Last Updated:
തോൽവിയോടെ, ഈ വർഷം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യത നേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്താമെന്ന വിനേഷിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്
2018-ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ വിനേഷ് ഫോഗട്ടിന് മറ്റൊരു ഏഷ്യൻ ഗെയിംസിൽ കൂടി രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം നഷ്ടമായി.ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന യോഗ്യതാ ട്രയൽസിന്റെ 53 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ഹരിയാനയുടെ മീനാക്ഷി ഗോയറ്റിനോട് 4-6 എന്ന സ്കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. ഈ തോൽവിയോടെ, ഈ വർഷം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യത നേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്താമെന്ന വിനേഷിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഹരിയാനയുടെ നിഷുവിനെതിരെയുള്ള കടുത്ത പോരാട്ടത്തിൽ തന്റെ വർഷങ്ങളുടെ പരിചയസമ്പത്ത് പൂർണ്ണമായി പുറത്തെടുത്താണ് വിനേഷ് സെമിഫൈനലിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ ജ്യോതിയെ 7-1 ന് എളുപ്പത്തിൽ പരാജയപ്പെടുത്തിയ വിനേഷിന് നിഷുവിനെതിരെ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്.
സുപ്രീം കോടതിവരെ പോയാണ് വിനേഷ് ഏഷ്യൻ ഗെയിംസ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി നേടിയെടുത്തത്.മത്സരത്തിന് മുന്നോടിയായി ഭാരപരിധിയെച്ചൊല്ലി ഫെഡറേഷനുമായി തർക്കമുണ്ടായെങ്കിലും കോടതി ഇടപെടലിലൂടെയാണ് വിനേഷിന് പങ്കെടുക്കാൻ സാധിച്ചത്. ടൂർണമെന്റിലുടനീളം പരിശീലകരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളും സാങ്കേതിക തടസ്സങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും (പാരീസ് ഒളിമ്പിക്‌സ് ഉൾപ്പെടെ) 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചതിനാൽ, വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആദ്യം അറിയിച്ചിരുന്നു. എന്നാൽ, ഇത് വിവേചനമാണെന്ന് വിനേഷ് ആരോപിച്ചു. ഒടുവിൽ 53.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിങ് അനുവദിക്കുകയായിരുന്നു. വിനേഷിനെ ഒരു ഐക്കൺ പ്ലെയറായി പരിഗണിക്കാനും ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കാനും ഡൽഹി ഹൈക്കോടതി ഡബ്ല്യുഎഫ്‌ഐയോട് നിർദേശിച്ചിരുന്നു.
New Delhi,New Delhi,Delhi













