മോണ്ടെറിയിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും ഏഴ് മിനിറ്റിനുള്ളിൽ, ടുണീഷ്യയുടെ ഗോൾവലയുടെ മുകളിലെ കോണിലേക്ക് ലക്ഷ്യംവച്ച വോളിയിലൂടെ അദ്ദേഹം ഗോൾ നേടി. വടക്കേ ആഫ്രിക്കൻ എതിരാളികൾക്കെതിരെ സ്കാൻഡിനേവിയൻ ടീമിനായി മിന്നുംപ്രകടനം കാഴ്ചവച്ചു അയാരി.
എന്നാൽ ഈ യുവ മിഡ്ഫീൽഡർ, ഒരു ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശത്തിൽ മാത്രം മുഴുകി നിൽക്കാതെ, ഇരുകൈകളും ഉയർത്തി, മണ്ണിലേക്ക് വീണ് സുജൂദ് ചെയ്ത് (മുസ്ലിം പ്രാർത്ഥനാ നമസ്കാരം) തന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞ ആഴമുള്ള ടുണീഷ്യൻ ബന്ധങ്ങളായിരുന്നു അതിന്റെ കാരണം. നാല് വർഷം മുൻപുവരെ, അദ്ദേഹം ഈ മത്സരത്തിൽ എതിർഭാഗത്ത് നിൽക്കുന്ന ടീമിനായി ഒരുപക്ഷേ കളത്തിലിറങ്ങുമായിരുന്നു.
വടക്കേ ആഫ്രിക്കൻ വംശപരമ്പരയിലെ അയാരിയുടെ പിതാവ് ടുണീഷ്യനും മാതാവ് മൊറോക്കനുമാണ്. എന്നാൽ അദ്ദേഹം ജനിച്ചത് സ്വീഡനിലും. 18 വയസ്സുള്ളപ്പോൾ തന്നെ, പ്രതിഭാധനനായ ഈ ഫുട്ബോൾ താരം മാതാപിതാക്കളുടെ വേരുകളേക്കാൾ തന്റെ ജന്മദേശമായ സ്വീഡനെ പ്രതിനിധീകരിക്കാനാണ് തീരുമാനിച്ചത്. മകന്റെ തീരുമാനത്തിന് പിതാവ് പൂർണ പിന്തുണ നൽകി.
“അവൻ സ്വീഡനു വേണ്ടി കളിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്,” എന്നാണ് അസൗസ് അയാരി സ്വീഡിഷ് പത്രമായ അഫ്ടൺബ്ലാഡെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. “അവനെ വളർത്തി പരിപാലിച്ച രാജ്യത്തിന് തിരിച്ചുനൽകുന്ന രീതിയിൽ അവൻ അത് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം.”
സ്കാൻഡിനേവിയൻ രാജ്യത്തേക്ക് കുടിയേറിയ അസൗസ്, തന്റെ മകന് ടുണീഷ്യൻ ദേശീയ ടീമിൽ അവസരം ലഭിക്കാമായിരുന്നുവെന്നും പറഞ്ഞു. എന്നാൽ അച്ഛനും മകനും ആ സാധ്യതയെ ഒരിക്കലും ഒരു യഥാർത്ഥ തിരഞ്ഞെടുപ്പായി പരിഗണിച്ചിരുന്നില്ല.
ഏഴാം വയസ്സിൽ സോൾനയിലെ തന്റെ ജന്മനാടായ റസുണ്ടയുടെ യൂത്ത് ടീമിൽ അയാരി ഫുട്ബോൾ കളിക്കാൻ തുടങ്ങി. തുടർന്ന് അദ്ദേഹം സ്കാൻഡിനേവിയയിലെ പ്രമുഖ ക്ലബുകളിലൊന്നായ എ.ഐ.കെ.യിലേക്ക് മാറി. 2020-ൽ അവിടെ സീനിയർ ടീമിനായി അരങ്ങേറ്റവും കുറിച്ചു.
ആക്രമണഭാവമുള്ള മിഡ്ഫീൽഡറായ അയാരിയെ 2023-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൺ & ഹോവ് ആൽബിയൺ സ്വന്തമാക്കി. അതേ വർഷം തന്നെ അദ്ദേഹം സ്വീഡൻ ദേശീയ ടീമിനായും ആദ്യമായി കളത്തിലിറങ്ങി.
ടുണീഷ്യയുടെ ചുവപ്പും വെള്ളയും നിറങ്ങൾക്ക് പകരം സ്വീഡന്റെ മഞ്ഞയും നീലയും ധരിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, കുട്ടിക്കാലം മുതൽ കളിച്ചുവളർന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരുന്നത് തനിക്ക് “സ്വാഭാവികമായ” കാര്യമായിരുന്നുവെന്ന് അയാരി വ്യക്തമാക്കി.
2026 ലോകകപ്പ് ഗ്രൂപ്പ് ഡ്രോ ഡിസംബറിൽ പ്രഖ്യാപിച്ചപ്പോൾ, തന്റെ പിതാവിന്റെ വേരുകളുള്ള രാജ്യത്തിനെതിരെ കളിക്കേണ്ടിവരുന്ന വൈരുധ്യം അയാരിയുടെ ശ്രദ്ധയിൽപെട്ടു.
“ഞങ്ങളെ അവരുടെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയെന്നത് തന്നെ അത്യന്തം അത്ഭുതകരമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ടുണീഷ്യക്കെതിരായ സ്വീഡന്റെ ശക്തമായ വിജയത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവ പ്രതിഭയാണദ്ദേഹം. മത്സരത്തിന്റെ 95-ാം മിനിറ്റിൽ മറ്റൊരു മനോഹരമായ വ്യക്തിഗത ഗോളിലൂടെ അദ്ദേഹം ടീമിന്റെ ആധിപത്യം ഉറപ്പിച്ചു.
ടുണീഷ്യൻ ഗോൾമുഖത്തിന് സമീപം പന്തുമായി, അയാരി വിദൂര കോണിലേക്ക് ശക്തമായ ഷോട്ട് പായിച്ചു. അതോടെ തന്റെ അരങ്ങേറ്റ ലോകകപ്പ് മത്സരത്തിൽ തന്നെ രണ്ടാമത്തെ ഗോൾ അദ്ദേഹം നേടി.
എന്നാൽ ഇത്തവണ അദ്ദേഹം ഗോൾ ആഘോഷിക്കുകയും സ്വീഡിഷ് ആരാധകരുടെ ആവേശഭരിതമായ കരഘോഷത്തിൽ മുഴുകുകയും ചെയ്തു.












