അർജന്റീനക്ക് നാണക്കേടിന്റെ റെക്കോർഡ്; ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനാകാതെപോയ ആദ്യ ടീം | | ACTPnews

(Picture Credit: AP)


Last Updated:

ഫിഫ ലോകകപ്പ് ഫൈനലിന്റെ നിശ്ചിത 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ കഴിയാതെ പോകുന്ന ആദ്യ ടീമെന്ന മോശം റെക്കോർഡ് ഇനി അർജന്റീനയ്ക്ക് സ്വന്തം

(Picture Credit: AP)
(Picture Credit: AP)

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീന സ്പെയിനിനോട് 0-1 ന് പരാജയപ്പെട്ടിരുന്നു. ഈ കിരീടപ്പോരാട്ടത്തിൽ, നിശ്ചിത 90 മിനിറ്റിൽ സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ലയണൽ മെസ്സിക്കും സംഘത്തിനും സാധിച്ചില്ല. ഇതോടെ അത്ര അഭിമാനകരമല്ലാത്ത ഒരു ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിധി.

സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണെ ഒരു തവണ പോലും പരീക്ഷിക്കാൻ കഴിയാതെ പോയതോടെ അർജന്റീന ആരും ആഗ്രഹിക്കാത്ത ഒരു റെക്കോർഡ് പട്ടികയിലാണ് ഇടംപിടിച്ചത്. പ്രശസ്ത സ്പോർട്സ് സ്റ്റാറ്റിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ ‘ഒപ്റ്റ’യുടെ കണക്കുകൾ പ്രകാരം, ഫിഫ ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ആദ്യ ടീമായി അർജന്റീന മാറി.

ഇതും വായിക്കുക: FIFA World Cup 2026: 106ാം മിനിറ്റിലെ ഗോൾ; 16 വർഷത്തിനുശേഷം സ്പെയിൻ ലോകചാമ്പ്യന്മാർ

ടൂർണമെന്റിലുടനീളം ഏറ്റവും മികച്ച പ്രതിരോധ നിരകളിലൊന്നായി മാറിയ സ്പെയിന്റെ അച്ചടക്കമുള്ള ഡിഫൻസിനെതിരെ കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാർ പാടുപെട്ടു. റോഡ്രിയുടെ നേതൃത്വത്തിലിറങ്ങിയ സ്പാനിഷ് പട പന്തടക്കത്തിലും മധ്യനിരയിലെ പോരാട്ടത്തിലും ആധിപത്യം പുലർത്തിയാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്.

സ്പെയിനിന് 1-0 ജയം

ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നിന്നുള്ള ലയണൽ മെസ്സിയുടെ വിജയകരമായ പടിയിറക്കമെന്ന മോഹങ്ങളെ തകർത്തുകൊണ്ട് എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ നാടകീയ ഗോളിലാണ് സ്പെയിൻ വിജയം ഉറപ്പിച്ചത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സ്പെയിനിന്റെ പോരാട്ടത്തിന് ആക്കം കൂട്ടി 106-ാം മിനിറ്റിലാണ് ബാഴ്‌സലോണ സ്ട്രൈക്കറായ ടോറസ് അർജന്റീനിയൻ വല കുലുക്കിയത്. മറുഭാഗത്ത് 120 മിനിറ്റ് നീണ്ട കളിയിലുടനീളം ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ കഴിയാതെ അർജന്റീന നിഷ്പ്രഭരായി.

അർജന്റീന ക്യാപ്റ്റൻ മെസ്സിക്ക് തന്റെ കരിയർ രണ്ടാമതൊരു ലോകകപ്പ് കിരീടത്തോടെ പൂർത്തിയാക്കാൻ കഴിയുമോ എന്നറിയാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 80,663 കാണികൾ നിറഞ്ഞ ഈസ്റ്റ് റഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷിയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സ്പാനിഷ് ഡിഫെൻഡർ പോ ക്യൂബാർസിക്കെതിരെ നടത്തിയ ക്രൂരമായ ഫൗളിനെ തുടർന്ന് അർജന്റീന മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ലാറ്റിനമേരിക്കൻ നിരയുടെ പതനം പൂർത്തിയായത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

അർജന്റീനക്ക് നാണക്കേടിന്റെ റെക്കോർഡ്; ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനാകാതെപോയ ആദ്യ ടീം



Source link

Leave a Reply

Your email address will not be published. Required fields are marked *