഇടപാടുകൾക്കുള്ള വിലക്ക്, യാത്രാ നിരോധനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ നടപടിയോട് പ്രതികരിച്ച ദ്വോർക്കോവിച്ച് തീരുമാനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിയമവിരുദ്ധവും അനീതിയുമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും നീതി പുലരുമെന്ന് ഉറപ്പുണ്ടെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
യൂറോപ്യൻ യൂണിയന്റെയും സ്വിറ്റ്സർലൻഡിന്റെയും ഉപരോധ നടപടികൾക്ക് വിധേയനായ സാഹചര്യത്തിൽ, ഫിഡെ ഭരണഘടന അനുസരിച്ച് ഡെപ്യൂട്ടി പ്രസിഡന്റായ വിശ്വനാഥൻ ആനന്ദ് ഇടക്കാല പ്രസിഡന്റിന്റെ ചുമതലകൾ ഏറ്റെടുക്കുമെന്ന് സംഘടന സ്ഥിരീകരിച്ചു.
ഉപരോധം നേരിടുമ്പോൾ പദവിയിൽ തുടരുന്നത് ഫെഡറേഷന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് താൻ താൽക്കാലികമായി മാറിനിൽക്കുന്നതെന്ന് ദ്വോർക്കോവിച്ച് വ്യക്തമാക്കി. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ഫിഡെയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതിരിക്കാനാണ് അധികാരങ്ങൾ സ്വയം ഒഴിയുന്നതെന്നും, ഭരണഘടന പ്രകാരം 15-ാമത് ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ചുമതലകൾ നിർവ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വോർക്കോവിച്ചിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ സ്വമേധയാ ഉള്ള മാറിനിൽക്കലിന് ഫിഡെ കൗൺസിൽ ഔദ്യോഗികമായി അംഗീകാരം നൽകി. ഉപരോധം നിലനിൽക്കുന്നിടത്തോളം ഫിഡെയുടെ സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ അർക്കാഡി ദ്വോർക്കോവിച്ചിന് യാതൊരു അവകാശവും അധികാരവും ഉണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഭരണസമിതി വ്യക്തമാക്കി.
2018 മുതൽ ഫിഡെയെ നയിക്കുന്ന ദ്വോർക്കോവിച്ച്, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജനറൽ അസംബ്ലിയിൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് ഈ സംഭവം. അതേസമയം, 2022 മുതൽ ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആനന്ദ്, സെപ്റ്റംബറിൽ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന 46-ാമത് ചെസ്സ് ഒളിമ്പ്യാഡിനോടനുബന്ധിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കസാക്കിസ്ഥാൻ ചെസ്സ് ഫെഡറേഷൻ പ്രസിഡന്റ് തിമൂർ തുർലോവാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു സ്ഥാനാർത്ഥി.
New Delhi,New Delhi,Delhi














