ഏകദിനത്തിൽ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഹെഡ് കോച്ചിന് ഗ്രൗണ്ടിലിറങ്ങാം; നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി  | | ACTPnews

News18


Last Updated:

നിലവിൽ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാർക്ക് മാത്രമാണ് ഡ്രിങ്ക്‌സ് ബ്രേക്കിനിടെ മൈതാനത്തേക്ക് പ്രവേശിക്കാൻ അനുമതി

News18
News18

ഏകദിന ക്രിക്കറ്റിൽ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ടീമുകളുടെ ഹെഡ് കോച്ചിന് (മുഖ്യ പരിശീലകൻ) കളിക്കളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നിയമപരിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി).

നിലവിൽ സബ്സ്റ്റിറ്റ്യൂട്ട് (പകരക്കാരായ) കളിക്കാർക്ക് മാത്രമാണ് ഡ്രിങ്ക്‌സ് ബ്രേക്കിനിടെ മൈതാനത്തേക്ക് പ്രവേശിക്കാൻ അനുമതി. എന്നാൽ പുതിയ ഭേദഗതി നിലവിൽ വരികയാണെങ്കിൽ കോച്ചിനും കളിക്കളത്തിലേക്ക് നേരിട്ടെത്തി കളിക്കാരെ കാണാൻ സാധിക്കും.

അതേസമയം കളിക്കളത്തിലേക്ക് പാനീയങ്ങളുമായി പോകുന്ന ഏതൊരു വ്യക്തിയും കൃത്യമായ ക്രിക്കറ്റ് വസ്ത്രധാരണ രീതി പാലിച്ചിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ, പുതിയ നിയമം വരുമ്പോൾ കോച്ചുമാർ ടീം ജേഴ്സി ധരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

നിലവിൽ തന്നെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ തന്ത്രപരമായ മാറ്റങ്ങൾ വരുത്താനായി കോച്ചുമാർക്ക് ബൗണ്ടറി ലൈനിനടുത്ത് വെച്ച് കളിക്കാരുമായി ആശയവിനിമയം നടത്താൻ അനുവാദമുണ്ട്. പ്രധാനമായും ഏകദിന മത്സരങ്ങളെ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്. ഒരു ഇന്നിങ്സിൽ 70 മിനിറ്റ് ഇടവേളകളിൽ വരുന്ന രണ്ട് ഡ്രിങ്ക്‌സ് ബ്രേക്കുകളിലും കളിക്കാരെ നേരിട്ട് കണ്ട് സംസാരിക്കാൻ കോച്ചിന് ഇതിലൂടെ അവസരം ലഭിക്കും.

ഇതിനുപുറമേ ട്വന്റി-20 (T20I) മത്സരങ്ങളിലെ ഇന്നിങ്സ് ഇടവേളകളുടെ സമയം 15 മിനിറ്റായി കുറയ്ക്കാനും ഐസിസിക്ക് പദ്ധതിയുണ്ട്. ഒപ്പം മത്സരത്തിനിടെ കളിക്കാരുടെ ബോളിങ് ആക്ഷൻ നിയമവിധേയമാണോ എന്ന് അംപയർമാർക്ക് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനായി ‘ഹോക്ക്-ഐ’ (Hawkeye) സാങ്കേതികവിദ്യ അവതരിപ്പിക്കാനും ഐസിസി ആലോചിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ഏകദിനത്തിൽ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഹെഡ് കോച്ചിന് ഗ്രൗണ്ടിലിറങ്ങാം; നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി 



Source link

Leave a Reply

Your email address will not be published. Required fields are marked *